Site uses cookies to provide basic functionality.

OK
EZEKIEL
Prev Up Next Toggle notes
Chapter 11
Ezek Mal1910 11:1  അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദൎശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു.
Ezek Mal1910 11:2  അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
Ezek Mal1910 11:3  വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.
Ezek Mal1910 11:4  അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
Ezek Mal1910 11:5  അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വീണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാൎയ്യങ്ങളും ഞാൻ അറിയുന്നു.
Ezek Mal1910 11:6  നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വൎദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
Ezek Mal1910 11:7  അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും.
Ezek Mal1910 11:8  നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു.
Ezek Mal1910 11:9  ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
Ezek Mal1910 11:10  നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Ezek Mal1910 11:11  ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും.
Ezek Mal1910 11:12  എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.
Ezek Mal1910 11:13  ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കൎത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.
Ezek Mal1910 11:14  യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Ezek Mal1910 11:15  മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികൾ, നിന്റെ ചാൎച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നതു.
Ezek Mal1910 11:16  അതുകൊണ്ടു നീ പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവൎക്കു കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.
Ezek Mal1910 11:17  ആകയാൽ നീ പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേൎത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.
Ezek Mal1910 11:18  അവർ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.
Ezek Mal1910 11:19  അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവൎക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവൎക്കു കൊടുക്കും.
Ezek Mal1910 11:20  അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.
Ezek Mal1910 11:21  എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവൎക്കു ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 11:22  അനന്തരം കെരൂബുകൾ ചിറകു വിടൎത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
Ezek Mal1910 11:23  യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പൎവ്വതത്തിന്മേൽ നിന്നു.
Ezek Mal1910 11:24  എന്നാൽ ആത്മാവു എന്നെ എടുത്തു, ദൎശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദൎശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
Ezek Mal1910 11:25  ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.