Site uses cookies to provide basic functionality.

OK
JOB
Prev Up Next Toggle notes
Chapter 33
Job Mal1910 33:1  എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.
Job Mal1910 33:2  ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
Job Mal1910 33:3  എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാൎത്ഥമായി പ്രസ്താവിക്കും.
Job Mal1910 33:4  ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സൎവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.
Job Mal1910 33:5  നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.
Job Mal1910 33:6  ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിൎമ്മിച്ചിരിക്കുന്നു.
Job Mal1910 33:7  എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.
Job Mal1910 33:8  ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ:
Job Mal1910 33:9  ഞാൻ ലംഘനം ഇല്ലാത്ത നിൎമ്മലൻ; ഞാൻ നിൎദ്ദോഷി; എന്നിൽ അകൃത്യവുമില്ല.
Job Mal1910 33:10  അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
Job Mal1910 33:11  അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.
Job Mal1910 33:12  ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.
Job Mal1910 33:13  നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാൎയ്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.
Job Mal1910 33:14  ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
Job Mal1910 33:15  ഗാഢനിദ്ര മനുഷ്യൎക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദൎശനത്തിൽ തന്നേ,
Job Mal1910 33:16  അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
Job Mal1910 33:17  മനുഷ്യനെ അവന്റെ ദുഷ്കൎമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗൎവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.
Job Mal1910 33:18  അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
Job Mal1910 33:19  തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.
Job Mal1910 33:20  അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
Job Mal1910 33:21  അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
Job Mal1910 33:22  അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാൎക്കും അടുത്തിരിക്കുന്നു.
Job Mal1910 33:23  മനുഷ്യനോടു അവന്റെ ധൎമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ
Job Mal1910 33:24  അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
Job Mal1910 33:25  അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
Job Mal1910 33:26  അവൻ ദൈവത്തോടു പ്രാൎത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
Job Mal1910 33:27  അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
Job Mal1910 33:28  അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
Job Mal1910 33:29  ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
Job Mal1910 33:30  അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.
Job Mal1910 33:31  ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.
Job Mal1910 33:32  നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പൎയ്യം.
Job Mal1910 33:33  ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.