Site uses cookies to provide basic functionality.

OK
II SAMUEL
Up
Chapter 1
II S Mal1910 1:1  ശൌൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാൎക്കയും ചെയ്ത ശേഷം
II S Mal1910 1:2  മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
II S Mal1910 1:3  ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽപാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.
II S Mal1910 1:4  ദാവീദ് അവനോടു: കാൎയ്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.
II S Mal1910 1:5  വൎത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
II S Mal1910 1:6  വൎത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപൎവ്വതത്തിലേക്കു ചെന്നപ്പോൾ ശൌൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടൎന്നടുക്കുന്നതും കണ്ടു;
II S Mal1910 1:7  അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.
II S Mal1910 1:8  നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.
II S Mal1910 1:9  അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 1:10  അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.
II S Mal1910 1:11  ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
II S Mal1910 1:12  അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.
II S Mal1910 1:13  ദാവീദ് വൎത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.
II S Mal1910 1:14  ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.
II S Mal1910 1:15  പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.
II S Mal1910 1:16  അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
II S Mal1910 1:17  അനന്തരം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി -
II S Mal1910 1:18  അവൻ യെഹൂദാമക്കളെ ഈ ധനുൎഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-
II S Mal1910 1:19  യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ!
II S Mal1910 1:20  ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചൎമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
II S Mal1910 1:21  ഗിൽബോവപൎവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
II S Mal1910 1:22  നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാൾ വൃഥാ പോന്നതുമില്ല.
II S Mal1910 1:23  ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ, സിംഹത്തിലും വീൎയ്യവാന്മാർ.
II S Mal1910 1:24  യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
II S Mal1910 1:25  യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
II S Mal1910 1:26  യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.
II S Mal1910 1:27  വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
Chapter 2
II S Mal1910 2:1  അനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
II S Mal1910 2:2  അങ്ങനെ ദാവീദ് യിസ്രെയേല്ക്കാരത്തി അഹീനോവം, കൎമ്മേല്യൻനാബാലിന്റെ ഭാൎയ്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാൎയ്യമാരുമായി അവിടേക്കു ചെന്നു.
II S Mal1910 2:3  ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാൎത്തു.
II S Mal1910 2:4  അപ്പോൾ യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
II S Mal1910 2:5  ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
II S Mal1910 2:6  യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാൎയ്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും.
II S Mal1910 2:7  ആകയാൽ നിങ്ങൾ ധൈൎയ്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൌൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
II S Mal1910 2:8  എന്നാൽ ശൌലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
II S Mal1910 2:9  അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യൎക്കും രാജാവാക്കി,
II S Mal1910 2:10  ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേൎന്നുനിന്നു.
II S Mal1910 2:11  ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറുമാസവും തന്നേ.
II S Mal1910 2:12  നേരിന്റെ മകൻ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
II S Mal1910 2:13  അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
II S Mal1910 2:14  അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
II S Mal1910 2:15  അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
II S Mal1910 2:16  ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
II S Mal1910 2:17  അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
II S Mal1910 2:18  അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
II S Mal1910 2:19  അസാഹേൽ അബ്നേരിനെ പിന്തുടൎന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
II S Mal1910 2:20  അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു.
II S Mal1910 2:21  അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവൎഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല.
II S Mal1910 2:22  അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
II S Mal1910 2:23  എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.
II S Mal1910 2:24  യോവാബും അബീശായിയും അബ്നോരിനെ പിന്തുടൎന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂൎയ്യൻ അസ്തമിച്ചു.
II S Mal1910 2:25  ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു.
II S Mal1910 2:26  അപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
II S Mal1910 2:27  അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
II S Mal1910 2:28  ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടൎന്നില്ല പൊരുതതുമില്ല.
II S Mal1910 2:29  അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു യോൎദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി.
II S Mal1910 2:30  യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
II S Mal1910 2:31  എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
II S Mal1910 2:32  അസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലൎച്ചെക്കു ഹെബ്രോനിൽ എത്തി.
Chapter 3
II S Mal1910 3:1  ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീൎഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
II S Mal1910 3:2  ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
II S Mal1910 3:3  കൎമ്മേല്യൻനാബാലിന്റെ ഭാൎയ്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
II S Mal1910 3:4  ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;
II S Mal1910 3:5  ദാവീദിന്റെ ഭാൎയ്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
II S Mal1910 3:6  ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൌലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
II S Mal1910 3:7  എന്നാൽ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടു: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നതു എന്തു എന്നു ചോദിച്ചു.
II S Mal1910 3:8  അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാൻ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
II S Mal1910 3:9  ശൌലിന്റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‌വാൻ തക്കവണ്ണം
II S Mal1910 3:10  യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാൻ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
II S Mal1910 3:11  അവൻ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.
II S Mal1910 3:12  അനന്തരം അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആൎക്കുള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
II S Mal1910 3:13  അതിന്നു അവൻ: നല്ലതു; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാൎയ്യം നിന്നോടു ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു.
II S Mal1910 3:14  ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചൎമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാൎയ്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
II S Mal1910 3:15  ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭൎത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
II S Mal1910 3:16  അവളുടെ ഭൎത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
II S Mal1910 3:17  അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.
II S Mal1910 3:18  ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
II S Mal1910 3:19  അങ്ങനെ തന്നേ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിന്നും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനിൽ പോയി.
II S Mal1910 3:20  ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവൎക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
II S Mal1910 3:21  അബ്നേർ ദാവീദിനോടു: ഞാൻ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവൎക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
II S Mal1910 3:22  അപ്പോൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവൎച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
II S Mal1910 3:23  യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവു കിട്ടി.
II S Mal1910 3:24  യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തതു? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
II S Mal1910 3:25  അവൻ പോയല്ലോ? നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നതു എന്നു പറഞ്ഞു.
II S Mal1910 3:26  യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
II S Mal1910 3:27  അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാൎയ്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
II S Mal1910 3:28  ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
II S Mal1910 3:29  അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
II S Mal1910 3:30  അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
II S Mal1910 3:31  ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
II S Mal1910 3:32  അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവു അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
II S Mal1910 3:33  രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
II S Mal1910 3:34  നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
II S Mal1910 3:35  നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂൎയ്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
II S Mal1910 3:36  ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സൎവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവൎക്കു ബോധിച്ചു.
