Site uses cookies to provide basic functionality.

OK
EZEKIEL
Prev Up Next Toggle notes
Chapter 16
Ezek Mal1910 16:1  യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Ezek Mal1910 16:2  മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
Ezek Mal1910 16:3  യഹോവയായ കൎത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോൎയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
Ezek Mal1910 16:4  നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
Ezek Mal1910 16:5  നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവൎക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്തു ഇട്ടുകളഞ്ഞു.
Ezek Mal1910 16:6  എന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
Ezek Mal1910 16:7  വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുകുമാറാക്കി; നീ വളൎന്നു വലിയവളായി അതിസൌന്ദൎയ്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീൎഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
Ezek Mal1910 16:8  ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീൎന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 16:9  പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
Ezek Mal1910 16:10  ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
Ezek Mal1910 16:11  ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
Ezek Mal1910 16:12  ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
Ezek Mal1910 16:13  ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദൎയ്യമുള്ളവളായിത്തീൎന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
Ezek Mal1910 16:14  ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദൎയ്യം പരിപൂൎണ്ണമായതിനാൽ നിന്റെ കീൎത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 16:15  എന്നാൽ നീ നിന്റെ സൌന്ദൎയ്യത്തിൽ ആശ്രയിച്ചു, നിന്റെ കീൎത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
Ezek Mal1910 16:16  നിന്റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീൎത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
Ezek Mal1910 16:17  ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
Ezek Mal1910 16:18  നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വെച്ചു.
Ezek Mal1910 16:19  ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൌരഭ്യവാസനയായി നിവേദിച്ചു; കാൎയ്യം ഇങ്ങനെയായി എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 16:20  നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അൎപ്പിച്ചു.
Ezek Mal1910 16:21  നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?
Ezek Mal1910 16:22  എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൌവനകാലം ഓൎത്തില്ല.
Ezek Mal1910 16:23  നിന്റെ ദുഷ്ടതയൊക്കെയും പ്രവൎത്തിച്ചശേഷമോ - നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു -
Ezek Mal1910 16:24  നീ ഒരു കമാനം പണിതു, സകലവീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
Ezek Mal1910 16:25  എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദൎയ്യത്തെ വഷളാക്കി, വഴിപോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വൎദ്ധിപ്പിച്ചു.
Ezek Mal1910 16:26  മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വൎദ്ധിപ്പിച്ചു.
Ezek Mal1910 16:27  അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുൎമ്മാൎഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
Ezek Mal1910 16:28  മതിവാരാത്തവളാകയാൽ നീ അശ്ശൂൎയ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
Ezek Mal1910 16:29  നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വൎദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
Ezek Mal1910 16:30  നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സകലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,
Ezek Mal1910 16:31  നിന്റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
Ezek Mal1910 16:32  ഭൎത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
Ezek Mal1910 16:33  സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാൎക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവൎക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
Ezek Mal1910 16:34  നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
Ezek Mal1910 16:35  ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
Ezek Mal1910 16:36  യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ലേച്ഛവിഗ്രഹങ്ങളുംനിമിത്തവും നീ അവെക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
Ezek Mal1910 16:37  നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
Ezek Mal1910 16:38  വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെമേൽ ചൊരിയും.
Ezek Mal1910 16:39  ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
Ezek Mal1910 16:40  അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും.
Ezek Mal1910 16:41  അവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിൎത്തലാക്കും; നീ ഇനി ആൎക്കും കൂലി കൊടുക്കയില്ല.
Ezek Mal1910 16:42  ഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവൎത്തിച്ചിട്ടു എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
Ezek Mal1910 16:43  നീ നിന്റെ യൌവനകാലം ഓൎക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കൎമ്മവും ചെയ്തിട്ടില്ലയോ.
Ezek Mal1910 16:44  പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
Ezek Mal1910 16:45  നീ ഭൎത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭൎത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാൎക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോൎയ്യനും അത്രേ.
Ezek Mal1910 16:46  നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാൎക്കുന്ന ശമൎയ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാൎക്കുന്ന സൊദോം.
Ezek Mal1910 16:47  നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവൎത്തിച്ചു.
Ezek Mal1910 16:48  എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ezek Mal1910 16:49  നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗൎവ്വവും തീൻ പുളെപ്പും നിൎഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാൎക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
Ezek Mal1910 16:50  അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
Ezek Mal1910 16:51  ശമൎയ്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകളെ വൎദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
Ezek Mal1910 16:52  സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ലേച്ഛതയായി പ്രവൎത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊൾക.
Ezek Mal1910 16:53  നീ അവൎക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
Ezek Mal1910 16:54  ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമൎയ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
Ezek Mal1910 16:55  നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂൎവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമൎയ്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂൎവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂൎവ്വാവസ്ഥയിലേക്കു മടങ്ങിവരും.
Ezek Mal1910 16:56  അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
Ezek Mal1910 16:57  നിന്റെ ഗൎവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
Ezek Mal1910 16:58  നിന്റെ ദുഷ്കൎമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Ezek Mal1910 16:59  യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
Ezek Mal1910 16:60  എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓൎത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
Ezek Mal1910 16:61  നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓൎത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
Ezek Mal1910 16:62  നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓൎത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
Ezek Mal1910 16:63  ഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.