Site uses cookies to provide basic functionality.

OK
MARK
Up
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Toggle notes
Chapter 1
Mark Mal1910 1:1  ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:
Mark Mal1910 1:2  “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
Mark Mal1910 1:3  കൎത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
Mark Mal1910 1:4  യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
Mark Mal1910 1:5  അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോൎദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.
Mark Mal1910 1:6  യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
Mark Mal1910 1:7  എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.
Mark Mal1910 1:8  ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.
Mark Mal1910 1:9  ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോൎദ്ദാനിൽ സ്നാനം കഴിഞ്ഞു.
Mark Mal1910 1:10  വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:
Mark Mal1910 1:11  നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Mark Mal1910 1:12  അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിൎബന്ധിച്ചു.
Mark Mal1910 1:13  അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
Mark Mal1910 1:14  എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
Mark Mal1910 1:15  കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
Mark Mal1910 1:16  അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
Mark Mal1910 1:17  യേശു അവരോടു: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
Mark Mal1910 1:18  ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
Mark Mal1910 1:19  അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
Mark Mal1910 1:20  ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
Mark Mal1910 1:21  അവർ കഫൎന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
Mark Mal1910 1:22  അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
Mark Mal1910 1:23  അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:
Mark Mal1910 1:24  നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
Mark Mal1910 1:25  യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടുപോ എന്നു പറഞ്ഞു.
Mark Mal1910 1:26  അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
Mark Mal1910 1:27  എല്ലാവരും ആശ്ചൎയ്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
Mark Mal1910 1:28  അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.
Mark Mal1910 1:29  അനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
Mark Mal1910 1:30  അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
Mark Mal1910 1:31  അവൻ അടുത്തു ചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
Mark Mal1910 1:32  വൈകുന്നേരം സൂൎയ്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
Mark Mal1910 1:33  പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
Mark Mal1910 1:34  നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല.
Mark Mal1910 1:35  അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിൎജ്ജനസ്ഥലത്തു ചെന്നു പ്രാൎത്ഥിച്ചു.
Mark Mal1910 1:36  ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,
Mark Mal1910 1:37  അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 1:38  അവൻ അവരോടു: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു.
Mark Mal1910 1:39  അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
Mark Mal1910 1:40  ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.
Mark Mal1910 1:41  യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:
Mark Mal1910 1:42  മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
Mark Mal1910 1:43  യേശു അവനെ അമൎച്ചയായി ശാസിച്ചു:
Mark Mal1910 1:44  നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവൎക്കു സാക്ഷ്യത്തിന്നായി അൎപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
Mark Mal1910 1:45  അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിൎജ്ജനസ്ഥലങ്ങളിൽ പാൎത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.
Chapter 2
Mark Mal1910 2:1  ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫൎന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
Mark Mal1910 2:2  ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
Mark Mal1910 2:3  അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
Mark Mal1910 2:4  പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
Mark Mal1910 2:5  യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 2:6  അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
Mark Mal1910 2:7  ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
Mark Mal1910 2:8  ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
Mark Mal1910 2:9  പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Mark Mal1910 2:10  എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:
Mark Mal1910 2:11  എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Mark Mal1910 2:12  ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
Mark Mal1910 2:13  അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
Mark Mal1910 2:14  പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
Mark Mal1910 2:15  അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
Mark Mal1910 2:16  അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
Mark Mal1910 2:17  യേശു അതു കേട്ടു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
Mark Mal1910 2:18  യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
Mark Mal1910 2:19  യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാൎക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവൎക്കു ഉപവസിപ്പാൻ കഴികയില്ല.
Mark Mal1910 2:20  എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും.
Mark Mal1910 2:21  പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേൎത്തു തുന്നുമാറില്ല; തുന്നിയാൽ ചേൎത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും.
Mark Mal1910 2:22  ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകൎന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകൎന്നു വെക്കേണ്ടതു.
Mark Mal1910 2:23  അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി.
Mark Mal1910 2:24  പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
Mark Mal1910 2:25  അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവൎക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?
Mark Mal1910 2:26  അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാൎക്കല്ലാതെ ആൎക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവൎക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Mark Mal1910 2:27  പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത്നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായതു;
Mark Mal1910 2:28  അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നു പറഞ്ഞു.
Chapter 3
Mark Mal1910 3:1  അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
Mark Mal1910 3:2  അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
Mark Mal1910 3:3  വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു.
Mark Mal1910 3:4  പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
Mark Mal1910 3:5  അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി.
