Site uses cookies to provide basic functionality.

OK
I SAMUEL
Prev Up Next Toggle notes
Chapter 22
I Sa Mal1910 22:1  അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.
I Sa Mal1910 22:2  ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവൎക്കു തലവനായിത്തീൎന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.
I Sa Mal1910 22:3  അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ് രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാൎപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.
I Sa Mal1910 22:4  അവൻ അവരെ മോവാബ് രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുൎഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാൎത്തു.
I Sa Mal1910 22:5  എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോടു: ദുൎഗ്ഗത്തിൽ പാൎക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടിൽ വന്നു.
I Sa Mal1910 22:6  ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌൽ കേട്ടു; അന്നു ശൌൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
I Sa Mal1910 22:7  ശൌൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
I Sa Mal1910 22:8  നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.
I Sa Mal1910 22:9  അപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നതു ഞാൻ കണ്ടു.
I Sa Mal1910 22:10  അവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 22:11  ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക്പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.
I Sa Mal1910 22:12  അപ്പോൾ ശൌൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്നു അവൻ ഉത്തരം പറഞ്ഞു.
I Sa Mal1910 22:13  ശൌൽ അവനോടു: യിശ്ശായിയുടെ മകൻ ഇന്നു എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.
I Sa Mal1910 22:14  അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
I Sa Mal1910 22:15  അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 22:16  അപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.
I Sa Mal1910 22:17  പിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേൎന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
I Sa Mal1910 22:18  അപ്പോൾ രാജാവു ദോവേഗിനോടു: നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.
I Sa Mal1910 22:19  പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
I Sa Mal1910 22:20  എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.
I Sa Mal1910 22:21  ശൌൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.
I Sa Mal1910 22:22  ദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ ശൌലിനോടു അറിയിക്കും എന്നു ഞാൻ അന്നു തന്നേ നിശ്ചയിച്ചു.
I Sa Mal1910 22:23  നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാൻ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കൽ പാൎക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിൎഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.