Site uses cookies to provide basic functionality.

OK
PSALMS
Prev Up Next Toggle notes
Chapter 102
Psal Mal1910 102:1  യഹോവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
Psal Mal1910 102:2  കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
Psal Mal1910 102:3  എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
Psal Mal1910 102:4  എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.
Psal Mal1910 102:5  എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
Psal Mal1910 102:6  ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
Psal Mal1910 102:7  ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
Psal Mal1910 102:8  എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.
Psal Mal1910 102:9  ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
Psal Mal1910 102:10  നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
Psal Mal1910 102:11  എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
Psal Mal1910 102:12  നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
Psal Mal1910 102:13  നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
Psal Mal1910 102:14  നിന്റെ ദാസന്മാൎക്കു അവളുടെ കല്ലുകളോടു താല്പൎയ്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
Psal Mal1910 102:15  യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും
Psal Mal1910 102:16  അവൻ അഗതികളുടെ പ്രാൎത്ഥന കടാക്ഷിക്കയും അവരുടെ പ്രാൎത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
Psal Mal1910 102:17  ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
Psal Mal1910 102:18  വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
Psal Mal1910 102:19  യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ
Psal Mal1910 102:20  സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
Psal Mal1910 102:21  ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
Psal Mal1910 102:22  യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വൎഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാൎത്തുവല്ലോ.
Psal Mal1910 102:23  അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
Psal Mal1910 102:24  എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
Psal Mal1910 102:25  പൂൎവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
Psal Mal1910 102:26  അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
Psal Mal1910 102:27  നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.
Psal Mal1910 102:28  നിന്റെ ദാസന്മാരുടെ മക്കൾ നിൎഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.