Mark Mal1910 3:6  ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
Mark Mal1910 3:7  യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
Mark Mal1910 3:8  യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
Mark Mal1910 3:9  പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.
Mark Mal1910 3:10  അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
Mark Mal1910 3:11  അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.
Mark Mal1910 3:12  തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
Mark Mal1910 3:13  പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.
Mark Mal1910 3:14  അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
Mark Mal1910 3:15  ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
Mark Mal1910 3:16  ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
Mark Mal1910 3:17  സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവൎക്കു ഇടിമക്കൾ എന്നൎത്ഥമുള്ള ബൊവനേൎഗ്ഗെസ് എന്നു പേരിട്ടു —
Mark Mal1910 3:18  അന്ത്രെയാസ്, ഫിലിപ്പൊസ്, ബൎത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
Mark Mal1910 3:19  തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോൎത്ത് യൂദാ എന്നിവരെ തന്നേ.
Mark Mal1910 3:20  അവൻ വീട്ടിൽ വന്നു; അവൎക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
Mark Mal1910 3:21  അവന്റെ ചാൎച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
Mark Mal1910 3:22  യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 3:23  അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
Mark Mal1910 3:24  ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.
Mark Mal1910 3:25  ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.
Mark Mal1910 3:26  സാത്താൻ തന്നോടുതന്നേ എതിൎത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
Mark Mal1910 3:27  ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവൎന്നുകളവാൻ ആൎക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവൎച്ച ചെയ്യാം.
Mark Mal1910 3:28  മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
Mark Mal1910 3:29  പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 3:30  അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
Mark Mal1910 3:31  അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു.
Mark Mal1910 3:32  പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:
Mark Mal1910 3:33  എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
Mark Mal1910 3:34  എന്റെ അമ്മയും സഹോദരന്മാരും ഇതാ.
Mark Mal1910 3:35  ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
Chapter 4
Mark Mal1910 4:1  അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
Mark Mal1910 4:2  അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:
Mark Mal1910 4:3  കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
Mark Mal1910 4:4  വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.
Mark Mal1910 4:5  മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
Mark Mal1910 4:6  സൂൎയ്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.
Mark Mal1910 4:7  മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളൎന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.
Mark Mal1910 4:8  മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളൎന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
Mark Mal1910 4:9  കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.
Mark Mal1910 4:10  അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
Mark Mal1910 4:11  അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മൎമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവൎക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
Mark Mal1910 4:12  അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
Mark Mal1910 4:13  പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
Mark Mal1910 4:14  വിതെക്കുന്നവൻ വചനം വിതെക്കുന്നു.
Mark Mal1910 4:15  വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
Mark Mal1910 4:16  അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
Mark Mal1910 4:17  എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
Mark Mal1910 4:18  മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
Mark Mal1910 4:19  ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീൎക്കുന്നതാകുന്നു.
Mark Mal1910 4:20  നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
Mark Mal1910 4:21  പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു?
Mark Mal1910 4:22  വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
Mark Mal1910 4:23  കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
Mark Mal1910 4:24  നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
Mark Mal1910 4:25  ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.
Mark Mal1910 4:26  പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം
Mark Mal1910 4:27  രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
Mark Mal1910 4:28  ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
Mark Mal1910 4:29  ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.
Mark Mal1910 4:30  പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു?
Mark Mal1910 4:31  അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
Mark Mal1910 4:32  എങ്കിലും വിതെച്ചശേഷം വളൎന്നു, സകലസസ്യങ്ങളിലും വലുതായിത്തീൎന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
Mark Mal1910 4:33  അവൻ ഇങ്ങനെ പല ഉപമകളാൽ അവൎക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
Mark Mal1910 4:34  ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
Mark Mal1910 4:35  അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു.
Mark Mal1910 4:36  അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
Mark Mal1910 4:37  അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
Mark Mal1910 4:38  അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
Mark Mal1910 4:39  അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമൎന്നു, വലിയ ശാന്തത ഉണ്ടായി.
Mark Mal1910 4:40  പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
Mark Mal1910 4:41  അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
Chapter 5
Mark Mal1910 5:1  അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
Mark Mal1910 5:2  പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
Mark Mal1910 5:3  അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
Mark Mal1910 5:4  പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
Mark Mal1910 5:5  അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
Mark Mal1910 5:6  അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
Mark Mal1910 5:7  അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 5:8  അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
Mark Mal1910 5:9  നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
Mark Mal1910 5:10  നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
Mark Mal1910 5:11  അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Mark Mal1910 5:12  ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
Mark Mal1910 5:13  അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
Mark Mal1910 5:14  പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു
Mark Mal1910 5:15  യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Mark Mal1910 5:16  കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാൎയ്യവും അവരോടു അറിയിച്ചു.
