Site uses cookies to provide basic functionality.

OK
NUMBERS
Prev Up Next Toggle notes
Chapter 2
Numb Mal1910 2:1  യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
Numb Mal1910 2:2  യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.
Numb Mal1910 2:3  യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂൎയ്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.
Numb Mal1910 2:4  അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ.
Numb Mal1910 2:5  അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.
Numb Mal1910 2:6  അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ.
Numb Mal1910 2:7  പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
Numb Mal1910 2:8  അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ.
Numb Mal1910 2:9  യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
Numb Mal1910 2:10  രൂബേൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.
Numb Mal1910 2:11  അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.
Numb Mal1910 2:12  അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.
Numb Mal1910 2:13  അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
Numb Mal1910 2:14  പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
Numb Mal1910 2:15  അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
Numb Mal1910 2:16  രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം.
Numb Mal1910 2:17  പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
Numb Mal1910 2:18  എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.
Numb Mal1910 2:19  അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ.
Numb Mal1910 2:20  അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.
Numb Mal1910 2:21  അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ.
Numb Mal1910 2:22  പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.
Numb Mal1910 2:23  അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
Numb Mal1910 2:24  എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
Numb Mal1910 2:25  ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
Numb Mal1910 2:26  അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.
Numb Mal1910 2:27  അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
Numb Mal1910 2:28  അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ.
Numb Mal1910 2:29  പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.
Numb Mal1910 2:30  അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
Numb Mal1910 2:31  ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
Numb Mal1910 2:32  യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നേ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതുപേർ ആയിരുന്നു.
Numb Mal1910 2:33  എന്നാൽ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
Numb Mal1910 2:34  യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നേ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.