II S Mal1910 3:37  നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
II S Mal1910 3:38  രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
II S Mal1910 3:39  ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവൎത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
Chapter 4
II S Mal1910 4:1  അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചു പോയതു ശൌലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈൎയ്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.
II S Mal1910 4:2  എന്നാൽ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേർ. അവൻ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു.
II S Mal1910 4:3  ബെരോത്യർ ഗിത്ഥയീമിലേക്കു ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാൎക്കുന്നു.
II S Mal1910 4:4  ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകൻ ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൌലിന്റെയും യോനാഥാന്റെയും വൎത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഓടി; അവൾ ബദ്ധപ്പെട്ടു ഓടുമ്പോൾ അവൻ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേർ.
II S Mal1910 4:5  ബെരോത്യർ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയിൽ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.
II S Mal1910 4:6  അവർ കോതമ്പു എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.
II S Mal1910 4:7  അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു
II S Mal1910 4:8  ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടു: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 4:9  എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞതു: എന്റെ പ്രാണനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,
II S Mal1910 4:10  ശൌൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവൎത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ലാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വൎത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
II S Mal1910 4:11  എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവെച്ചു കൊലചെയ്താൽ എത്ര അധികം? ഞാൻ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?
II S Mal1910 4:12  പിന്നെ ദാവീദ് തന്റെ ബാല്യക്കാൎക്കു കല്പനകൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കം ചെയ്തു.
Chapter 5
II S Mal1910 5:1  അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
II S Mal1910 5:2  മുമ്പു ശൌൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
II S Mal1910 5:3  ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
II S Mal1910 5:4  ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.
II S Mal1910 5:5  അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
II S Mal1910 5:6  രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാൻ കഴികയില്ലെന്നുവെച്ചു അവർ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.
II S Mal1910 5:7  എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.
II S Mal1910 5:8  അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീൎപ്പാത്തിയിൽ കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
II S Mal1910 5:9  ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.
II S Mal1910 5:10  സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീൎന്നു.
II S Mal1910 5:11  സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.
II S Mal1910 5:12  ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.
II S Mal1910 5:13  ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവെച്ചു അധികം വെപ്പാട്ടികളെയും ഭാൎയ്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
II S Mal1910 5:14  യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
II S Mal1910 5:15  യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,
II S Mal1910 5:16  എലീശാമാ, എല്യാദാവു, എലീഫേലെത്ത്,
II S Mal1910 5:17  എന്നാൽ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുൎഗ്ഗത്തിൽ കടന്നു പാൎത്തു.
II S Mal1910 5:18  ഫെലിസ്ത്യർ വന്നു രെഫായീം താഴ്വരയിൽ പരന്നു.
II S Mal1910 5:19  അപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
II S Mal1910 5:20  അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകൎത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.
II S Mal1910 5:21  അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.
II S Mal1910 5:22  ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്വരയിൽ പരന്നു.
II S Mal1910 5:23  ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക.
II S Mal1910 5:24  ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി.
II S Mal1910 5:25  യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.
Chapter 6
II S Mal1910 6:1  അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി
II S Mal1910 6:2  കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
II S Mal1910 6:3  അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
II S Mal1910 6:4  കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോൾ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.
II S Mal1910 6:5  ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
II S Mal1910 6:6  അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.
II S Mal1910 6:7  അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.
II S Mal1910 6:8  യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
II S Mal1910 6:9  അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു.
II S Mal1910 6:10  ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു.
II S Mal1910 6:11  യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
II S Mal1910 6:12  ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
II S Mal1910 6:13  യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
II S Mal1910 6:14  ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂൎണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
II S Mal1910 6:15  അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആൎപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
II S Mal1910 6:16  എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
II S Mal1910 6:17  അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു.
II S Mal1910 6:18  ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു തീൎന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
II S Mal1910 6:19  പിന്നെ അവൻ യിസ്രായേലിന്റെ സൎവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാൎക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
II S Mal1910 6:20  അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോൾ ശൌലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റു ചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവു ഇന്നു എത്ര മഹത്വമുള്ളവൻ എന്നു പറഞ്ഞു.
II S Mal1910 6:21  ദാവീദ് മീഖളിനോടു: യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും.
II S Mal1910 6:22  ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.
II S Mal1910 6:23  എന്നാൽ ശൌലിന്റെ മകളായ മീഖളിന്നു ജീവപൎയ്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
Chapter 7
II S Mal1910 7:1  യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയിൽ വസിക്കുംകാലത്തു
II S Mal1910 7:2  ഒരിക്കൽ രാജാവു നാഥാൻപ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 7:3  നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
II S Mal1910 7:4  എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാൽ:
II S Mal1910 7:5  എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
II S Mal1910 7:6  ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
II S Mal1910 7:7  എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
II S Mal1910 7:8  ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു, ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.
II S Mal1910 7:9  നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും.
II S Mal1910 7:10  ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാൎത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.
II S Mal1910 7:11  ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
II S Mal1910 7:12  നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടൎച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
II S Mal1910 7:13  അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
II S Mal1910 7:14  ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
II S Mal1910 7:15  എങ്കിലും നിന്റെ മുമ്പിൽ നിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
II S Mal1910 7:16  നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
II S Mal1910 7:17  ഈ സകലവാക്കുകൾക്കും ദൎശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
II S Mal1910 7:18  അപ്പോൾ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കൎത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
II S Mal1910 7:19  കൎത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീൎഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കൎത്താവായ യഹോവേ, ഇതു മനുഷ്യൎക്കു ഉപദേശമല്ലോ?
II S Mal1910 7:20  ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കൎത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.
II S Mal1910 7:21  നിന്റെ വചനം നിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാൎയ്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.
II S Mal1910 7:22  അതുകൊണ്ടു കൎത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓൎത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.
II S Mal1910 7:23  നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവൎക്കു വേണ്ടി വൻകാൎയ്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാൎയ്യങ്ങളും പ്രവൎത്തിച്ചുവല്ലോ.
II S Mal1910 7:24  നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവൎക്കു ദൈവമായ്തീൎന്നുമിരിക്കുന്നു.
II S Mal1910 7:25  ഇപ്പോഴും കൎത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.