Mark Mal1910 5:17  അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
Mark Mal1910 5:18  അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
Mark Mal1910 5:19  യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കൎത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
Mark Mal1910 5:20  അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്തു.
Mark Mal1910 5:21  യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
Mark Mal1910 5:22  പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:
Mark Mal1910 5:23  എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
Mark Mal1910 5:24  അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
Mark Mal1910 5:25  പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
Mark Mal1910 5:26  പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീൎന്നിരുന്ന
Mark Mal1910 5:27  ഒരു സ്ത്രീ യേശുവിന്റെ വൎത്തമാനം കേട്ടു:
Mark Mal1910 5:28  അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
Mark Mal1910 5:29  ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
Mark Mal1910 5:30  ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.
Mark Mal1910 5:31  ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
Mark Mal1910 5:32  അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
Mark Mal1910 5:33  സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Mark Mal1910 5:34  അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
Mark Mal1910 5:35  ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
Mark Mal1910 5:36  യേശു ആ വാക്കു കാൎയ്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
Mark Mal1910 5:37  പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
Mark Mal1910 5:38  പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
Mark Mal1910 5:39  അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
Mark Mal1910 5:40  അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
Mark Mal1910 5:41  ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
Mark Mal1910 5:42  ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
Mark Mal1910 5:43  ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Chapter 6
Mark Mal1910 6:1  അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
Mark Mal1910 6:2  ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീൎയ്യപ്രവൃത്തികളും എന്തു?
Mark Mal1910 6:3  ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
Mark Mal1910 6:4  യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാൎച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
Mark Mal1910 6:5  ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.
Mark Mal1910 6:6  അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
Mark Mal1910 6:7  അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
Mark Mal1910 6:8  അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
Mark Mal1910 6:9  രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.
Mark Mal1910 6:10  നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാൎപ്പിൻ.
Mark Mal1910 6:11  ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവൎക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.
Mark Mal1910 6:12  അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
Mark Mal1910 6:13  വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
Mark Mal1910 6:14  ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 6:15  അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
Mark Mal1910 6:16  അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 6:17  ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാൎയ്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
Mark Mal1910 6:18  സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
Mark Mal1910 6:19  ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
Mark Mal1910 6:20  യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
Mark Mal1910 6:21  എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
Mark Mal1910 6:22  ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
Mark Mal1910 6:23  എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
Mark Mal1910 6:24  അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
Mark Mal1910 6:25  ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
Mark Mal1910 6:26  രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
Mark Mal1910 6:27  ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
Mark Mal1910 6:28  അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
Mark Mal1910 6:29  അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.
Mark Mal1910 6:30  പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
Mark Mal1910 6:31  വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവൎക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
Mark Mal1910 6:32  അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
Mark Mal1910 6:33  അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവൎക്കു മുമ്പെ എത്തി.
Mark Mal1910 6:34  അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
Mark Mal1910 6:35  പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിൎജ്ജനപ്രദേശം അല്ലോ;
Mark Mal1910 6:36  നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
Mark Mal1910 6:37  അവൻ അവരോടു: നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവൎക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
Mark Mal1910 6:38  അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
Mark Mal1910 6:39  പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
Mark Mal1910 6:40  അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Mark Mal1910 6:41  അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.
Mark Mal1910 6:42  എല്ലാവരും തിന്നു തൃപ്തരായി.
Mark Mal1910 6:43  കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
Mark Mal1910 6:44  അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
Mark Mal1910 6:45  താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിൎബന്ധിച്ചു.
Mark Mal1910 6:46  അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാൎത്ഥിപ്പാൻ മലയിൽ പോയി.
Mark Mal1910 6:47  വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
Mark Mal1910 6:48  കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
Mark Mal1910 6:49  അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
Mark Mal1910 6:50  എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈൎയ്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
Mark Mal1910 6:51  പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമൎന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചൎയ്യപ്പെട്ടു.
Mark Mal1910 6:52  അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
Mark Mal1910 6:53  അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
Mark Mal1910 6:54  അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
Mark Mal1910 6:55  ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
Mark Mal1910 6:56  ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവൎക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.
Chapter 7
Mark Mal1910 7:1  യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി.
Mark Mal1910 7:2  അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.
Mark Mal1910 7:3  പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂൎവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
Mark Mal1910 7:4  ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവൎക്കു ചട്ടമായിരിക്കുന്നു.
