Site uses cookies to provide basic functionality.

OK
MARK
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Prev Up Next Toggle notes
Chapter 12
Mark Mal1910 12:1  പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
Mark Mal1910 12:2  കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
Mark Mal1910 12:3  അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
Mark Mal1910 12:4  പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
Mark Mal1910 12:5  അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
Mark Mal1910 12:6  അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
Mark Mal1910 12:7  ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
Mark Mal1910 12:8  അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
Mark Mal1910 12:9  എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
Mark Mal1910 12:10  “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീൎന്നിരിക്കുന്നു.
Mark Mal1910 12:11  ഇതു കൎത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
Mark Mal1910 12:12  ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
Mark Mal1910 12:13  അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
Mark Mal1910 12:14  അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
Mark Mal1910 12:15  അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
Mark Mal1910 12:16  അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
Mark Mal1910 12:17  യേശു അവരോടു: കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചൎയ്യപ്പെട്ടു.
Mark Mal1910 12:18  പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
Mark Mal1910 12:19  ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാൎയ്യ ശേഷിച്ചാൽ ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
Mark Mal1910 12:20  എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
Mark Mal1910 12:21  രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
Mark Mal1910 12:22  ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവൎക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
Mark Mal1910 12:23  പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യ ആയിരുന്നുവല്ലോ.
Mark Mal1910 12:24  യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
Mark Mal1910 12:25  മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
Mark Mal1910 12:26  എന്നാൽ മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടൎപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
Mark Mal1910 12:27  അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
Mark Mal1910 12:28  ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തൎക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
Mark Mal1910 12:29  എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കൎത്താവു ഏകകൎത്താവു.
Mark Mal1910 12:30  നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
Mark Mal1910 12:31  രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 12:32  ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
Mark Mal1910 12:33  അവനെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസൎവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
Mark Mal1910 12:34  അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
Mark Mal1910 12:35  യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
Mark Mal1910 12:36  “കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
Mark Mal1910 12:37  ദാവീദ് തന്നേ അവനെ കൎത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
Mark Mal1910 12:38  അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
Mark Mal1910 12:39  വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
Mark Mal1910 12:40  അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാൎത്ഥന കഴിക്കയും ചെയ്യുന്നു; അവൎക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
Mark Mal1910 12:41  പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
Mark Mal1910 12:42  ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
Mark Mal1910 12:43  അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 12:44  എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.