Site uses cookies to provide basic functionality.

OK
HOSEA
Up
1 2 3 4 5 6 7 8 9 10 11 12 13 14
Chapter 1
Hose Mal1910 1:1  ഉസ്സീയാവു, യോഥാം, ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
Hose Mal1910 1:2  യഹോവ ഹോശേയമുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാൎയ്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
Hose Mal1910 1:3  അങ്ങനെ അവൻ ചെന്നു ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗൎഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
Hose Mal1910 1:4  യഹോവ അവനോടു: അവന്നു യിസ്രെയേൽ (ദൈവം വിതെക്കും) എന്നു പേർ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദൎശിച്ചു യിസ്രായേൽഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
Hose Mal1910 1:5  അന്നാളിൽ ഞാൻ യിസ്രെയേൽ താഴ്വരയിൽവെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
Hose Mal1910 1:6  അവൾ പിന്നെയും ഗൎഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടു: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
Hose Mal1910 1:7  എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
Hose Mal1910 1:8  അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
Hose Mal1910 1:9  അപ്പോൾ യഹോവ: അവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
Hose Mal1910 1:10  എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.
Hose Mal1910 1:11  യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.
Chapter 2
Hose Mal1910 2:1  നിങ്ങളുടെ സഹോദരന്മാൎക്കു അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാൎക്കു രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.
Hose Mal1910 2:2  വ്യവഹരിപ്പിൻ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിൻ; അവൾ എന്റെ ഭാൎയ്യയല്ല, ഞാൻ അവളുടെ ഭൎത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.
Hose Mal1910 2:3  അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിൎത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
Hose Mal1910 2:4  ഞാൻ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
Hose Mal1910 2:5  അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവൎത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ.
Hose Mal1910 2:6  അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.
Hose Mal1910 2:7  അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: ഞാൻ എന്റെ ആദ്യത്തെ ഭൎത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
Hose Mal1910 2:8  അവൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വൎദ്ധിപ്പിച്ചതും ഞാൻ എന്നു അവൾ അറിഞ്ഞില്ല.
Hose Mal1910 2:9  അതുകൊണ്ടു തല്ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും.
Hose Mal1910 2:10  ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല.
Hose Mal1910 2:11  ഞാൻ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
Hose Mal1910 2:12  ഇതു എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്നു അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും.
Hose Mal1910 2:13  അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടൎന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദൎശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Hose Mal1910 2:14  അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
Hose Mal1910 2:15  അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
Hose Mal1910 2:16  അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭൎത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Hose Mal1910 2:17  ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല.
Hose Mal1910 2:18  അന്നാളിൽ ഞാൻ അവൎക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിൎഭയം വസിക്കുമാറാക്കും.
Hose Mal1910 2:19  ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
Hose Mal1910 2:20  ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
Hose Mal1910 2:21  ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും; അതു ഭൂമിക്കു ഉത്തരം നല്കും;
Hose Mal1910 2:22  ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും.
Hose Mal1910 2:23  ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
Chapter 3
Hose Mal1910 3:1  അനന്തരം യഹോവ എന്നോടു: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേൎന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.
Hose Mal1910 3:2  അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു, അവളോടു:
Hose Mal1910 3:3  നീ ബഹുകാലം അടങ്ങിപ്പാൎക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
Hose Mal1910 3:4  ഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
Hose Mal1910 3:5  പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടും കൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
Chapter 4
Hose Mal1910 4:1  യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
Hose Mal1910 4:2  അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടു മുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
Hose Mal1910 4:3  അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
Hose Mal1910 4:4  എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
Hose Mal1910 4:5  അതുകൊണ്ടു നീ പകൽ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും.
Hose Mal1910 4:6  പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറക്കും.
Hose Mal1910 4:7  അവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
Hose Mal1910 4:8  അവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
Hose Mal1910 4:9  ആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദൎശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൎക്കു പകരം കൊടുക്കും.
Hose Mal1910 4:10  അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.
Hose Mal1910 4:11  പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
Hose Mal1910 4:12  എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
Hose Mal1910 4:13  അവർ പൎവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാൎയ്യമാർ വ്യഭിചരിക്കുന്നു.