Mark Mal1910 7:5  അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
Mark Mal1910 7:6  അവൻ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു.
Mark Mal1910 7:7  മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യൎത്ഥമായി ഭജിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
Mark Mal1910 7:8  നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;
Mark Mal1910 7:9  പിന്നെ അവരോടു പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.
Mark Mal1910 7:10  നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
Mark Mal1910 7:11  നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നൎത്ഥമുള്ള കൊൎബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;
Mark Mal1910 7:12  തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല.
Mark Mal1910 7:13  ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുൎബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.
Mark Mal1910 7:14  പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ.
Mark Mal1910 7:15  പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
Mark Mal1910 7:16  [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു.
Mark Mal1910 7:17  അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
Mark Mal1910 7:18  അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
Mark Mal1910 7:19  അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
Mark Mal1910 7:20  മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
Mark Mal1910 7:21  അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
Mark Mal1910 7:22  കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
Mark Mal1910 7:23  ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.
Mark Mal1910 7:24  അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
Mark Mal1910 7:25  അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കൽ വീണു.
Mark Mal1910 7:26  അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു.
Mark Mal1910 7:27  യേശു അവളോടു: മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
Mark Mal1910 7:28  അവൾ അവനോടു: അതേ, കൎത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 7:29  അവൻ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 7:30  അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
Mark Mal1910 7:31  അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു.
Mark Mal1910 7:32  അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
Mark Mal1910 7:33  അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
Mark Mal1910 7:34  സ്വൎഗ്ഗത്തേക്കു നോക്കി നെടുവീൎപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അൎത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
Mark Mal1910 7:35  ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
Mark Mal1910 7:36  ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
Mark Mal1910 7:37  അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
Chapter 8
Mark Mal1910 8:1  ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു:
Mark Mal1910 8:2  ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാൎക്കുന്നു; അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
Mark Mal1910 8:3  ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളൎന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
Mark Mal1910 8:4  അതിന്നു അവന്റെ ശിഷ്യന്മാർ: ഇവൎക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 8:5  അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.
Mark Mal1910 8:6  അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
Mark Mal1910 8:7  ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു.
Mark Mal1910 8:8  അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു.
Mark Mal1910 8:9  അവർ ഏകദേശം നാലായിരം പേർ ആയിരുന്നു.
Mark Mal1910 8:10  അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.
Mark Mal1910 8:11  അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തൎക്കിച്ചു തുടങ്ങി.
Mark Mal1910 8:12  അവൻ ആത്മാവിൽഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
Mark Mal1910 8:13  അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.
Mark Mal1910 8:14  അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
Mark Mal1910 8:15  അവൻ അവരോടു: നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു.
Mark Mal1910 8:16  നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
Mark Mal1910 8:17  അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
Mark Mal1910 8:18  കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓൎക്കുന്നതുമില്ലയോ?
Mark Mal1910 8:19  അയ്യായിരംപേൎക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.
Mark Mal1910 8:20  നാലായിരം പേൎക്കു ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവർ അവനോടു പറഞ്ഞു.
Mark Mal1910 8:21  പിന്നെ അവൻ അവരോടു: ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
Mark Mal1910 8:22  അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
Mark Mal1910 8:23  അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
Mark Mal1910 8:24  അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
Mark Mal1910 8:25  പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
Mark Mal1910 8:26  നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
Mark Mal1910 8:27  അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസൎയ്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
Mark Mal1910 8:28  യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു.
Mark Mal1910 8:29  അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
Mark Mal1910 8:30  പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു.
Mark Mal1910 8:31  മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിൎത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
Mark Mal1910 8:32  അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
Mark Mal1910 8:33  അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
Mark Mal1910 8:34  പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
Mark Mal1910 8:35  ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
Mark Mal1910 8:36  ഒരു മനുഷ്യൻ സൎവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?
Mark Mal1910 8:37  അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും;
Mark Mal1910 8:38  വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
Chapter 9
Mark Mal1910 9:1  പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Mark Mal1910 9:2  ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയൎന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
Mark Mal1910 9:3  ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
Mark Mal1910 9:4  അപ്പോൾ ഏലീയാവും മോശെയും അവൎക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
Mark Mal1910 9:5  പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
Mark Mal1910 9:6  താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു.
Mark Mal1910 9:7  പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Mark Mal1910 9:8  പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
Mark Mal1910 9:9  അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു.
Mark Mal1910 9:10  മരിച്ചവരിൽനിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തൎക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു.
