Site uses cookies to provide basic functionality.

OK
SONG OF SOLOMON
Up
1 2 3 4 5 6 7 8
Toggle notes
Chapter 1
Song Mal1910 1:1  ശലോമോന്റെ ഉത്തമഗീതം.
Song Mal1910 1:2  അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
Song Mal1910 1:3  നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകൎന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
Song Mal1910 1:4  നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
Song Mal1910 1:5  യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാൎയ്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
Song Mal1910 1:6  എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു, എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.
Song Mal1910 1:7  എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?
Song Mal1910 1:8  സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽചുവടു തുടൎന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
Song Mal1910 1:9  എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.
Song Mal1910 1:10  നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
Song Mal1910 1:11  ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ സുവൎണ്ണസരപ്പളി ഉണ്ടാക്കിത്തരാം.
Song Mal1910 1:12  രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
Song Mal1910 1:13  എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
Song Mal1910 1:14  എന്റെ പ്രിയൻ എനിക്കു ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
Song Mal1910 1:15  എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
Song Mal1910 1:16  എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
Song Mal1910 1:17  നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
Chapter 2
Song Mal1910 2:1  ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
Song Mal1910 2:2  മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
Song Mal1910 2:3  കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
Song Mal1910 2:4  അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
Song Mal1910 2:5  ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ.
Song Mal1910 2:6  അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
Song Mal1910 2:7  യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണൎത്തുകയുമരുതു.
Song Mal1910 2:8  അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.
Song Mal1910 2:9  എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.
Song Mal1910 2:10  എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
Song Mal1910 2:11  ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
Song Mal1910 2:12  പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
Song Mal1910 2:13  അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
Song Mal1910 2:14  പാറയുടെ പിളൎപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദൎയ്യമുള്ളതും ആകുന്നു.
Song Mal1910 2:15  ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.
Song Mal1910 2:16  എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
Song Mal1910 2:17  വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപൎവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.
Chapter 3
Song Mal1910 3:1  രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
Song Mal1910 3:2  ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
Song Mal1910 3:3  നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
Song Mal1910 3:4  അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
Song Mal1910 3:5  യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണൎത്തുകയുമരുതു.
Song Mal1910 3:6  മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂൎണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
Song Mal1910 3:7  ശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
Song Mal1910 3:8  അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
Song Mal1910 3:9  ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
Song Mal1910 3:10  അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളി കൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തൎഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
Song Mal1910 3:11  സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.
Chapter 4
Song Mal1910 4:1  എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ; നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
Song Mal1910 4:2  നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
Song Mal1910 4:3  നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
Song Mal1910 4:4  നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.
Song Mal1910 4:5  നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
Song Mal1910 4:6  വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
Song Mal1910 4:7  എന്റെ പ്രിയേ, നീ സൎവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല.
Song Mal1910 4:8  കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെൎമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പൎവ്വതങ്ങളും വിട്ടു പോരിക.
Song Mal1910 4:9  എന്റെ സഹോദരീ, എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
Song Mal1910 4:10  എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവൎഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
Song Mal1910 4:11  അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
Song Mal1910 4:12  എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.
Song Mal1910 4:13  നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
Song Mal1910 4:14  ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാനസുഗന്ധവൎഗ്ഗവും തന്നേ.
Song Mal1910 4:15  നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.
Song Mal1910 4:16  വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
Chapter 5
Song Mal1910 5:1  എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവൎഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻകട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
Song Mal1910 5:2  ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണൎന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
Song Mal1910 5:3  എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
Song Mal1910 5:4  എന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
Song Mal1910 5:5  എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.
Song Mal1910 5:6  ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
Song Mal1910 5:7  നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
Song Mal1910 5:8  യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു.
Song Mal1910 5:9  സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു.
Song Mal1910 5:10  എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.
Song Mal1910 5:11  അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
Song Mal1910 5:12  അവന്റെ കണ്ണു നീൎത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേൎച്ചയായി പതിച്ചതും ആകുന്നു.
Song Mal1910 5:13  അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
Song Mal1910 5:14  അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വൎണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിൎമ്മിതം.
Song Mal1910 5:15  അവന്റെ തുട തങ്കച്ചുവട്ടിൽ നിൎത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു.
Song Mal1910 5:16  അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സൎവ്വാംഗസുന്ദരൻ തന്നേ; യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
Chapter 6
Song Mal1910 6:1  സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
Song Mal1910 6:2  തോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
Song Mal1910 6:3  ഞാൻ എന്റെ പ്രിയന്നുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
Song Mal1910 6:4  എന്റെ പ്രിയേ, നീ തിൎസ്സാപോലെ സൌന്ദൎയ്യമുള്ളവൾ; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.
Song Mal1910 6:5  നിന്റെ കണ്ണു എങ്കൽനിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു.
Song Mal1910 6:6  നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
Song Mal1910 6:7  നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
Song Mal1910 6:8  അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
Song Mal1910 6:9  എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നേ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
Song Mal1910 6:10  അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദൎയ്യവും സൂൎയ്യനെപ്പോലെ നിൎമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
Song Mal1910 6:11  ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിൎക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത്തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.
Song Mal1910 6:12  എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
Chapter 7
Song Mal1910 7:1  മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?
Song Mal1910 7:2  പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ട നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
Song Mal1910 7:3  നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
Song Mal1910 7:4  നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
Song Mal1910 7:5  നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീംവാതില്ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
Song Mal1910 7:6  നിന്റെ ശിരസ്സു കൎമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.
Song Mal1910 7:7  പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!
Song Mal1910 7:8  നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!
Song Mal1910 7:9  ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
Song Mal1910 7:10  അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
Song Mal1910 7:11  ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.
Song Mal1910 7:12  പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാൎക്കാം.
Song Mal1910 7:13  അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിൎത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ പ്രേമം തരും. ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കൽ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
Chapter 8
Song Mal1910 8:1  നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
Song Mal1910 8:2  നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവൎഗ്ഗം ചേൎത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.
Song Mal1910 8:3  അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
Song Mal1910 8:4  യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണൎത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
Song Mal1910 8:5  മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണൎത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.
Song Mal1910 8:6  എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
Song Mal1910 8:7  ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സൎവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
Song Mal1910 8:8  നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും?
Song Mal1910 8:9  അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
Song Mal1910 8:10  ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
Song Mal1910 8:11  ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
Song Mal1910 8:12  എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവൎക്കു ഇരുനൂറും ഇരിക്കട്ടെ.
Song Mal1910 8:13  ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അതു എന്നെയും കേൾപ്പിക്കേണമേ.
Song Mal1910 8:14  എന്റെ പ്രിയാ നീ പരിമളപൎവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.