Site uses cookies to provide basic functionality.

OK
JONAH
Up
1 2 3 4
Toggle notes
Chapter 1
Jona Mal1910 1:1  അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Jona Mal1910 1:2  നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
Jona Mal1910 1:3  എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തൎശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തൎശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തൎശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.
Jona Mal1910 1:4  യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകൎന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.
Jona Mal1910 1:5  കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
Jona Mal1910 1:6  കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.
Jona Mal1910 1:7  അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനൎത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.
Jona Mal1910 1:8  അവർ അവനോടു: ആരുടെനിമിത്തം ഈ അനൎത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു.
Jona Mal1910 1:9  അതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വൎഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
Jona Mal1910 1:10  ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ടു അവനോടു: നീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവൻ യഹോവയുടെ സന്നിധിയിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ അറിഞ്ഞു.
Jona Mal1910 1:11  എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ടു അവർ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
Jona Mal1910 1:12  അവൻ അവരോടു: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെനിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
Jona Mal1910 1:13  എന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവൎക്കു സാധിച്ചില്ല.
Jona Mal1910 1:14  അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിൎദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Jona Mal1910 1:15  പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
Jona Mal1910 1:16  അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേൎച്ചകളും നേൎന്നു.
Jona Mal1910 1:17  യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
Chapter 2
Jona Mal1910 2:1  യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാൎത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
Jona Mal1910 2:2  ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
Jona Mal1910 2:3  നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
Jona Mal1910 2:4  നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
Jona Mal1910 2:5  വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു.
Jona Mal1910 2:6  ഞാൻ പൎവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
Jona Mal1910 2:7  എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓൎത്തു എന്റെ പ്രാൎത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
Jona Mal1910 2:8  മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
Jona Mal1910 2:9  ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അൎപ്പിക്കും; നേൎന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
Jona Mal1910 2:10  എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛൎദ്ദിച്ചുകളഞ്ഞു.
Chapter 3
Jona Mal1910 3:1  യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ:
Jona Mal1910 3:2  നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.
Jona Mal1910 3:3  അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.
Jona Mal1910 3:4  യോനാ നഗരത്തിൽ കടന്നു ആദ്യം ഒരു ദിവസത്തെ വഴി ചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.
Jona Mal1910 3:5  എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.
Jona Mal1910 3:6  വൎത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു.
Jona Mal1910 3:7  അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതു: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.
Jona Mal1910 3:8  മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുൎമ്മാൎഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.
Jona Mal1910 3:9  ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആൎക്കറിയാം.
Jona Mal1910 3:10  അവർ ദുർമ്മാൎഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവൎക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനൎത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.
Chapter 4
Jona Mal1910 4:1  യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.
Jona Mal1910 4:2  അവൻ യഹോവയോടു പ്രാൎത്ഥിച്ചു: അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തൎശീശിലേക്കു ബദ്ധപ്പെട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീൎഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനൎത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു.
Jona Mal1910 4:3  ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
Jona Mal1910 4:4  നീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു.
Jona Mal1910 4:5  അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിൻ കീഴെ തണലിൽ പാൎത്തു.
Jona Mal1910 4:6  യോനയെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളൎന്നു പൊങ്ങി; യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു.
Jona Mal1910 4:7  പിറ്റെന്നാൾ പുലൎന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അതു ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി.
Jona Mal1910 4:8  സൂൎയ്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ളോരു കിഴക്കൻ കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്നു ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
Jona Mal1910 4:9  ദൈവം യോനയോടു: നീ ആവണക്കുനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ മരണപൎയ്യന്തം കോപിക്കുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.
Jona Mal1910 4:10  അതിന്നു യഹോവ നീ അദ്ധ്വാനിക്കയോ വളൎത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‌വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ.
Jona Mal1910 4:11  എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.