Mark Mal1910 9:11  ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ വാദിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
Mark Mal1910 9:12  അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?
Mark Mal1910 9:13  ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 9:14  അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തൎക്കിക്കുന്നതും കണ്ടു.
Mark Mal1910 9:15  പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
Mark Mal1910 9:16  അവൻ അവരോടു: നിങ്ങൾ അവരുമായി തൎക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
Mark Mal1910 9:17  അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
Mark Mal1910 9:18  അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവൎക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 9:19  അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 9:20  അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
Mark Mal1910 9:21  ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
Mark Mal1910 9:22  അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
Mark Mal1910 9:23  യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
Mark Mal1910 9:24  ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കൎത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
Mark Mal1910 9:25  എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 9:26  അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
Mark Mal1910 9:27  യേശു അവനെ കൈക്കു പിടിച്ചു നിവിൎത്തി, അവൻ എഴുന്നേറ്റു.
Mark Mal1910 9:28  വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാൎയ്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
Mark Mal1910 9:29  പ്രാൎത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.
Mark Mal1910 9:30  അവിടെ നിന്നു അവർ പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു.
Mark Mal1910 9:31  അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിൎത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
Mark Mal1910 9:32  ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
Mark Mal1910 9:33  അവൻ കഫൎന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
Mark Mal1910 9:34  അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
Mark Mal1910 9:35  അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവൎക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
Mark Mal1910 9:36  ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
Mark Mal1910 9:37  ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
Mark Mal1910 9:38  യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
Mark Mal1910 9:39  അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീൎയ്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
Mark Mal1910 9:40  നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
Mark Mal1910 9:41  നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 9:42  എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടൎച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
Mark Mal1910 9:43  നിന്റെ കൈ നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
Mark Mal1910 9:44  ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
Mark Mal1910 9:45  നിന്റെ കാൽ നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
Mark Mal1910 9:46  മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
Mark Mal1910 9:47  നിന്റെ കണ്ണു നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
Mark Mal1910 9:48  അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
Mark Mal1910 9:49  എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
Mark Mal1910 9:50  ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
Chapter 10
Mark Mal1910 10:1  അവിടെ നിന്നു അവൻ പുറപ്പെട്ടു യോൎദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു.
Mark Mal1910 10:2  അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാൎയ്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
Mark Mal1910 10:3  അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.
Mark Mal1910 10:4  ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു.
Mark Mal1910 10:5  യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.
Mark Mal1910 10:6  സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.
Mark Mal1910 10:7  അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും;
Mark Mal1910 10:8  ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
Mark Mal1910 10:9  ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 10:10  വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
Mark Mal1910 10:11  അവൻ അവരോടു: ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
Mark Mal1910 10:12  സ്ത്രീയും ഭൎത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
Mark Mal1910 10:13  അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
Mark Mal1910 10:14  യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
Mark Mal1910 10:15  ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Mark Mal1910 10:16  പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
Mark Mal1910 10:17  അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
Mark Mal1910 10:18  അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
Mark Mal1910 10:19  കൊലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Mark Mal1910 10:20  അവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
Mark Mal1910 10:21  യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രൎക്കു കൊടുക്ക; എന്നാൽ നിനക്കു സ്വൎഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
Mark Mal1910 10:22  അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
Mark Mal1910 10:23  യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
Mark Mal1910 10:24  അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.
Mark Mal1910 10:25  ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 10:26  അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആൎക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
Mark Mal1910 10:27  യേശു അവരെ നോക്കി; മനുഷ്യൎക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
Mark Mal1910 10:28  പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
Mark Mal1910 10:29  അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
Mark Mal1910 10:30  ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 10:31  എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 10:32  അവർ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവൎക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
Mark Mal1910 10:33  ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും.
Mark Mal1910 10:34  അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.
Mark Mal1910 10:35  സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോടു: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 10:36  അവൻ അവരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.
Mark Mal1910 10:37  നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അവർ പറഞ്ഞു.
Mark Mal1910 10:38  യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു.
Mark Mal1910 10:39  യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.
Mark Mal1910 10:40  എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.
Mark Mal1910 10:41  അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
Mark Mal1910 10:42  യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കൎത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.
Mark Mal1910 10:43  നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;
Mark Mal1910 10:44  നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവൎക്കും ദാസനാകേണം.
Mark Mal1910 10:45  മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകൎക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
Mark Mal1910 10:46  അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബൎത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
Mark Mal1910 10:47  നസറായനായ യേശു എന്നു കേട്ടിട്ടു അവൻ: ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
Mark Mal1910 10:48  മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
Mark Mal1910 10:49  അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈൎയ്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്നു അവർ പറഞ്ഞു കുരുടനെ വിളിച്ചു.
