Site uses cookies to provide basic functionality.

OK
EZEKIEL
Prev Up Next Toggle notes
Chapter 32
Ezek Mal1910 32:1  പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Ezek Mal1910 32:2  മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
Ezek Mal1910 32:3  യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും;
Ezek Mal1910 32:4  ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സൎവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
Ezek Mal1910 32:5  ഞാൻ നിന്റെ മാംസത്തെ പൎവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
Ezek Mal1910 32:6  ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീൎച്ചാലുകൾ നിന്നാൽ നിറയും.
Ezek Mal1910 32:7  നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂൎയ്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
Ezek Mal1910 32:8  ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 32:9  നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
Ezek Mal1910 32:10  ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓൎത്തു മാത്രതോറും വിറെക്കും.
Ezek Mal1910 32:11  യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.
Ezek Mal1910 32:12  വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
Ezek Mal1910 32:13  വളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
Ezek Mal1910 32:14  ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 32:15  ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും.
Ezek Mal1910 32:16  അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 32:17  പന്ത്രണ്ടാം ആണ്ടു, ആ മാസം, പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Ezek Mal1910 32:18  മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
Ezek Mal1910 32:19  സൌന്ദൎയ്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചൎമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
Ezek Mal1910 32:20  വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.
Ezek Mal1910 32:21  വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചൎമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
Ezek Mal1910 32:22  അവിടെ അശ്ശൂരും അതിന്റെ സൎവ്വസമൂഹവും ഉണ്ടു; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നേ.
Ezek Mal1910 32:23  അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.
Ezek Mal1910 32:24  അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണു അഗ്രചൎമ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ നീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.
Ezek Mal1910 32:25  നിഹതന്മാരുടെ മദ്ധ്യേ അവർ അതിന്നും അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചൎമ്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
Ezek Mal1910 32:26  അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചൎമ്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു.
Ezek Mal1910 32:27  അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാൎക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചൎമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?
Ezek Mal1910 32:28  നീയോ അഗ്രചൎമ്മികളുടെ കൂട്ടത്തിൽ തകൎന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
Ezek Mal1910 32:29  അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചൎമ്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു.
Ezek Mal1910 32:30  അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകലസീദോന്യരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചൎമ്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
Ezek Mal1910 32:31  അവരെ ഫറവോൻ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 32:32  ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചൎമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.