Site uses cookies to provide basic functionality.

OK
I THESSALONIANS
Up
1 2 3 4 5
Chapter 1
I Th Mal1910 1:1  പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കൎത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
I Th Mal1910 1:2  ഞങ്ങളുടെ പ്രാൎത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും
I Th Mal1910 1:3  നമ്മുടെ കൎത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓൎത്തു
I Th Mal1910 1:4  ഞങ്ങൾ നിങ്ങൾക്കെല്ലാവൎക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.
I Th Mal1910 1:5  ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.
I Th Mal1910 1:6  ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കൎത്താവിന്നും അനുകാരികളായിത്തീൎന്നു.
I Th Mal1910 1:7  അങ്ങനെ നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവൎക്കു എല്ലാവൎക്കും മാതൃകയായിത്തീൎന്നു.
I Th Mal1910 1:8  നിങ്ങളുടെ അടുക്കൽ നിന്നു കൎത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല, എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല.
I Th Mal1910 1:9  ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും
I Th Mal1910 1:10  അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വൎഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.
Chapter 2
I Th Mal1910 2:1  സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യൎത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
I Th Mal1910 2:2  നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈൎയ്യപ്പെട്ടിരുന്നു.
I Th Mal1910 2:3  ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.
I Th Mal1910 2:4  ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു.
I Th Mal1910 2:5  നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
I Th Mal1910 2:6  ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
I Th Mal1910 2:7  ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആൎദ്രതയുള്ളവരായിരുന്നു.
I Th Mal1910 2:8  ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
I Th Mal1910 2:9  സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓൎക്കുന്നുവല്ലോ; നിങ്ങളിൽ ആൎക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
I Th Mal1910 2:10  വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.
I Th Mal1910 2:11  തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം
I Th Mal1910 2:12  ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.
I Th Mal1910 2:13  ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു.
I Th Mal1910 2:14  സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീൎന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.
I Th Mal1910 2:15  യെഹൂദർ കൎത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യൎക്കും വിരോധികളും
I Th Mal1910 2:16  ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
I Th Mal1910 2:17  സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
I Th Mal1910 2:18  അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൌലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
I Th Mal1910 2:19  നമ്മുടെ കൎത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
I Th Mal1910 2:20  ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
Chapter 3
I Th Mal1910 3:1  ആകയാൽ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങൾ അഥേനയിൽ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളിൽ
I Th Mal1910 3:2  ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.
I Th Mal1910 3:3  കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
I Th Mal1910 3:4  നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.
I Th Mal1910 3:5  ഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാൻ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു.
I Th Mal1910 3:6  ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്കു എപ്പോഴും നല്ല ഓൎമ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വൎത്തമാനം അറിയിച്ച കാരണത്താൽ,
I Th Mal1910 3:7  സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.
I Th Mal1910 3:8  നിങ്ങൾ കൎത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.
I Th Mal1910 3:9  നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളെച്ചൊല്ലി ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‌വാൻ ഞങ്ങളാൽ കഴിയും?
I Th Mal1910 3:10  ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീൎപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പൎയ്യത്തോടെ പ്രാൎത്ഥിച്ചുപോരുന്നു.
I Th Mal1910 3:11  നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കൎത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴിനിരത്തിത്തരുമാറാകട്ടെ.
I Th Mal1910 3:12  എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വൎദ്ധിക്കുന്നതുപോലെ കൎത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വൎദ്ധിപ്പിച്ചു കവിയുമാറാക്കുകയും
I Th Mal1910 3:13  ഇങ്ങനെ നമ്മുടെ കൎത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.
Chapter 4
I Th Mal1910 4:1  ഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വൎദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കൎത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
I Th Mal1910 4:2  ഞങ്ങൾ കൎത്താവായ യേശുവിന്റെ ആജ്ഞയാൽ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
I Th Mal1910 4:3  ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുൎന്നടപ്പു വിട്ടൊഴിഞ്ഞു
I Th Mal1910 4:4  ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
I Th Mal1910 4:5  വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
I Th Mal1910 4:6  ഈ കാൎയ്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കൎത്താവല്ലോ.
I Th Mal1910 4:7  ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.
I Th Mal1910 4:8  ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
I Th Mal1910 4:9  സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ
I Th Mal1910 4:10  മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വൎദ്ധിച്ചുവരേണം എന്നും
I Th Mal1910 4:11  പുറത്തുള്ളവരോടു മൎയ്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
I Th Mal1910 4:12  ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാൎപ്പാനും സ്വന്തകാൎയ്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
I Th Mal1910 4:13  സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
I Th Mal1910 4:14  യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
I Th Mal1910 4:15  കൎത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവൎക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കൎത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
I Th Mal1910 4:16  കൎത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും.
I Th Mal1910 4:17  പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കൎത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കൎത്താവിനോടുകൂടെ ഇരിക്കും.
I Th Mal1910 4:18  ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
Chapter 5
I Th Mal1910 5:1  സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.
I Th Mal1910 5:2  കള്ളൻ രാത്രിയിൽ വരുമ്പോലെ കൎത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.
I Th Mal1910 5:3  അവർ സമാധാനമെന്നും നിൎഭയമെന്നും പറയുമ്പോൾ ഗൎഭിണിക്കു പ്രസവവേദന വരുമ്പോലെ അവൎക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവൎക്കു തെറ്റിയൊഴിയാവതുമല്ല.
I Th Mal1910 5:4  എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
I Th Mal1910 5:5  നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
I Th Mal1910 5:6  ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണൎന്നും സുബോധമായുമിരിക്ക.
I Th Mal1910 5:7  ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
I Th Mal1910 5:8  നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
I Th Mal1910 5:9  ദൈവം നമ്മെ കോപത്തിന്നല്ല,
I Th Mal1910 5:10  നാം ഉണൎന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
I Th Mal1910 5:11  ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വൎദ്ധനവരുത്തിയും പോരുവിൻ.
I Th Mal1910 5:12  സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കൎത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
I Th Mal1910 5:13  ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.
I Th Mal1910 5:14  സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈൎയ്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീൎഘക്ഷമ കാണിപ്പിൻ.
I Th Mal1910 5:15  ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
I Th Mal1910 5:16  എപ്പോഴും സന്തോഷിപ്പിൻ;
I Th Mal1910 5:17  ഇടവിടാതെ പ്രാൎത്ഥിപ്പിൻ
I Th Mal1910 5:18  എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
I Th Mal1910 5:19  ആത്മാവിനെ കെടുക്കരുതു.
I Th Mal1910 5:20  പ്രവചനം തുച്ഛീകരിക്കരുതു.
I Th Mal1910 5:21  സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
I Th Mal1910 5:22  സകലവിധദോഷവും വിട്ടകലുവിൻ.
I Th Mal1910 5:23  സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
I Th Mal1910 5:24  നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവൎത്തിക്കും.
I Th Mal1910 5:25  സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാൎത്ഥിപ്പിൻ.
I Th Mal1910 5:26  സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
I Th Mal1910 5:27  കൎത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
I Th Mal1910 5:28  നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.