II S Mal1910 7:26  സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
II S Mal1910 7:27  ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാൎത്ഥന കഴിപ്പാൻ അടിയൻ ധൈൎയ്യം പ്രാപിച്ചു.
II S Mal1910 7:28  കൎത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
II S Mal1910 7:29  ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കൎത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
Chapter 8
II S Mal1910 8:1  അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യിൽനിന്നു കരസ്ഥമാക്കി.
II S Mal1910 8:2  അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
II S Mal1910 8:3  രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു.
II S Mal1910 8:4  അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
II S Mal1910 8:5  സോബരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിനോടു ചേൎന്ന അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരംപേരെ സംഹരിച്ചു.
II S Mal1910 8:6  പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേൎന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാൎപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീൎന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
II S Mal1910 8:7  ഹദദേസെരിന്റെ ഭൃത്യന്മാൎക്കു ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
II S Mal1910 8:8  ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
II S Mal1910 8:9  ദാവീദ് ഹദദേസെരിന്റെ സൎവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ
II S Mal1910 8:10  ദാവീദ് രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
II S Mal1910 8:11  ദാവീദ് രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും
II S Mal1910 8:12  രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
II S Mal1910 8:13  പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീൎത്തി സമ്പാദിച്ചു.
II S Mal1910 8:14  അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാൎപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീൎന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
II S Mal1910 8:15  ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
II S Mal1910 8:16  സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
II S Mal1910 8:17  അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
II S Mal1910 8:18  യഹോയാദയുടെ മകൻ ബെനായാവു ക്രേത്യൎക്കും പ്ലേത്യൎക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
Chapter 9
II S Mal1910 9:1  അനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.
II S Mal1910 9:2  എന്നാൽ ശൌലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവു അവനോടു: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്നു അവൻ പറഞ്ഞു.
II S Mal1910 9:3  ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകൻ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
II S Mal1910 9:4  അവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
II S Mal1910 9:5  അപ്പോൾ ദാവീദ് രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി.
II S Mal1910 9:6  ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.
II S Mal1910 9:7  ദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൌലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.
II S Mal1910 9:8  അവൻ നമസ്കരിച്ചുംകൊണ്ടു: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു എന്നു പറഞ്ഞു.
II S Mal1910 9:9  അപ്പോൾ രാജാവു ശൌലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതു: ശൌലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു.
II S Mal1910 9:10  നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
II S Mal1910 9:11  രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.
II S Mal1910 9:12  മെഫീബോശെത്തിന്നു ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീൎന്നു.
II S Mal1910 9:13  ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
Chapter 10
II S Mal1910 10:1  അതിന്റെശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി.
II S Mal1910 10:2  അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
II S Mal1910 10:3  ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചതു എന്നു പറഞ്ഞു.
II S Mal1910 10:4  അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.
II S Mal1910 10:5  ദാവീദ്‌രാജാവു ഇതു അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.
II S Mal1910 10:6  തങ്ങൾ ദാവീദിന്നു വെറുപ്പുള്ളവരായ്തീൎന്നു എന്നു അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.
II S Mal1910 10:7  ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
II S Mal1910 10:8  അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്ക്കൽ പടെക്കു അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
II S Mal1910 10:9  തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.
II S Mal1910 10:10  ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു:
II S Mal1910 10:11  അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും.
II S Mal1910 10:12  ധൈൎയ്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
II S Mal1910 10:13  പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടിപ്പോയി.
II S Mal1910 10:14  അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
II S Mal1910 10:15  തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടിട്ടു അവർ ഒന്നിച്ചുകൂടി.
II S Mal1910 10:16  ഹദദേസെർ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.
II S Mal1910 10:17  അതു ദാവീദിന്നു അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോൎദ്ദാൻ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.
II S Mal1910 10:18  അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.
II S Mal1910 10:19  എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യൎക്കു സഹായം ചെയ്‌വാൻ അരാമ്യർ ഭയപ്പെട്ടു.
Chapter 11
II S Mal1910 11:1  പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി, രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു.
II S Mal1910 11:2  ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
II S Mal1910 11:3  ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാൎയ്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
II S Mal1910 11:4  ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
II S Mal1910 11:5  ആ സ്ത്രീ ഗൎഭം ധരിച്ചു, താൻ ഗൎഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വൎത്തമാനം അയച്ചു.
II S Mal1910 11:6  അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു.
II S Mal1910 11:7  ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവൎത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
II S Mal1910 11:8  പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
II S Mal1910 11:9  ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
II S Mal1910 11:10  ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
II S Mal1910 11:11  ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാൎയ്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.
II S Mal1910 11:12  അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു.
II S Mal1910 11:13  പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.
II S Mal1910 11:14  രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
II S Mal1910 11:15  എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിൎത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിൻ എന്നു എഴുതിയിരുന്നു.
II S Mal1910 11:16  അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിൎത്തി.
II S Mal1910 11:17  പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
II S Mal1910 11:18  പിന്നെ യോവാബ് ആ യുദ്ധവൎത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു.
II S Mal1910 11:19  അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവൎത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:
II S Mal1910 11:20  നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽനിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ?
II S Mal1910 11:21  യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൻപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
II S Mal1910 11:22  ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വൎത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.
II S Mal1910 11:23  ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കലോളം അവരെ പിന്തുടൎന്നടുത്തുപോയി.
II S Mal1910 11:24  അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.
II S Mal1910 11:25  അതിന്നു ദാവീദ് ദൂതനോടു: ഈ കാൎയ്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈൎയ്യപ്പെടുത്തേണം എന്നു കല്പിച്ചു.
II S Mal1910 11:26  ഊരീയാവിന്റെ ഭാൎയ്യ തന്റെ ഭൎത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭൎത്താവിനെക്കുറിച്ചു വിലപിച്ചു.
II S Mal1910 11:27  വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാൎയ്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.
Chapter 12
II S Mal1910 12:1  അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
II S Mal1910 12:2  ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
II S Mal1910 12:3  ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളൎത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളൎന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
II S Mal1910 12:4  ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.
II S Mal1910 12:5  അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ.
II S Mal1910 12:6  അവൻ കനിവില്ലാതെ ഈ കാൎയ്യം പ്രവൎത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
II S Mal1910 12:7  നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
II S Mal1910 12:8  ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാൎവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാൎയ്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു.
