Site uses cookies to provide basic functionality.

OK
JEREMIAH
Prev Up Next Toggle notes
Chapter 31
Jere Mal1910 31:1  ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jere Mal1910 31:2  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു.
Jere Mal1910 31:3  യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീൎഘമാക്കിയിരിക്കുന്നു.
Jere Mal1910 31:4  യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.
Jere Mal1910 31:5  നീ ഇനിയും ശമൎയ്യപൎവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും.
Jere Mal1910 31:6  എഴുന്നേല്പിൻ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും.
Jere Mal1910 31:7  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആൎപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടു: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിൻ!
Jere Mal1910 31:8  ഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗൎഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും.
Jere Mal1910 31:9  അവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീൎത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.
Jere Mal1910 31:10  ജാതികളേ, യഹോവയുടെ വചനം കേൾപ്പിൻ! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേൎത്തു, ഒരിടയൻ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിൻ.
Jere Mal1910 31:11  യഹോവ യാക്കോബിനെ വീണ്ടെടുത്തു അവനെക്കാൾ ബലവാനായവന്റെ കയ്യിൽനിന്നു അവനെ രക്ഷിച്ചിരിക്കുന്നു.
Jere Mal1910 31:12  അവർ വന്നു സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഓടിവരും; അവരുടെ പ്രാണൻ നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചുപോകയുമില്ല.
Jere Mal1910 31:13  അന്നു കന്യകയും യൌവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്തു സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടം പോക്കി സന്തോഷിപ്പിക്കും.
Jere Mal1910 31:14  ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:15  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.
Jere Mal1910 31:16  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാൎക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:17  നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കൾ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:18  നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.
Jere Mal1910 31:19  ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാൻ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.
Jere Mal1910 31:20  എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:21  നിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വെച്ചുകൊൾക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക.
Jere Mal1910 31:22  വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നുനടക്കും? യഹോവ ദേശത്തു ഒരു പുതുമ സൃഷ്ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും.
Jere Mal1910 31:23  യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപൎവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.
Jere Mal1910 31:24  അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാൎക്കും.
Jere Mal1910 31:25  ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും.
Jere Mal1910 31:26  ഇതിങ്കൽ ഞാൻ ഉണൎന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
Jere Mal1910 31:27  ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:28  അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:29  അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.
Jere Mal1910 31:30  ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.
Jere Mal1910 31:31  ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:32  ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവൎക്കു ഭൎത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:33  എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:34  ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓൎക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:35  സൂൎയ്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Jere Mal1910 31:36  ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:37  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‌വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:38  ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
Jere Mal1910 31:39  അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും.
Jere Mal1910 31:40  ശവങ്ങൾക്കും വെണ്ണീരിന്നും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവെക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.