Site uses cookies to provide basic functionality.

OK
GENESIS
Prev Up Next Toggle notes
Chapter 4
Gene Mal1910 4:1  അനന്തരം മനുഷ്യൻ തന്റെ ഭാൎയ്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗൎഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
Gene Mal1910 4:2  പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയ്തീൎന്നു.
Gene Mal1910 4:3  കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
Gene Mal1910 4:4  ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
Gene Mal1910 4:5  കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
Gene Mal1910 4:6  എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
Gene Mal1910 4:7  നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
Gene Mal1910 4:8  എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയൎത്തു അവനെ കൊന്നു.
Gene Mal1910 4:9  പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
Gene Mal1910 4:10  അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.
Gene Mal1910 4:11  ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
Gene Mal1910 4:12  നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി മേലാൽ തന്റെ വീൎയ്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
Gene Mal1910 4:13  കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
Gene Mal1910 4:14  ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.
Gene Mal1910 4:15  യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
Gene Mal1910 4:16  അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാൎത്തു.
Gene Mal1910 4:17  കയീൻ തന്റെ ഭാൎയ്യയെ പരിഗ്രഹിച്ചു; അവൾ ഗൎഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
Gene Mal1910 4:18  ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
Gene Mal1910 4:19  ലാമെക്ക് രണ്ടു ഭാൎയ്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
Gene Mal1910 4:20  ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാൎക്കും പിതാവായ്തീൎന്നു.
Gene Mal1910 4:21  അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവൎക്കും പിതാവായ്തീൎന്നു.
Gene Mal1910 4:22  സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീൎക്കുന്നവനായ്തീൎന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
Gene Mal1910 4:23  ലാമെക്ക് തന്റെ ഭാൎയ്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാൎയ്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
Gene Mal1910 4:24  കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
Gene Mal1910 4:25  ആദാം തന്റെ ഭാൎയ്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
Gene Mal1910 4:26  ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.