Mark Mal1910 10:50  അവൻ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു.
Mark Mal1910 10:51  യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.
Mark Mal1910 10:52  യേശു അവനോടു: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
Chapter 11
Mark Mal1910 11:1  അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു:
Mark Mal1910 11:2  നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
Mark Mal1910 11:3  ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കൎത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
Mark Mal1910 11:4  അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
Mark Mal1910 11:5  അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
Mark Mal1910 11:6  യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
Mark Mal1910 11:7  അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.
Mark Mal1910 11:8  അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
Mark Mal1910 11:9  മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
Mark Mal1910 11:10  വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആൎത്തുകൊണ്ടിരുന്നു.
Mark Mal1910 11:11  അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
Mark Mal1910 11:12  പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
Mark Mal1910 11:13  അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
Mark Mal1910 11:14  അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
Mark Mal1910 11:15  അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
Mark Mal1910 11:16  ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
Mark Mal1910 11:17  പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീൎത്തു എന്നു പറഞ്ഞു.
Mark Mal1910 11:18  അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
Mark Mal1910 11:19  സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും.
Mark Mal1910 11:20  രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.
Mark Mal1910 11:21  അപ്പോൾ പത്രൊസിന്നു ഓൎമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.
Mark Mal1910 11:22  യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
Mark Mal1910 11:23  ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 11:24  അതുകൊണ്ടു നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Mark Mal1910 11:25  നിങ്ങൾ പ്രാൎത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
Mark Mal1910 11:26  നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
Mark Mal1910 11:27  അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
Mark Mal1910 11:28  നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.
Mark Mal1910 11:29  യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
Mark Mal1910 11:30  യോഹന്നാന്റെ സ്നാനം സ്വൎഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.
Mark Mal1910 11:31  അവർ തമ്മിൽ ആലോചിച്ചു: സ്വൎഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും.
Mark Mal1910 11:32  മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവർ ജനത്തെ ഭയപ്പെട്ടു.
Mark Mal1910 11:33  അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.
Chapter 12
Mark Mal1910 12:1  പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
Mark Mal1910 12:2  കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
Mark Mal1910 12:3  അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
Mark Mal1910 12:4  പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
Mark Mal1910 12:5  അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
Mark Mal1910 12:6  അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
Mark Mal1910 12:7  ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
Mark Mal1910 12:8  അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
Mark Mal1910 12:9  എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
Mark Mal1910 12:10  “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീൎന്നിരിക്കുന്നു.
Mark Mal1910 12:11  ഇതു കൎത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
Mark Mal1910 12:12  ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
Mark Mal1910 12:13  അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
Mark Mal1910 12:14  അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
Mark Mal1910 12:15  അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
Mark Mal1910 12:16  അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
Mark Mal1910 12:17  യേശു അവരോടു: കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചൎയ്യപ്പെട്ടു.
Mark Mal1910 12:18  പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
Mark Mal1910 12:19  ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാൎയ്യ ശേഷിച്ചാൽ ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
Mark Mal1910 12:20  എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
Mark Mal1910 12:21  രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
Mark Mal1910 12:22  ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവൎക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
Mark Mal1910 12:23  പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യ ആയിരുന്നുവല്ലോ.
Mark Mal1910 12:24  യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
Mark Mal1910 12:25  മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
Mark Mal1910 12:26  എന്നാൽ മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടൎപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
Mark Mal1910 12:27  അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
Mark Mal1910 12:28  ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തൎക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
Mark Mal1910 12:29  എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കൎത്താവു ഏകകൎത്താവു.
Mark Mal1910 12:30  നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
Mark Mal1910 12:31  രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
Mark Mal1910 12:32  ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
Mark Mal1910 12:33  അവനെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസൎവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
Mark Mal1910 12:34  അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
Mark Mal1910 12:35  യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
Mark Mal1910 12:36  “കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
Mark Mal1910 12:37  ദാവീദ് തന്നേ അവനെ കൎത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
Mark Mal1910 12:38  അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
Mark Mal1910 12:39  വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
Mark Mal1910 12:40  അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാൎത്ഥന കഴിക്കയും ചെയ്യുന്നു; അവൎക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
Mark Mal1910 12:41  പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
Mark Mal1910 12:42  ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
Mark Mal1910 12:43  അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 12:44  എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
Chapter 13
Mark Mal1910 13:1  അവൻ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.
