Site uses cookies to provide basic functionality.

OK
GENESIS
Prev Up Next Toggle notes
Chapter 17
Gene Mal1910 17:1  അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സൎവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
Gene Mal1910 17:2  എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വൎദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
Gene Mal1910 17:3  അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:
Gene Mal1910 17:4  എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും;
Gene Mal1910 17:5  ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.
Gene Mal1910 17:6  ഞാൻ നിന്നെ അധികമധികമായി വൎദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.
Gene Mal1910 17:7  ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
Gene Mal1910 17:8  ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവൎക്കു ദൈവമായുമിരിക്കും.
Gene Mal1910 17:9  ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
Gene Mal1910 17:10  എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.
Gene Mal1910 17:11  നിങ്ങളുടെ അഗ്രചൎമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
Gene Mal1910 17:12  തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.
Gene Mal1910 17:13  നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.
Gene Mal1910 17:14  അഗ്രചൎമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
Gene Mal1910 17:15  ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാൎയ്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
Gene Mal1910 17:16  ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
Gene Mal1910 17:17  അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.
Gene Mal1910 17:18  യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.
Gene Mal1910 17:19  അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാൎയ്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക്ക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും
Gene Mal1910 17:20  യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വൎദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും.
Gene Mal1910 17:21  എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.
Gene Mal1910 17:22  ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീൎന്നശേഷം അവനെ വിട്ടു കയറിപ്പോയി.
Gene Mal1910 17:23  അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചൎമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.
Gene Mal1910 17:24  അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.
Gene Mal1910 17:25  അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.
Gene Mal1910 17:26  അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
Gene Mal1910 17:27  വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.