Site uses cookies to provide basic functionality.

OK
GENESIS
Prev Up Next Toggle notes
Chapter 24
Gene Mal1910 24:1  അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
Gene Mal1910 24:2  തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക;
Gene Mal1910 24:3  ചുറ്റും പാൎക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാൎയ്യയെ എടുക്കാതെ,
Gene Mal1910 24:4  എന്റെ ദേശത്തും എന്റെ ചാൎച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാൎയ്യയെ എടുക്കുമെന്നു സ്വൎഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
Gene Mal1910 24:5  ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
Gene Mal1910 24:6  അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
Gene Mal1910 24:7  എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വൎഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാൎയ്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
Gene Mal1910 24:8  എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
Gene Mal1910 24:9  അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.
Gene Mal1910 24:10  അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
Gene Mal1910 24:11  വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
Gene Mal1910 24:12  എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നേ കാൎയ്യം സാധിപ്പിച്ചുതരേണമേ.
Gene Mal1910 24:13  ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.
Gene Mal1910 24:14  നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.
Gene Mal1910 24:15  അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാൎയ്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
Gene Mal1910 24:16  ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.
Gene Mal1910 24:17  ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
Gene Mal1910 24:18  യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.
Gene Mal1910 24:19  അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
Gene Mal1910 24:20  പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
Gene Mal1910 24:21  ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
Gene Mal1910 24:22  ഒട്ടകങ്ങൾ കുടിച്ചു തീൎന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:
Gene Mal1910 24:23  നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാൎപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
Gene Mal1910 24:24  അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു.
Gene Mal1910 24:25  ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാൎപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു.
Gene Mal1910 24:26  അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:
Gene Mal1910 24:27  എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
Gene Mal1910 24:28  ബാല ഓടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.
Gene Mal1910 24:29  റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
Gene Mal1910 24:30  അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു.
Gene Mal1910 24:31  അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
Gene Mal1910 24:32  അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവൎക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
Gene Mal1910 24:33  ഞാൻ വന്ന കാൎയ്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
Gene Mal1910 24:34  അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.
Gene Mal1910 24:35  യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീൎന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
Gene Mal1910 24:36  എന്റെ യജമാനന്റെ ഭാൎയ്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
Gene Mal1910 24:37  ഞാൻ പാൎക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാൎയ്യയെ എടുക്കാതെ,
Gene Mal1910 24:38  എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാൎയ്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
Gene Mal1910 24:39  ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു:
Gene Mal1910 24:40  ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാൎയ്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
Gene Mal1910 24:41  എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
Gene Mal1910 24:42  ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ‒
Gene Mal1910 24:43  ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ,
Gene Mal1910 24:44  അവൾ എന്നോടു: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
Gene Mal1910 24:45  ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
Gene Mal1910 24:46  അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
Gene Mal1910 24:47  ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
Gene Mal1910 24:48  ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേൎവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
Gene Mal1910 24:49  ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
Gene Mal1910 24:50  അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാൎയ്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
Gene Mal1910 24:51  ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാൎയ്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
Gene Mal1910 24:52  അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
Gene Mal1910 24:53  പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.
Gene Mal1910 24:54  അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാൎത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
Gene Mal1910 24:55  അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാൎത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
Gene Mal1910 24:56  അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
Gene Mal1910 24:57  ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
Gene Mal1910 24:58  അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
Gene Mal1910 24:59  അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
Gene Mal1910 24:60  അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
Gene Mal1910 24:61  പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
Gene Mal1910 24:62  എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാൎക്കയായിരുന്നു.
Gene Mal1910 24:63  വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
Gene Mal1910 24:64  റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
Gene Mal1910 24:65  അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
Gene Mal1910 24:66  താൻ ചെയ്ത കാൎയ്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
Gene Mal1910 24:67  യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാൎയ്യയായിത്തീൎന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീൎന്നു.