Mark Mal1910 13:2  യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.
Mark Mal1910 13:3  പിന്നെ അവൻ ഒലീവ് മലയിൽ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാൎയ്യമായി അവനോടു:
Mark Mal1910 13:4  അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.
Mark Mal1910 13:5  യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Mark Mal1910 13:6  ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.
Mark Mal1910 13:7  എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല.
Mark Mal1910 13:8  ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.
Mark Mal1910 13:9  എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുമ്പാകെ അവൎക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.
Mark Mal1910 13:10  എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
Mark Mal1910 13:11  അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.
Mark Mal1910 13:12  സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും.
Mark Mal1910 13:13  എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
Mark Mal1910 13:14  എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, -- വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -- അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
Mark Mal1910 13:15  വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപോകയോ വീട്ടിൽ നിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു.
Mark Mal1910 13:16  വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
Mark Mal1910 13:17  ആ കാലത്തു ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം!
Mark Mal1910 13:18  എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ.
Mark Mal1910 13:19  ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.
Mark Mal1910 13:20  കൎത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർനിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
Mark Mal1910 13:21  അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.
Mark Mal1910 13:22  കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
Mark Mal1910 13:23  നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
Mark Mal1910 13:24  എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂൎയ്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും
Mark Mal1910 13:25  ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.
Mark Mal1910 13:26  അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.
Mark Mal1910 13:27  അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേൎക്കും.
Mark Mal1910 13:28  അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിൎക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Mark Mal1910 13:29  അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
Mark Mal1910 13:30  ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 13:31  ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
Mark Mal1910 13:32  ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വൎഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
Mark Mal1910 13:33  ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണൎന്നും പ്രാൎത്ഥിച്ചും കൊണ്ടിരിപ്പിൻ.
Mark Mal1910 13:34  ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാൎക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണൎന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
Mark Mal1910 13:35  യജമാനൻ സന്ധ്യക്കോ അൎദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,
Mark Mal1910 13:36  അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണൎന്നിരിപ്പിൻ.
Mark Mal1910 13:37  ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണൎന്നിരിപ്പിൻ.
Chapter 14
Mark Mal1910 14:1  രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു.
Mark Mal1910 14:2  ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു.
Mark Mal1910 14:3  അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
Mark Mal1910 14:4  അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
Mark Mal1910 14:5  ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭൎത്സിച്ചു.
Mark Mal1910 14:6  എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
Mark Mal1910 14:7  ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവൎക്കു നന്മചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
Mark Mal1910 14:8  അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
Mark Mal1910 14:9  സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Mark Mal1910 14:10  പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കൎയ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാൎക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
Mark Mal1910 14:11  അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
Mark Mal1910 14:12  പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
Mark Mal1910 14:13  അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും.
Mark Mal1910 14:14  അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
Mark Mal1910 14:15  അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
Mark Mal1910 14:16  ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
Mark Mal1910 14:17  സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
Mark Mal1910 14:18  അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Mark Mal1910 14:19  അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
Mark Mal1910 14:20  അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ.
Mark Mal1910 14:21  മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.
Mark Mal1910 14:22  അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
Mark Mal1910 14:23  പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവൎക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു:
Mark Mal1910 14:24  ഇതു അനേകൎക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
Mark Mal1910 14:25  മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
Mark Mal1910 14:26  പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവു മലക്കു പോയി.
Mark Mal1910 14:27  യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Mark Mal1910 14:28  എന്നാൽ ഞാൻ ഉയിൎത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
Mark Mal1910 14:29  പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.
Mark Mal1910 14:30  യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Mark Mal1910 14:31  അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
Mark Mal1910 14:32  അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാൎത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
Mark Mal1910 14:33  പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:
Mark Mal1910 14:34  എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാൎത്തു ഉണൎന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
Mark Mal1910 14:35  പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാൎത്ഥിച്ചു:
Mark Mal1910 14:36  അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
Mark Mal1910 14:37  പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണൎന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?
Mark Mal1910 14:38  പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
Mark Mal1910 14:39  അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാൎത്ഥിച്ചു.
Mark Mal1910 14:40  മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.
Mark Mal1910 14:41  അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
Mark Mal1910 14:42  എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 14:43  ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
Mark Mal1910 14:44  അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവൎക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
Mark Mal1910 14:45  അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
Mark Mal1910 14:46  അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു.
