Site uses cookies to provide basic functionality.

OK
I SAMUEL
Up
Toggle notes
Chapter 1
I Sa Mal1910 1:1  എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
I Sa Mal1910 1:2  എല്ക്കാനെക്കു രണ്ടു ഭാൎയ്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
I Sa Mal1910 1:3  അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
I Sa Mal1910 1:4  എല്ക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാൎയ്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാൎക്കും പുത്രിമാൎക്കും ഓഹരി കൊടുക്കും.
I Sa Mal1910 1:5  ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗൎഭം അടെച്ചിരിന്നു.
I Sa Mal1910 1:6  യഹോവ അവളുടെ ഗൎഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
I Sa Mal1910 1:7  അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണികിടന്നു.
I Sa Mal1910 1:8  അവളുടെ ഭൎത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
I Sa Mal1910 1:9  അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.
I Sa Mal1910 1:10  അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാൎത്ഥിച്ചു വളരെ കരഞ്ഞു.
I Sa Mal1910 1:11  അവൾ ഒരു നേൎച്ച നേൎന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓൎക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപൎയ്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
I Sa Mal1910 1:12  ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
I Sa Mal1910 1:13  ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
I Sa Mal1910 1:14  ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
I Sa Mal1910 1:15  അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
I Sa Mal1910 1:16  അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
I Sa Mal1910 1:17  അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 1:18  അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
I Sa Mal1910 1:19  അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാൎയ്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓൎത്തു.
I Sa Mal1910 1:20  ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
I Sa Mal1910 1:21  പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വൎഷാന്തരയാഗവും നേൎച്ചയും കഴിപ്പാൻ പോയി.
I Sa Mal1910 1:22  എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭൎത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാൎക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.
I Sa Mal1910 1:23  അവളുടെ ഭൎത്താവായ എല്ക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവൎത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.
I Sa Mal1910 1:24  അവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.
I Sa Mal1910 1:25  അവർ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
I Sa Mal1910 1:26  അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാൎത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.
I Sa Mal1910 1:27  ഈ ബാലന്നായിട്ടു ഞാൻ പ്രാൎത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
I Sa Mal1910 1:28  അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപൎയ്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.
Chapter 2
I Sa Mal1910 2:1  അനന്തരം ഹന്നാ പ്രാൎത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയൎന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
I Sa Mal1910 2:2  യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
I Sa Mal1910 2:3  ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.
I Sa Mal1910 2:4  വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.
I Sa Mal1910 2:5  സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.
I Sa Mal1910 2:6  യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.
I Sa Mal1910 2:7  യഹോവ ദാരിദ്ര്യവും ഐശ്വൎയ്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയൎത്തുകയും ചെയ്യുന്നു.
I Sa Mal1910 2:8  അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിൎത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയൎത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
I Sa Mal1910 2:9  തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.
I Sa Mal1910 2:10  യഹോവയോടു എതിൎക്കുന്നവൻ തകൎന്നു പോകുന്നു; അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയൎത്തുന്നു.
I Sa Mal1910 2:11  പിന്നെ എല്ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു.
I Sa Mal1910 2:12  എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓൎക്കാത്തവരും ആയിരുന്നു.
I Sa Mal1910 2:13  ഈ പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്നു
I Sa Mal1910 2:14  കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
I Sa Mal1910 2:15  മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും.
I Sa Mal1910 2:16  മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാല്ക്കാരേണ എടുക്കും എന്നു പറയും.
I Sa Mal1910 2:17  ഇങ്ങനെ ആ യൌവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
I Sa Mal1910 2:18  ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.
I Sa Mal1910 2:19  അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭൎത്താവിനോടുകൂടെ വൎഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.
I Sa Mal1910 2:20  എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാൎയ്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നിവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി.
I Sa Mal1910 2:21  യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗൎഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളൎന്നുവന്നു.
I Sa Mal1910 2:22  ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു.
I Sa Mal1910 2:23  അവൻ അവരോടു: നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു.
I Sa Mal1910 2:24  അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല.
I Sa Mal1910 2:25  മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
I Sa Mal1910 2:26  ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യൎക്കും പ്രീതിയുള്ളവനായി വളൎന്നു.
I Sa Mal1910 2:27  അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോൾ ഞാൻ അവൎക്കു വെളിപ്പെട്ടു നിശ്ചയം.
I Sa Mal1910 2:28  എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.
I Sa Mal1910 2:29  തിരുനിവാസത്തിൽ അൎപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?
I Sa Mal1910 2:30  ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
I Sa Mal1910 2:31  നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകൎത്തുകളയുന്ന നാളുകൾ ഇതാ വരുന്നു.
I Sa Mal1910 2:32  യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല.
I Sa Mal1910 2:33  നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും.
I Sa Mal1910 2:34  നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽ തന്നേ മരിക്കും.
I Sa Mal1910 2:35  എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.
I Sa Mal1910 2:36  നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.