II S Mal1910 12:9  നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാൎയ്യയെ നിനക്കു ഭാൎയ്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു.
II S Mal1910 12:10  നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാൎയ്യയെ നിനക്കു ഭാൎയ്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
II S Mal1910 12:11  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനൎത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാൎയ്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂൎയ്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാൎയ്യമാരോടുകൂടെ ശയിക്കും.
II S Mal1910 12:12  നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാൎയ്യം യിസ്രായേലൊക്കെയും കാൺകെ സൂൎയ്യന്റെ വെട്ടത്തു തന്നേ നടത്തും.
II S Mal1910 12:13  ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
II S Mal1910 12:14  എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
II S Mal1910 12:15  ഊരീയാവിന്റെ ഭാൎയ്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
II S Mal1910 12:16  ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
II S Mal1910 12:17  അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
II S Mal1910 12:18  എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കു തന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു.
II S Mal1910 12:19  ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു.
II S Mal1910 12:20  ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽ വെച്ചു അവൻ ഭക്ഷിച്ചു.
II S Mal1910 12:21  അവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
II S Mal1910 12:22  അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആൎക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.
II S Mal1910 12:23  ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കിവരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
II S Mal1910 12:24  പിന്നെ ദാവീദ് തന്റെ ഭാൎയ്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
II S Mal1910 12:25  അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
II S Mal1910 12:26  എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
II S Mal1910 12:27  യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
II S Mal1910 12:28  ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീൎത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
II S Mal1910 12:29  അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
II S Mal1910 12:30  അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
II S Mal1910 12:31  അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈൎച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Chapter 13
II S Mal1910 13:1  അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദൎയ്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു.
II S Mal1910 13:2  തന്റെ സഹോദരിയായ താമാർനിമിത്തം മാൽ മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീൎന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‌വാൻ അമ്നോന്നു പ്രയാസം തോന്നി.
II S Mal1910 13:3  എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
II S Mal1910 13:4  അവൻ അവനോടു: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 13:5  യോനാദാബ് അവനോടു: നീ രോഗംനടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചുതന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.
II S Mal1910 13:6  അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽനിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽ വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
II S Mal1910 13:7  ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
II S Mal1910 13:8  താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചുതന്നേ വടകളായി ചുട്ടു.
II S Mal1910 13:9  ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.
II S Mal1910 13:10  അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
II S Mal1910 13:11  അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
II S Mal1910 13:12  അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതേ.
II S Mal1910 13:13  എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
II S Mal1910 13:14  എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാല്ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
II S Mal1910 13:15  പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു;
II S Mal1910 13:16  അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.
II S Mal1910 13:17  അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.
II S Mal1910 13:18  അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു.
II S Mal1910 13:19  അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
II S Mal1910 13:20  അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാൎയ്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാൎത്തു.
II S Mal1910 13:21  ദാവീദ് രാജാവു ഈ കാൎയ്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
II S Mal1910 13:22  എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
II S Mal1910 13:23  രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
II S Mal1910 13:24  അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
II S Mal1910 13:25  രാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിൎബ്ബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു.
II S Mal1910 13:26  അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
II S Mal1910 13:27  എങ്കിലും അബ്ശാലോം നിൎബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
II S Mal1910 13:28  എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചു കൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈൎയ്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.
II S Mal1910 13:29  അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.
II S Mal1910 13:30  അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വൎത്തമാനം എത്തി.
II S Mal1910 13:31  അപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
II S Mal1910 13:32  എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിൎണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.
II S Mal1910 13:33  ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വൎത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള.
II S Mal1910 13:34  എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയൎത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
II S Mal1910 13:35  അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.
II S Mal1910 13:36  അവൻ സംസാരിച്ചു തീൎന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
II S Mal1910 13:37  എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
II S Mal1910 13:38  ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
II S Mal1910 13:39  എന്നാൽ ദാവീദ് രാജാവു അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.
Chapter 14
II S Mal1910 14:1  രാജാവിന്റെ മനസ്സു അബ്ശാലോമിന്റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോൾ തെക്കോവയിലേക്കു ആളയച്ചു
II S Mal1910 14:2  അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടു: മരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാൎയ്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും
II S Mal1910 14:3  രാജാവിന്റെ അടുക്കൽ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവൾക്കു ഉപദേശിച്ചുകൊടുത്തു.
II S Mal1910 14:4  ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
II S Mal1910 14:5  രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭൎത്താവു മരിച്ചുപോയി.
II S Mal1910 14:6  എന്നാൽ അടിയന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവെച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ടു ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.
II S Mal1910 14:7  കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭൎത്താവിന്നു പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു.
II S Mal1910 14:8  രാജാവു സ്ത്രീയോടു: നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാൎയ്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.
II S Mal1910 14:9  ആ തെക്കോവക്കാരത്തി രാജാവിനോടു: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.
II S Mal1910 14:10  അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
II S Mal1910 14:11  രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഓൎക്കേണമേ എന്നു അവൾ പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ മകന്റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
II S Mal1910 14:12  അപ്പോൾ ആ സ്ത്രീ: യജമാനനായ രാജാവിനോടു അടിയൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവൻ പറഞ്ഞു.
II S Mal1910 14:13  ആ സ്ത്രീ പറഞ്ഞതു: ഇങ്ങനെയുള്ള കാൎയ്യം നീ ദൈവത്തിന്റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ.
II S Mal1910 14:14  നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേൎത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാൎഗ്ഗം ചിന്തിക്കുന്നു.
II S Mal1910 14:15  ഞാൻ ഇപ്പോൾ യജമാനനായ രാജാവിനെ ഈ കാൎയ്യം ഉണൎത്തിപ്പാൻ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ടു ഇപ്പോൾ രാജാവിനെ ഉണൎത്തിക്കട്ടെ. പക്ഷേ രാജാവു അടിയന്റെ അപേക്ഷ പ്രകാരം ചെയ്യുമായിരിക്കും;
II S Mal1910 14:16  രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുമല്ലോ എന്നു അടിയൻ വിചാരിച്ചു.