Hose Mal1910 4:14  നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാൎയ്യമാർ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദൎശിക്കയില്ല; അവർ തന്നേ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലി കഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
Hose Mal1910 4:15  യിസ്രായേലേ, നി പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
Hose Mal1910 4:16  യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
Hose Mal1910 4:17  എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
Hose Mal1910 4:18  മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.
Hose Mal1910 4:19  കാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾഹേതുവായി ലജ്ജിച്ചുപോകും.
Chapter 5
Hose Mal1910 5:1  പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പെക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീൎന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങൾക്കു വരുന്നു.
Hose Mal1910 5:2  മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവൎക്കു ഏവൎക്കും ഒരു ശാസകൻ ആകുന്നു.
Hose Mal1910 5:3  ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.
Hose Mal1910 5:4  അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ടു; അവർ യഹോവയെ അറിയുന്നതുമില്ല.
Hose Mal1910 5:5  യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
Hose Mal1910 5:6  യഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
Hose Mal1910 5:7  അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.
Hose Mal1910 5:8  ഗിബെയയിൽ കാഹളവും രാമയിൽ തൂൎയ്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
Hose Mal1910 5:9  ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
Hose Mal1910 5:10  യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീൎന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.
Hose Mal1910 5:11  എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചുനടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ടു അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
Hose Mal1910 5:12  അതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
Hose Mal1910 5:13  എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
Hose Mal1910 5:14  ഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
Hose Mal1910 5:15  അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
Chapter 6
Hose Mal1910 6:1  വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൌഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.
Hose Mal1910 6:2  രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
Hose Mal1910 6:3  നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ, ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.
Hose Mal1910 6:4  എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലൎച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
Hose Mal1910 6:5  അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
Hose Mal1910 6:6  യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
Hose Mal1910 6:7  എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
Hose Mal1910 6:8  ഗിലയാദ് അകൃത്യം പ്രവൎത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
Hose Mal1910 6:9  പതിയിരിക്കുന്ന കവൎച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കുല ചെയ്യുന്നു; അതേ, അവർ ദുഷ്കൎമ്മം ചെയ്യുന്നു.
Hose Mal1910 6:10  യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാൎയ്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
Hose Mal1910 6:11  യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.
Chapter 7
Hose Mal1910 7:1  ഞാൻ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമൎയ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവൎത്തിക്കുന്നു; അകത്തു കള്ളൻ കടക്കുന്നു; പുറത്തു കവൎച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
Hose Mal1910 7:2  അവരുടെ ദുഷ്ടതയൊക്കെയും ഞാൻ ഓൎക്കുന്നു എന്നു അവർ മനസ്സിൽ വിചാരിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്തപ്രവൎത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
Hose Mal1910 7:3  അവർ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
Hose Mal1910 7:4  അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
Hose Mal1910 7:5  നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാൎക്കു വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
Hose Mal1910 7:6  അവർ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
Hose Mal1910 7:7  അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോടു അപേക്ഷിക്കുന്നവൻ ആരുമില്ല.
Hose Mal1910 7:8  എഫ്രയീം ജാതികളോടു ഇടകലൎന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
Hose Mal1910 7:9  അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.
Hose Mal1910 7:10  യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
Hose Mal1910 7:11  എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യുന്നു.
Hose Mal1910 7:12  അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെമേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
Hose Mal1910 7:13  അവർ എന്നെ വിട്ടു ഓടിപ്പോയതുകൊണ്ടു അവൎക്കു അയ്യോ കഷ്ടം; അവർ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവൎക്കു നാശം; ഞാൻ അവരെ വീണ്ടെടുപ്പാൻ വിചാരിച്ചിട്ടും അവർ എന്നോടു ഭോഷ്കു സംസാരിക്കുന്നു.
Hose Mal1910 7:14  അവർ ഹൃദയപൂൎവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവെച്ചു മുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോടു മത്സരിക്കുന്നു.
Hose Mal1910 7:15  ഞാൻ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും, അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
Hose Mal1910 7:16  അവർ തിരിയുന്നു, മേലോട്ടു അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവൎക്കു പരിഹാസഹേതുവായ്തീരും.