Chapter 3
I Sa Mal1910 3:1  ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുൎല്ലഭമായിരുന്നു; ദൎശനം ഏറെ ഇല്ലായിരുന്നു.
I Sa Mal1910 3:2  ആ കാലത്തു ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.
I Sa Mal1910 3:3  ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.
I Sa Mal1910 3:4  യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.
I Sa Mal1910 3:5  ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു; അവൻ പോയി കിടന്നു.
I Sa Mal1910 3:6  യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു.
I Sa Mal1910 3:7  ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.
I Sa Mal1910 3:8  യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
I Sa Mal1910 3:9  ഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു.
I Sa Mal1910 3:10  അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 3:11  യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാൎയ്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.
I Sa Mal1910 3:12  ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവൎത്തിക്കും.
I Sa Mal1910 3:13  അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമൎത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു.
I Sa Mal1910 3:14  ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.
I Sa Mal1910 3:15  പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദൎശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു.
I Sa Mal1910 3:16  ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്നു അവൻ പറഞ്ഞു.
I Sa Mal1910 3:17  അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു.
I Sa Mal1910 3:18  അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു.
I Sa Mal1910 3:19  എന്നാൽ ശമൂവേൽ വളൎന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.
I Sa Mal1910 3:20  ദാൻമുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.
I Sa Mal1910 3:21  ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.
Chapter 4
I Sa Mal1910 4:1  ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
I Sa Mal1910 4:2  ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരംപേരെ അവർ പോൎക്കളത്തിൽ വെച്ചു സംഹരിച്ചു.
I Sa Mal1910 4:3  പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയതു എന്തു? നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
I Sa Mal1910 4:4  അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
I Sa Mal1910 4:5  യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആൎപ്പിട്ടു.
I Sa Mal1910 4:6  ഫെലിസ്ത്യർ ആൎപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആൎപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
I Sa Mal1910 4:7  ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാൎയ്യം ഇതുവരെ ഉണ്ടായിട്ടില്ല.
I Sa Mal1910 4:8  നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
I Sa Mal1910 4:9  ഫെലിസ്ത്യരേ, ധൈൎയ്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവൎക്കു ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു.
I Sa Mal1910 4:10  അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
I Sa Mal1910 4:11  ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടു പോയി.
I Sa Mal1910 4:12  പോൎക്കളത്തിൽനിന്നു ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഓടി അന്നു തന്നെ ശീലോവിൽ വന്നു.
I Sa Mal1910 4:13  അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി.
I Sa Mal1910 4:14  ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
I Sa Mal1910 4:15  ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
I Sa Mal1910 4:16  ആ മനുഷ്യൻ ഏലിയോടു: ഞാൻ പോൎക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോൎക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വൎത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു.
I Sa Mal1910 4:17  അതിന്നു ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
I Sa Mal1910 4:18  അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
I Sa Mal1910 4:19  എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാൎയ്യ പ്രസവം അടുത്ത ഗൎഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭൎത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു.
I Sa Mal1910 4:20  അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
I Sa Mal1910 4:21  ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭൎത്താവിനെയും ഓൎത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു.
I Sa Mal1910 4:22  ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.
Chapter 5
I Sa Mal1910 5:1  ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി.
I Sa Mal1910 5:2  ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.
I Sa Mal1910 5:3  പിറ്റെന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിൎത്തി.
I Sa Mal1910 5:4  പിറ്റെന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു.
I Sa Mal1910 5:5  അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.
I Sa Mal1910 5:6  എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.
I Sa Mal1910 5:7  അങ്ങനെ ഭവിച്ചതു അസ്തോദ്യർ കണ്ടിട്ടു: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
I Sa Mal1910 5:8  അവർ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.
I Sa Mal1910 5:9  അവർ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീൎന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവൎക്കു മൂലരോഗം തുടങ്ങി.
I Sa Mal1910 5:10  അതുകൊണ്ടു അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.
I Sa Mal1910 5:11  അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.
I Sa Mal1910 5:12  മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.
Chapter 6
I Sa Mal1910 6:1  യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്തു ആയിരുന്നു.
I Sa Mal1910 6:2  എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു.
I Sa Mal1910 6:3  അതിന്നു അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയക്കുന്നു എങ്കിൽ വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്കു സൌഖ്യംവരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങൾക്കു അറിയാം എന്നു പറഞ്ഞു.
I Sa Mal1910 6:4  ഞങ്ങൾ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവർ പറഞ്ഞതു: ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങൾക്കെല്ലാവൎക്കും നിങ്ങളുടെ പ്രഭുക്കന്മാൎക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.
I Sa Mal1910 6:5  ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുല്ക്കാഴ്ചവെക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെ മേൽനിന്നും നിങ്ങളുടെ ദേവന്മാരുടെ മേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽ നിന്നും നീക്കും.
I Sa Mal1910 6:6  മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയക്കയും അവർ പോകയും ചെയ്തതു?
I Sa Mal1910 6:7  ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ.
I Sa Mal1910 6:8  പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ.
I Sa Mal1910 6:9  പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നേയാകുന്നു നമുക്കു ഈ വലിയ അനൎത്ഥം വരുത്തിയതു; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം.