II S Mal1910 14:17  യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാൻ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയൻ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
II S Mal1910 14:18  രാജാവു സ്ത്രീയോടു: ഞാൻ നിന്നോടു ഒരു കാൎയ്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.
II S Mal1910 14:19  അപ്പോൾ രാജാവു: ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആൎക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവൻ തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു.
II S Mal1910 14:20  കാൎയ്യത്തിന്റെ രൂപം മാറ്റേണ്ടതിന്നു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.
II S Mal1910 14:21  രാജാവു യോവാബിനോടു: ഞാൻ ഈ കാൎയ്യം സമ്മതിച്ചിരിക്കുന്നു; അതു കൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.
II S Mal1910 14:22  യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.
II S Mal1910 14:23  അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
II S Mal1910 14:24  എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
II S Mal1910 14:25  എന്നാൽ എല്ലായിസ്രായേലിലും സൌന്ദൎയ്യംകൊണ്ടു അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
II S Mal1910 14:26  അവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെൽ കാണും.
II S Mal1910 14:27  അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൌന്ദൎയ്യമുള്ള സ്ത്രീ ആയിരുന്നു.
II S Mal1910 14:28  രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാൎത്തു.
II S Mal1910 14:29  ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന്നു അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
II S Mal1910 14:30  അതുകൊണ്ടു അവൻ തന്റെ ഭൃത്യന്മാരോടു: എന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങൾ ചെന്നു അതു തീവെച്ചു ചുട്ടുകളവിൻ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
II S Mal1910 14:31  അപ്പോൾ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടിൽ ചെന്നു അവനോടു: നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.
II S Mal1910 14:32  അബ്ശാലോം യോവാബിനോടു: ഞാൻ ഗെശൂരിൽനിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നേ പാൎത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
II S Mal1910 14:33  യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.
Chapter 15
II S Mal1910 15:1  അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
II S Mal1910 15:2  അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്ക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിന്നായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്നു അവൻ പറയുമ്പോൾ
II S Mal1910 15:3  അബ്ശാലോം അവനോടു: നിന്റെ കാൎയ്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാൎയ്യം കേൾപ്പാൻ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
II S Mal1910 15:4  ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവൎക്കു ന്യായം തീൎപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
II S Mal1910 15:5  ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
II S Mal1910 15:6  രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
II S Mal1910 15:7  നാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേൎന്ന ഒരു നേൎച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.
II S Mal1910 15:8  യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാൎത്ത കാലം ഒരു നേൎച്ച നേൎന്നിരുന്നു.
II S Mal1910 15:9  രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
II S Mal1910 15:10  എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.
II S Mal1910 15:11  അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാൎത്ഥതയിലായിരുന്നു പോയതു.
II S Mal1910 15:12  അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
II S Mal1910 15:13  അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു.
II S Mal1910 15:14  അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനൎത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു.
II S Mal1910 15:15  രാജഭൃത്യന്മാർ രാജാവിനോടു: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു.
II S Mal1910 15:16  അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
II S Mal1910 15:17  ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;
II S Mal1910 15:18  അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
II S Mal1910 15:19  രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാൎക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊൾക;
II S Mal1910 15:20  നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
II S Mal1910 15:21  അതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.
II S Mal1910 15:22  ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.
II S Mal1910 15:23  ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി.
II S Mal1910 15:24  സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു.
II S Mal1910 15:25  രാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും.
II S Mal1910 15:26  അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.
II S Mal1910 15:27  രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദൎശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
II S Mal1910 15:28  എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവൎത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.
II S Mal1910 15:29  അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
II S Mal1910 15:30  ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
II S Mal1910 15:31  അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവു കിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
II S Mal1910 15:32  പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോൾ അൎഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.
II S Mal1910 15:33  അവനോടു ദാവീദ് പറഞ്ഞതു: നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.
II S Mal1910 15:34  എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടു: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യൎത്ഥമാക്കുവാൻ കഴിയും.
II S Mal1910 15:35  അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയിൽ നിന്നു കേൾക്കുന്ന വൎത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
II S Mal1910 15:36  അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വൎത്തമാനം ഒക്കെയും അവർമുഖാന്തരം എന്നെ അറിയിപ്പിൻ.
II S Mal1910 15:37  അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.
Chapter 16
II S Mal1910 16:1  ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.
II S Mal1910 16:2  രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാൎക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാൎക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവൎക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
II S Mal1910 16:3  നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാൎക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു.
II S Mal1910 16:4  രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
II S Mal1910 16:5  ദാവീദ്‌രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.
II S Mal1910 16:6  അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
II S Mal1910 16:7  ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ.
II S Mal1910 16:8  ശൌൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.
II S Mal1910 16:9  അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.
II S Mal1910 16:10  അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു.
II S Mal1910 16:11  പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചൎയ്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
II S Mal1910 16:12  പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും.
II S Mal1910 16:13  ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
II S Mal1910 16:14  രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
II S Mal1910 16:15  എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
II S Mal1910 16:16  ദാവീദിന്റെ സ്നേഹിതൻ അൎഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
II S Mal1910 16:17  അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.
II S Mal1910 16:18  അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.
II S Mal1910 16:19  ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
II S Mal1910 16:20  അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചുപറവിൻ എന്നു പറഞ്ഞു.
II S Mal1910 16:21  അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാൎപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈൎയ്യപ്പെടും എന്നു പറഞ്ഞു.
II S Mal1910 16:22  അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
II S Mal1910 16:23  അക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.
Chapter 17
II S Mal1910 17:1  അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
II S Mal1910 17:2  ക്ഷീണിച്ചും അധൈൎയ്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.
II S Mal1910 17:3  പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.
II S Mal1910 17:4  ഈ വാക്കു അബ്ശാലോമിന്നും യിസ്രായേൽമൂപ്പന്മാൎക്കൊക്കെയും വളരെ ബോധിച്ചു.
II S Mal1910 17:5  എന്നാൽ അബ്ശാലോം: അൎഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ എന്നു പറഞ്ഞു.
II S Mal1910 17:6  ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
II S Mal1910 17:7  ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
II S Mal1910 17:8  നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവൎന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാൎക്കയില്ല.
II S Mal1910 17:9  അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നേ ഇവരിൽ ചിലർ പട്ടുപോയാൽ അതു കേൾക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.