Chapter 8
Hose Mal1910 8:1  അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
Hose Mal1910 8:2  അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
Hose Mal1910 8:3  യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
Hose Mal1910 8:4  അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
Hose Mal1910 8:5  ശമൎയ്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവൎക്കു കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
Hose Mal1910 8:6  ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമൎയ്യയുടെ പശുക്കിടാവു നുറുങ്ങിപ്പോകും.
Hose Mal1910 8:7  അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.
Hose Mal1910 8:8  യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
Hose Mal1910 8:9  അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
Hose Mal1910 8:10  അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും.
Hose Mal1910 8:11  എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീൎന്നിരിക്കുന്നു.
Hose Mal1910 8:12  ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂൎവ്വകാൎയ്യമായി എണ്ണപ്പെടുന്നു.
Hose Mal1910 8:13  അവർ എന്റെ അൎപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓൎത്തു അവരുടെ പാപം സന്ദൎശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
Hose Mal1910 8:14  യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വൎദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
Chapter 9
Hose Mal1910 9:1  യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളിൽ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.
Hose Mal1910 9:2  കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞു അതിൽ ഇല്ലാതെയാകും.
Hose Mal1910 9:3  അവർ യഹോവയുടെ ദേശത്തു പാൎക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരിൽവെച്ചു മലിനമായതു തിന്നുകയും ചെയ്യും.
Hose Mal1910 9:4  അവർ യഹോവെക്കു വീഞ്ഞുപകൎന്നു അൎപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവൎക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവൎക്കു ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
Hose Mal1910 9:5  സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും?
Hose Mal1910 9:6  അവർ നാശത്തിൽനിന്നു ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേൎക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവെക്കു അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
Hose Mal1910 9:7  സന്ദൎശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവുംനിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂൎണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
Hose Mal1910 9:8  എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
Hose Mal1910 9:9  ഗിബെയയുടെ കാലത്തു എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓൎത്തു അവരുടെ പാപം സന്ദൎശിക്കും.
Hose Mal1910 9:10  മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായ്തീൎന്നു.
Hose Mal1910 9:11  എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗൎഭമോ ഗൎഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
Hose Mal1910 9:12  അവർ മക്കളെ വളൎത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവൎക്കു അയ്യോ കഷ്ടം!
Hose Mal1910 9:13  ഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
Hose Mal1910 9:14  യഹോവേ, അവൎക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗൎഭവും വരണ്ട മുലയും അവൎക്കു കൊടുക്കേണമേ.
Hose Mal1910 9:15  അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ അത്രേ.
Hose Mal1910 9:16  എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗൎഭഫലത്തെ കൊന്നുകളയും.
Hose Mal1910 9:17  അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
Chapter 10
Hose Mal1910 10:1  യിസ്രായേൽ പടൎന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വൎദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
Hose Mal1910 10:2  അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
Hose Mal1910 10:3  ഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
Hose Mal1910 10:4  അവർ വ്യൎത്ഥവാക്കുകൾ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
Hose Mal1910 10:5  ശമൎയ്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
Hose Mal1910 10:6  അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
Hose Mal1910 10:7  ശമൎയ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
Hose Mal1910 10:8  യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളെക്കും; അവർ മലകളോടു: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും.
Hose Mal1910 10:9  യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
Hose Mal1910 10:10  ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരെ കൂടിവരും.
Hose Mal1910 10:11  എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
Hose Mal1910 10:12  നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വൎഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
Hose Mal1910 10:13  നിങ്ങൾ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
Hose Mal1910 10:14  അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകൎത്തുകളഞ്ഞുവല്ലോ.
Hose Mal1910 10:15  അങ്ങനെ തന്നേ അവർ നിങ്ങളുടെ മഹാദുഷ്ടതനിമിത്തം ബേഥേലിൽവെച്ചു നിങ്ങൾക്കും ചെയ്യും; പുലൎച്ചെക്കു യിസ്രായേൽരാജാവു അശേഷം നശിച്ചുപോകും.
Chapter 11
Hose Mal1910 11:1  യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.
Hose Mal1910 11:2  അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.
Hose Mal1910 11:3  ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൌഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല.
