Site uses cookies to provide basic functionality.

OK
GENESIS
Prev Up Next Toggle notes
Chapter 32
Gene Mal1910 32:1  യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
Gene Mal1910 32:2  യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
Gene Mal1910 32:3  അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
Gene Mal1910 32:4  അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാൎത്തു ഇന്നുവരെ അവിടെ താമസിച്ചു.
Gene Mal1910 32:5  എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു.
Gene Mal1910 32:6  ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു.
Gene Mal1910 32:7  അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു,
Gene Mal1910 32:8  ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു.
Gene Mal1910 32:9  പിന്നെ യാക്കോബ് പ്രാൎത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാൎച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ,
Gene Mal1910 32:10  അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോൎദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീൎന്നിരിക്കുന്നു.
Gene Mal1910 32:11  എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
Gene Mal1910 32:12  നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
Gene Mal1910 32:13  അന്നു രാത്രി അവൻ അവിടെ പാൎത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു
Gene Mal1910 32:14  ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും
Gene Mal1910 32:15  കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു.
Gene Mal1910 32:16  തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു.
Gene Mal1910 32:17  ഒന്നാമതു പോകുന്നവനോടു അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:
Gene Mal1910 32:18  നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
Gene Mal1910 32:19  രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ;
Gene Mal1910 32:20  അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
Gene Mal1910 32:21  അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാൎത്തു.
Gene Mal1910 32:22  രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാൎയ്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.
Gene Mal1910 32:23  അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
Gene Mal1910 32:24  അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.
Gene Mal1910 32:25  അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
Gene Mal1910 32:26  എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
Gene Mal1910 32:27  നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.
Gene Mal1910 32:28  നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
Gene Mal1910 32:29  യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
Gene Mal1910 32:30  ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.
Gene Mal1910 32:31  അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂൎയ്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.
Gene Mal1910 32:32  അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.