II S Mal1910 17:10  അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
II S Mal1910 17:11  ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
II S Mal1910 17:12  അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.
II S Mal1910 17:13  അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും.
II S Mal1910 17:14  അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അൎഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനൎത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യൎത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
II S Mal1910 17:15  അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
II S Mal1910 17:16  ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ചു: ഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കൽ പാൎക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിൻ എന്നു പറഞ്ഞു.
II S Mal1910 17:17  എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നേ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ടു ഏൻ-രോഗെലിന്നരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കയും ചെയ്യും;
II S Mal1910 17:18  എന്നാൽ ഒരു ബാല്യക്കാരൻ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹുരീമിൽ ഒരു ആളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
II S Mal1910 17:19  വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേൽ വിരിച്ചു അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാൎയ്യം അറിവാൻ ഇടയായില്ല.
II S Mal1910 17:20  അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നു: അവർ നീർതോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
II S Mal1910 17:21  അവർ പോയശേഷം അവർ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ് രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 17:22  ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോൎദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോൎദ്ദാൻ കടക്കാതെ ഒരുത്തൻപോലും ശേഷിച്ചില്ല.
II S Mal1910 17:23  എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാൎയ്യം ക്രമപ്പെടുത്തിയശേഷം കെട്ടിഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
II S Mal1910 17:24  പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോൎദ്ദാൻ കടന്നു.
II S Mal1910 17:25  അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ടു ഉണ്ടായ മകൻ.
II S Mal1910 17:26  എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്തു പാളയമിറങ്ങി.
II S Mal1910 17:27  ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്നു നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്നു അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്നു ഗിലെയാദ്യൻ ബൎസില്ലായി എന്നിവർ
II S Mal1910 17:28  കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു, തേൻ, വെണ്ണ, ആടു, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവർ പറഞ്ഞു.
Chapter 18
II S Mal1910 18:1  അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവൎക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
II S Mal1910 18:2  ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
II S Mal1910 18:3  എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നുവരികിൽ ഞങ്ങളുടെ കാൎയ്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേൎക്കു തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
II S Mal1910 18:4  രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്ക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
II S Mal1910 18:5  അബ്ശാലോംകുമാരനോടു എന്നെ ഓൎത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
II S Mal1910 18:6  പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
II S Mal1910 18:7  യിസ്രായേൽജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ പട്ടുപോയി.
II S Mal1910 18:8  പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീൎന്നു.
II S Mal1910 18:9  അബ്ശാലോം ദാവീദിന്റെ ചേവകൎക്കു എതിൎപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി.
II S Mal1910 18:10  ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
II S Mal1910 18:11  യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാൻ നിനക്കു പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
II S Mal1910 18:12  അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.
II S Mal1910 18:13  അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നേ എന്നോടു അകന്നു നില്ക്കുമായിരുന്നു.
II S Mal1910 18:14  എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
II S Mal1910 18:15  യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
II S Mal1910 18:16  പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
II S Mal1910 18:17  അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഓടിപ്പോയി.
II S Mal1910 18:18  അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിൎത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
II S Mal1910 18:19  അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വൎത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
II S Mal1910 18:20  യോവാബ് അവനോടു: നീ ഇന്നു സദ്വൎത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വൎത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വൎത്തമാനദൂതനാകയില്ല എന്നു പറഞ്ഞു.
II S Mal1910 18:21  പിന്നെ യോവാബ് കൂശ്യനോടു: നീ കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.
II S Mal1910 18:22  അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
II S Mal1910 18:23  അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്നു: എന്നാൽ ഓടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.
II S Mal1910 18:24  എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്ക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയൎത്തിനോക്കി ഒരുത്തൻ തനിച്ചു ഓടിവരുന്നതു കണ്ടു.
II S Mal1910 18:25  കാവല്ക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വൎത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
II S Mal1910 18:26  അവൻ നടന്നു അടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുത്തൻ ഓടിവരുന്നതു കണ്ടു; കാവല്ക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വൎത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
II S Mal1910 18:27  ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവല്ക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവൎത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
II S Mal1910 18:28  അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.
II S Mal1910 18:29  അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
II S Mal1910 18:30  നീ അവിടെ മാറി നില്ക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു.
II S Mal1910 18:31  ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വൎത്തമാനം; നിന്നോടു എതിൎത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.
II S Mal1910 18:32  അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‌വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
II S Mal1910 18:33  ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
Chapter 19
II S Mal1910 19:1  രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.
II S Mal1910 19:2  എന്നാൽ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീൎന്നു.
II S Mal1910 19:3  ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
II S Mal1910 19:4  രാജാവു മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
II S Mal1910 19:5  അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞതു: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാൎയ്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകെക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
II S Mal1910 19:6  പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
II S Mal1910 19:7  ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകലഅനൎത്ഥത്തെക്കാളും വലിയ അനൎത്ഥമായ്തീരും.
II S Mal1910 19:8  അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്ക്കൽ ഇരുന്നു. രാജാവു പടിവാതില്ക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.
II S Mal1910 19:9  യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്കു ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തൎക്കിച്ചു: രാജാവു നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചതും അവൻ തന്നേ. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാടുവിട്ടു ഓടിപ്പോയിരിക്കുന്നു.
II S Mal1910 19:10  നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാൎയ്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.
II S Mal1910 19:11  അനന്തരം ദാവീദ് രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതു: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാൎയ്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാൎയ്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു.
II S Mal1910 19:12  നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാൎയ്യത്തിൽ നിങ്ങൾ പിമ്പരായി നില്ക്കുന്നതു എന്തു?
II S Mal1910 19:13  നിങ്ങൾ അമാസയോടു: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ.
II S Mal1910 19:14  ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകൎഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.
II S Mal1910 19:15  അങ്ങനെ രാജാവു മടങ്ങി യോൎദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റു യോൎദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
II S Mal1910 19:16  ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.
II S Mal1910 19:17  അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവു കാൺകെ യോൎദ്ദാൻ കടന്നുചെന്നു.
II S Mal1910 19:18  രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോൎദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു:
II S Mal1910 19:19  എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്തദോഷം രാജാവു മനസ്സിൽ വെക്കയും ഓൎക്കയും അരുതേ.
