Site uses cookies to provide basic functionality.

OK
TITUS
Up
1 2 3
Chapter 1
Titu Mal1910 1:1  നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ
Titu Mal1910 1:2  ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി
Titu Mal1910 1:3  തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്
Titu Mal1910 1:4  പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Titu Mal1910 1:5  ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാൎയ്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.
Titu Mal1910 1:6  മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാൎയ്യയുള്ളവനും ദുൎന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.
Titu Mal1910 1:7  അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുൎല്ലാഭമോഹിയും അരുതു.
Titu Mal1910 1:8  അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിൎമ്മലനും ജിതേന്ദ്രിയനും
Titu Mal1910 1:9  പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
Titu Mal1910 1:10  വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.
Titu Mal1910 1:11  അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
Titu Mal1910 1:12  ക്രേത്തർ സൎവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
Titu Mal1910 1:13  ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
Titu Mal1910 1:14  യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
Titu Mal1910 1:15  ശുദ്ധിയുള്ളവൎക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാൎക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീൎന്നിരിക്കുന്നു.
Titu Mal1910 1:16  അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ലകാൎയ്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.
Chapter 2
Titu Mal1910 2:1  നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.
Titu Mal1910 2:2  വൃദ്ധന്മാർ നിൎമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും
Titu Mal1910 2:3  വൃദ്ധമാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും
Titu Mal1910 2:4  ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭൎത്തൃപ്രിയമാരും പുത്രപ്രിയമാരും
Titu Mal1910 2:5  സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാൎയ്യം നോക്കുന്നവരും ദയയുള്ളവരും ഭൎത്താക്കന്മാൎക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.
Titu Mal1910 2:6  അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.
Titu Mal1910 2:7  വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.
Titu Mal1910 2:8  ഉപദേശത്തിൽ നിൎമ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക.
Titu Mal1910 2:9  ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാൎക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും
Titu Mal1910 2:10  എതിർ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായി ഇരിപ്പാൻ (കല്പിക്ക).
Titu Mal1910 2:11  സകലമനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;
Titu Mal1910 2:12  നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു
Titu Mal1910 2:13  ഭക്തികേടും പ്രപഞ്ചമോഹങ്ങളും വൎജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളൎത്തുന്നു.
Titu Mal1910 2:14  അവൻ നമ്മെ സകലഅധൎമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.
Titu Mal1910 2:15  ഇതു പൂൎണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.
Chapter 3
Titu Mal1910 3:1  വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും
Titu Mal1910 3:2  ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂൎണ്ണസൌമ്യത കാണിപ്പാനും അവരെ ഓൎമ്മപ്പെടുത്തുക.
Titu Mal1910 3:3  മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈൎഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.
Titu Mal1910 3:4  എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ
Titu Mal1910 3:5  അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
Titu Mal1910 3:6  നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനൎജ്ജനനസ്നാനം കൊണ്ടും
Titu Mal1910 3:7  നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.
Titu Mal1910 3:8  ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചുപറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യൎക്കു ഉപകാരവും ആകുന്നു.
Titu Mal1910 3:9  മൌഢ്യതൎക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്കു. ഇവ നിഷ്പ്രയോജനവും വ്യൎത്ഥവുമല്ലോ.
Titu Mal1910 3:10  സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നുരണ്ടു വട്ടം ബുദ്ധിപറഞ്ഞ ശേഷം അവനെ ഒഴിക്ക;
Titu Mal1910 3:11  ഇങ്ങനെയുള്ളവൻ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ.
Titu Mal1910 3:12  ഞാൻ അൎത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.
Titu Mal1910 3:13  ന്യായശാസ്ത്രിയായ സേനാസിന്നും അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക.
Titu Mal1910 3:14  നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കട്ടെ.
Titu Mal1910 3:15  എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവൎക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.