Mark Mal1910 14:47  അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
Mark Mal1910 14:48  യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
Mark Mal1910 14:49  ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 14:50  ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
Mark Mal1910 14:51  ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
Mark Mal1910 14:52  അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
Mark Mal1910 14:53  അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
Mark Mal1910 14:54  പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേൎന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
Mark Mal1910 14:55  മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
Mark Mal1910 14:56  അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
Mark Mal1910 14:57  ചിലർ എഴുന്നേറ്റു അവന്റെ നേരെ:
Mark Mal1910 14:58  ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
Mark Mal1910 14:59  എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
Mark Mal1910 14:60  മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
Mark Mal1910 14:61  അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
Mark Mal1910 14:62  ഞാൻ ആകുന്നു; മനുഷ്യപുത്രൻ സൎവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
Mark Mal1910 14:63  അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
Mark Mal1910 14:64  ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
Mark Mal1910 14:65  ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
Mark Mal1910 14:66  പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
Mark Mal1910 14:67  പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
Mark Mal1910 14:68  നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
Mark Mal1910 14:69  ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
Mark Mal1910 14:70  കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
Mark Mal1910 14:71  നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
Mark Mal1910 14:72  ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
Chapter 15
Mark Mal1910 15:1  ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
Mark Mal1910 15:2  പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
Mark Mal1910 15:3  മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
Mark Mal1910 15:4  പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
Mark Mal1910 15:5  യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു.
Mark Mal1910 15:6  അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവൎക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
Mark Mal1910 15:7  എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
Mark Mal1910 15:8  പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
Mark Mal1910 15:9  മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
Mark Mal1910 15:10  യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.
Mark Mal1910 15:11  എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
Mark Mal1910 15:12  പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
Mark Mal1910 15:13  അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു.
Mark Mal1910 15:14  പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു.
Mark Mal1910 15:15  പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവൎക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.
Mark Mal1910 15:16  പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
Mark Mal1910 15:17  അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
Mark Mal1910 15:18  യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
Mark Mal1910 15:19  കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
Mark Mal1910 15:20  അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
Mark Mal1910 15:21  അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിൎബന്ധിച്ചു.
Mark Mal1910 15:22  തലയോടിടം എന്നൎത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
Mark Mal1910 15:23  കണ്ടിവെണ്ണ കലൎത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
Mark Mal1910 15:24  അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
Mark Mal1910 15:25  മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
Mark Mal1910 15:26  യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
Mark Mal1910 15:27  അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
Mark Mal1910 15:28  [അധൎമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]
Mark Mal1910 15:29  കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
Mark Mal1910 15:30  നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.
Mark Mal1910 15:31  അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.
Mark Mal1910 15:32  നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
Mark Mal1910 15:33  ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി.
Mark Mal1910 15:34  ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അൎത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
Mark Mal1910 15:35  അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
Mark Mal1910 15:36  ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
Mark Mal1910 15:37  യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
Mark Mal1910 15:38  ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
Mark Mal1910 15:39  അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
Mark Mal1910 15:40  സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
Mark Mal1910 15:41  അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
Mark Mal1910 15:42  വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു
Mark Mal1910 15:43  ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈൎയ്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
Mark Mal1910 15:44  അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു
Mark Mal1910 15:45  ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
Mark Mal1910 15:46  അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
Mark Mal1910 15:47  അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Chapter 16
Mark Mal1910 16:1  ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവൎഗ്ഗം വാങ്ങി.
Mark Mal1910 16:2  ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂൎയ്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:
Mark Mal1910 16:3  കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
Mark Mal1910 16:4  അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
Mark Mal1910 16:5  അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
Mark Mal1910 16:6  അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിൎത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
Mark Mal1910 16:7  നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.
Mark Mal1910 16:8  അവൎക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.
Mark Mal1910 16:9  [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിൎത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
Mark Mal1910 16:10  അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.
Mark Mal1910 16:11  അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.
Mark Mal1910 16:12  പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവൎക്കു പ്രത്യക്ഷനായി.
Mark Mal1910 16:13  അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.
Mark Mal1910 16:14  പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവൎക്കു പ്രത്യക്ഷനായി, തന്നെ ഉയിൎത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
Mark Mal1910 16:15  പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
Mark Mal1910 16:16  വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
Mark Mal1910 16:17  വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
Mark Mal1910 16:18  സൎപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവൎക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവൎക്കു സൌഖ്യം വരും എന്നു പറഞ്ഞു.
Mark Mal1910 16:19  ഇങ്ങനെ കൎത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വൎഗ്ഗത്തിലേക്കു എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
Mark Mal1910 16:20  അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കൎത്താവു അവരോടുകൂടെ പ്രവൎത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]