II S Mal1910 19:20  അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതുകൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന്നു ഇറങ്ങിവരുവാൻ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 19:21  എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
II S Mal1910 19:22  അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിന്നു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു.
II S Mal1910 19:23  പിന്നെ ശിമെയിയോടു: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
II S Mal1910 19:24  ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
II S Mal1910 19:25  എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽ നിന്നു വന്നപ്പോൾ രാജാവു അവനോടു: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
II S Mal1910 19:26  അതിന്നു അവൻ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, എന്റെ ഭൃത്യൻ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ.
II S Mal1910 19:27  അവൻ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യൻ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക.
II S Mal1910 19:28  യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോടു ആവലാധി പറവാൻ അടിയന്നു ഇനി എന്തു അവകാശമുള്ളു?
II S Mal1910 19:29  രാജാവു അവനോടു: നീ നിന്റെ കാൎയ്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു.
II S Mal1910 19:30  മെഫീബോശെത്ത് രാജാവിനോടു: അല്ല, അവൻ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
II S Mal1910 19:31  ഗിലെയാദ്യനായ ബൎസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോൎദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോൎദ്ദാൻ കടന്നു.
II S Mal1910 19:32  ബൎസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാൎത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
II S Mal1910 19:33  രാജാവു ബൎസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാൎപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
II S Mal1910 19:34  ബൎസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?
II S Mal1910 19:35  എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
II S Mal1910 19:36  അടിയൻ രാജാവിനോടുകൂടെ യോൎദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
II S Mal1910 19:37  എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവെച്ചു മരിക്കേണ്ടതിന്നു അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
II S Mal1910 19:38  അതിന്നു രാജാവു: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
II S Mal1910 19:39  പിന്നെ സകലജനവും യോൎദ്ദാൻ കടന്നു. രാജാവു യോൎദ്ദാൻ കടന്നശേഷം ബൎസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.
II S Mal1910 19:40  രാജാവു ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.
II S Mal1910 19:41  അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോടു: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോൎദ്ദാൻ കടത്തിയതു എന്തു എന്നു പറഞ്ഞു.
II S Mal1910 19:42  അതിന്നു യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോടു: രാജാവു ഞങ്ങൾക്കു അടുത്ത ചാൎച്ചക്കാരൻ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങൾ കോപിക്കുന്നതു എന്തിന്നു? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
II S Mal1910 19:43  യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോടു: രാജാവിങ്കൽ ഞങ്ങൾക്കു പത്തു ഓഹരി ഉണ്ടു; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ടു; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ ആദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
Chapter 20
II S Mal1910 20:1  എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
II S Mal1910 20:2  അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേൎന്നു; യെഹൂദാപുരുഷന്മാരോ യോൎദ്ദാൻതുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേൎന്നുനടന്നു.
II S Mal1910 20:3  ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാൎപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപൎയ്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
II S Mal1910 20:4  അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.
II S Mal1910 20:5  അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
II S Mal1910 20:6  എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.
II S Mal1910 20:7  അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
II S Mal1910 20:8  അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവൎക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.
II S Mal1910 20:9  യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
II S Mal1910 20:10  എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോൎത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടൎന്നു.
II S Mal1910 20:11  യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
II S Mal1910 20:12  അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
II S Mal1910 20:13  അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
II S Mal1910 20:14  എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേൎയ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
II S Mal1910 20:15  മറ്റവർ വന്നു ബേത്ത്-മാഖയോടു ചേൎന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.
II S Mal1910 20:16  അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.
II S Mal1910 20:17  അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.
II S Mal1910 20:18  എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാൎയ്യം തീൎക്കുകയും ചെയ്ക പതിവായിരുന്നു.
II S Mal1910 20:19  ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
II S Mal1910 20:20  അതിന്നു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‌വാൻ എനിക്കു ഒരിക്കലും സംഗതിയാകരുതേ.
II S Mal1910 20:21  കാൎയ്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ് രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടു: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.
II S Mal1910 20:22  അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
II S Mal1910 20:23  യോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.
II S Mal1910 20:24  അദോരാം ഊഴിയവേലക്കാൎക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
II S Mal1910 20:25  ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
II S Mal1910 20:26  യായീൎയ്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
Chapter 21
II S Mal1910 21:1  ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹംനിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
II S Mal1910 21:2  രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോൎയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യൎക്കും യെഹൂദ്യൎക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു -
II S Mal1910 21:3  ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
II S Mal1910 21:4  ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാൎയ്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
II S Mal1910 21:5  അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.
II S Mal1910 21:6  ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
II S Mal1910 21:7  എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
II S Mal1910 21:8  അയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അൎമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബൎസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
II S Mal1910 21:9  അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
II S Mal1910 21:10  അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
II S Mal1910 21:11  ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
II S Mal1910 21:12  ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.
II S Mal1910 21:13  അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
II S Mal1910 21:14  ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാൎത്ഥനയെ കേട്ടരുളി.
II S Mal1910 21:15  ഫെലിസ്ത്യൎക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളൎന്നു പോയി.
II S Mal1910 21:16  അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾഅരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.
II S Mal1910 21:17  എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‌വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
II S Mal1910 21:18  അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
II S Mal1910 21:19  ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
II S Mal1910 21:20  പിന്നെയും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീൎഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
II S Mal1910 21:21  അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.
II S Mal1910 21:22  ഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.
Chapter 22
II S Mal1910 22:1  യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ:
II S Mal1910 22:2  യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു.
II S Mal1910 22:3  എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
II S Mal1910 22:4  സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.
II S Mal1910 22:5  മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു;
II S Mal1910 22:6  പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കണികൾ എന്റെമേൽ വീണു.
II S Mal1910 22:7  എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു, അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി.
II S Mal1910 22:8  ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
II S Mal1910 22:9  അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
II S Mal1910 22:10  അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു.
II S Mal1910 22:11  അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻ ചിറകിന്മേൽ പ്രത്യക്ഷനായി.
II S Mal1910 22:12  അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.
II S Mal1910 22:13  അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
II S Mal1910 22:14  യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.
II S Mal1910 22:15  അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നൽ അയച്ചു അവരെ തോല്പിച്ചു.