Hose Mal1910 11:4  മനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവൎക്കു ആയിരുന്നു; ഞാൻ അവൎക്കു തീൻ ഇട്ടുകൊടുത്തു.
Hose Mal1910 11:5  അവൻ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാൻ അവൎക്കു മനസ്സില്ലായ്കകൊണ്ടു അശ്ശൂൎയ്യൻ അവന്റെ രാജാവാകും.
Hose Mal1910 11:6  അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിന്മേൽ വീണു അവന്റെ ഓടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
Hose Mal1910 11:7  എന്റെ ജനം എന്നെ വിട്ടു പിന്തിരിവാൻ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിൎന്നുനില്ക്കുന്നില്ല.
Hose Mal1910 11:8  എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീൎക്കും? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
Hose Mal1910 11:9  എന്റെ ഉഗ്രകോപം ഞാൻ നടത്തുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നേ; ഞാൻ ക്രോധത്തോടെ വരികയുമില്ല.
Hose Mal1910 11:10  സിംഹംപോലെ ഗൎജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; അവൻ ഗൎജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്നു മക്കൾ വിറെച്ചുംകൊണ്ടു വരും.
Hose Mal1910 11:11  അവർ മിസ്രയീമിൽനിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാൎപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Hose Mal1910 11:12  എഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.
Chapter 12
Hose Mal1910 12:1  എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വൎദ്ധിപ്പിക്കുന്നു; അവർ അശ്ശൂൎയ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
Hose Mal1910 12:2  യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദൎശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
Hose Mal1910 12:3  അവൻ ഗൎഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
Hose Mal1910 12:4  അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
Hose Mal1910 12:5  യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
Hose Mal1910 12:6  അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.
Hose Mal1910 12:7  അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.
Hose Mal1910 12:8  എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായ്തീൎന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
Hose Mal1910 12:9  ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
Hose Mal1910 12:10  ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദൎശനങ്ങളെ വൎദ്ധിപ്പിച്ചു; പ്രവാചകന്മാർമുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
Hose Mal1910 12:11  ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യൎത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
Hose Mal1910 12:12  യാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേൽ ഒരു ഭാൎയ്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാൎയ്യക്കുവേണ്ടി ആടുകളെ പാലിച്ചു.
Hose Mal1910 12:13  യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.
Hose Mal1910 12:14  എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കൎത്താവു അവന്റെ രക്തത്തെ അവന്റെമേൽ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
Chapter 13
Hose Mal1910 13:1  എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.
Hose Mal1910 13:2  ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.
Hose Mal1910 13:3  അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
Hose Mal1910 13:4  ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
Hose Mal1910 13:5  ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
Hose Mal1910 13:6  അവൎക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയൎന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു.
Hose Mal1910 13:7  ആകയാൽ ഞാൻ അവൎക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവൎക്കായി പതിയിരിക്കും;
Hose Mal1910 13:8  കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‌വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
Hose Mal1910 13:9  യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
Hose Mal1910 13:10  നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?
Hose Mal1910 13:11  എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
Hose Mal1910 13:12  എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
Hose Mal1910 13:13  നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗൎഭദ്വാരത്തിങ്കൽ എത്തുന്നില്ല.
Hose Mal1910 13:14  ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
Hose Mal1910 13:15  അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവൎന്നുകൊണ്ടുപോകും.
Hose Mal1910 13:16  ശമൎയ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകൎത്തുകളയും; അവരുടെ ഗൎഭിണികളുടെ ഉദരം പിളൎന്നുകളയും.
Chapter 14
Hose Mal1910 14:1  യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
Hose Mal1910 14:2  നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാൎപ്പണമായ കാളകളെ അൎപ്പിക്കും;
Hose Mal1910 14:3  അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.
Hose Mal1910 14:4  ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാൎയ്യമായി സ്നേഹിക്കും.
Hose Mal1910 14:5  ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.
Hose Mal1910 14:6  അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
Hose Mal1910 14:7  അവന്റെ നിഴലിൽ പാൎക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിൎക്കയും ചെയ്യും; അതിന്റെ കീൎത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
Hose Mal1910 14:8  എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്തു? ഞാൻ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും.
Hose Mal1910 14:9  ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.