II S Mal1910 22:16  യഹോവയുടെ ഭത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
II S Mal1910 22:17  അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
II S Mal1910 22:18  ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
II S Mal1910 22:19  എന്റെ അനൎത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
II S Mal1910 22:20  അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
II S Mal1910 22:21  യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
II S Mal1910 22:22  ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
II S Mal1910 22:23  അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടുനടന്നിട്ടുമില്ല.
II S Mal1910 22:24  ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.
II S Mal1910 22:25  യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിൎമ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
II S Mal1910 22:26  ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.
II S Mal1910 22:27  നിൎമ്മലനോടു നീ നിൎമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
II S Mal1910 22:28  എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.
II S Mal1910 22:29  യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
II S Mal1910 22:30  നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
II S Mal1910 22:31  ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവൎക്കും അവൻ പരിച ആകുന്നു.
II S Mal1910 22:32  യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
II S Mal1910 22:33  ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു.
II S Mal1910 22:34  അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
II S Mal1910 22:35  അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
II S Mal1910 22:36  നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
II S Mal1910 22:37  ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
II S Mal1910 22:38  ഞാൻ എന്റെ ശത്രുക്കളെ പിന്തുടൎന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
II S Mal1910 22:39  അവൎക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകൎത്തൊടുക്കി, അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
II S Mal1910 22:40  യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിൎത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
II S Mal1910 22:41  എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
II S Mal1910 22:42  അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
II S Mal1910 22:43  ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
II S Mal1910 22:44  എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
II S Mal1910 22:45  അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.
II S Mal1910 22:46  അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുൎഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചു കൊണ്ടുവരുന്നു.
II S Mal1910 22:47  യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നേ.
II S Mal1910 22:48  ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
II S Mal1910 22:49  അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിൎക്കുന്നവർക്കു മീതെ നീ എന്നെ ഉയൎത്തുന്നു; സാഹസക്കാരന്റെ കയ്യിൽനിന്നു നീ എന്നെ വിടുവിക്കുന്നു.
II S Mal1910 22:50  അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാൻ കീൎത്തിക്കും.
II S Mal1910 22:51  അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.
Chapter 23
II S Mal1910 23:1  ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ.
II S Mal1910 23:2  യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
II S Mal1910 23:3  യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
II S Mal1910 23:4  ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുൎയ്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂൎയ്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
II S Mal1910 23:5  ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
II S Mal1910 23:6  എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
II S Mal1910 23:7  അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
II S Mal1910 23:8  ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.
II S Mal1910 23:9  അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
II S Mal1910 23:10  അവൻ എഴുന്നേറ്റു കൈതളൎന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
II S Mal1910 23:11  അവന്റശേഷം ഹാരാൎയ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവൎച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
II S Mal1910 23:12  അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
II S Mal1910 23:13  മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.
II S Mal1910 23:14  അന്നു ദാവീദ് ദുൎഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യൎക്കു ബേത്ത്ലേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
II S Mal1910 23:15  ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആൎത്തിപൂണ്ടു പറഞ്ഞു.
II S Mal1910 23:16  അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
II S Mal1910 23:17  യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‌വാൻ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
II S Mal1910 23:18  യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീൎത്തി പ്രാപിച്ചു.
II S Mal1910 23:19  അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവൎക്കു തലവനായ്തീൎന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
II S Mal1910 23:20  കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീൎയ്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
II S Mal1910 23:21  അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
II S Mal1910 23:22  ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീൎത്തി പ്രാപിച്ചു.
II S Mal1910 23:23  അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
II S Mal1910 23:24  യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
II S Mal1910 23:25  പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
II S Mal1910 23:26  അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
II S Mal1910 23:27  നെത്തോഫാത്യൻ മഹരായി,
II S Mal1910 23:28  നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
II S Mal1910 23:29  ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
II S Mal1910 23:30  പിരാതോന്യൻ ബെനായ്യാവു,
II S Mal1910 23:31  നഹലേഗാശുകാരൻ ഹിദ്ദായി, അൎബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
II S Mal1910 23:32  ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
II S Mal1910 23:33  യോനാഥാൻ, ഹരാൎയ്യൻ ശമ്മ, അരാൎയ്യനായ ശാരാരിന്റെ മകൻ അഹീരാം,
II S Mal1910 23:34  മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
II S Mal1910 23:35  കൎമ്മേല്യൻ ഹെസ്രോ, അൎബ്യൻ പാറായി,
II S Mal1910 23:36  സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
II S Mal1910 23:37  ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
II S Mal1910 23:38  യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
II S Mal1910 23:39  ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
Chapter 24
II S Mal1910 24:1  യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവൎക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു.
II S Mal1910 24:2  അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.
II S Mal1910 24:3  അതിന്നു യോവാബ് രാജാവിനോടു: യജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വൎദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാൎയ്യത്തിന്നു താല്പൎയ്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
II S Mal1910 24:4  എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.
II S Mal1910 24:5  അവർ യോൎദ്ദാൻ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തുവശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
II S Mal1910 24:6  പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു;
II S Mal1910 24:7  പിന്നെ അവർ സോർകോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേർ-ശേബയിലേക്കു പുറപ്പെട്ടു.
II S Mal1910 24:8  ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.
II S Mal1910 24:9  യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
II S Mal1910 24:10  എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോടു: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
II S Mal1910 24:11  ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദൎശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാൽ:
II S Mal1910 24:12  നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാൎയ്യം നിന്റെ മുമ്പിൽ വെക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
II S Mal1910 24:13  ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു അറിയിച്ചു: നിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
II S Mal1910 24:14  ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു.
II S Mal1910 24:15  അങ്ങനെ യഹോവ യിസ്രായേലിൽ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.
II S Mal1910 24:16  എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനൎത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
II S Mal1910 24:17  ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടു: ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാൎത്ഥിച്ചുപറഞ്ഞു.
II S Mal1910 24:18  അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു അവനോടു: നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
II S Mal1910 24:19  യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
II S Mal1910 24:20  അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
II S Mal1910 24:21  യജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു.
II S Mal1910 24:22  അരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
II S Mal1910 24:23  രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
II S Mal1910 24:24  രാജാവു അരവ്നയോടു: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവെക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കൽ വെള്ളിക്കു വാങ്ങി.
II S Mal1910 24:25  ദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാൎത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.