I Sa Mal1910 6:10  അവർ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടെച്ചു.
I Sa Mal1910 6:11  പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു.
I Sa Mal1910 6:12  ആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു.
I Sa Mal1910 6:13  അന്നേരം ബേത്ത്-ശേമെശ്യർ താഴ്വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയൎത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.
I Sa Mal1910 6:14  വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു.
I Sa Mal1910 6:15  ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അൎപ്പിച്ചു.
I Sa Mal1910 6:16  ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.
I Sa Mal1910 6:17  ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേൎക്കു ഒന്നു, ഗസ്സയുടെ പേൎക്കു ഒന്നു, അസ്കലോന്റെ പേൎക്കു ഒന്നു, ഗത്തിന്റെ പേൎക്കു ഒന്നു, എക്രോന്റെ പേൎക്കു ഒന്നു ഇങ്ങനെയായിരുന്നു.
I Sa Mal1910 6:18  പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാൎക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.
I Sa Mal1910 6:19  ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു:
I Sa Mal1910 6:20  ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആൎക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു.
I Sa Mal1910 6:21  അവർ കിൎയ്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ എന്നു പറയിച്ചു.
Chapter 7
I Sa Mal1910 7:1  കിൎയ്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
I Sa Mal1910 7:2  പെട്ടകം കിൎയ്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
I Sa Mal1910 7:3  അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂൎണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.
I Sa Mal1910 7:4  അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
I Sa Mal1910 7:5  അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാൎത്ഥിക്കും എന്നു പറഞ്ഞു.
I Sa Mal1910 7:6  അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
I Sa Mal1910 7:7  യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
I Sa Mal1910 7:8  യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാൎത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
I Sa Mal1910 7:9  അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സൎവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാൎത്ഥിച്ചു; യഹോവ ഉത്തരമരുളി.
I Sa Mal1910 7:10  ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
I Sa Mal1910 7:11  യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടൎന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
I Sa Mal1910 7:12  പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
I Sa Mal1910 7:13  ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യൎക്കു വിരോധമായിരുന്നു.
I Sa Mal1910 7:14  എക്രോൻമുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോൎയ്യരും തമ്മിൽ സമാധാനമായിരുന്നു.
I Sa Mal1910 7:15  ശമൂവേൽ ജീവപൎയ്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
I Sa Mal1910 7:16  അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
I Sa Mal1910 7:17  അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Chapter 8
I Sa Mal1910 8:1  ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
I Sa Mal1910 8:2  അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
I Sa Mal1910 8:3  അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
I Sa Mal1910 8:4  ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
I Sa Mal1910 8:5  നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
I Sa Mal1910 8:6  ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാൎയ്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാൎത്ഥിച്ചു.
I Sa Mal1910 8:7  യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
I Sa Mal1910 8:8  ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
I Sa Mal1910 8:9  ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.
I Sa Mal1910 8:10  അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ:
I Sa Mal1910 8:11  നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും.
I Sa Mal1910 8:12  അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‌വാനും തന്റെ വിള കൊയ്‌വാനും തന്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.
I Sa Mal1910 8:13  അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
I Sa Mal1910 8:14  അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാൎക്കു കൊടുക്കും.
I Sa Mal1910 8:15  അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാൎക്കും ഭൃത്യന്മാൎക്കും കൊടുക്കും.
I Sa Mal1910 8:16  അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
I Sa Mal1910 8:17  അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
I Sa Mal1910 8:18  നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
I Sa Mal1910 8:19  എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം
I Sa Mal1910 8:20  മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.
I Sa Mal1910 8:21  ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
I Sa Mal1910 8:22  യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവൎക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
Chapter 9
I Sa Mal1910 9:1  ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
I Sa Mal1910 9:2  അവന്നു ശൌൽ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു.
I Sa Mal1910 9:3  ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
I Sa Mal1910 9:4  അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല.
I Sa Mal1910 9:5  സൂഫ് ദേശത്തു എത്തിയപ്പോൾ ശൌൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
I Sa Mal1910 9:6  അതിന്നു അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ടു; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.
I Sa Mal1910 9:7  ശൌൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീൎന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
I Sa Mal1910 9:8  ഭൃത്യൻ ശൌലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
I Sa Mal1910 9:9  പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദൎശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദൎശകൻ എന്നു പറഞ്ഞുവന്നു.--
I Sa Mal1910 9:10  ശൌൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
I Sa Mal1910 9:11  അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദൎശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
I Sa Mal1910 9:12  അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു.
I Sa Mal1910 9:13  നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
I Sa Mal1910 9:14  അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.
I Sa Mal1910 9:15  എന്നാൽ ശൌൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:
I Sa Mal1910 9:16  നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
I Sa Mal1910 9:17  ശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.
I Sa Mal1910 9:18  അന്നേരം ശൌൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദൎശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
I Sa Mal1910 9:19  ശമൂവേൽ ശൌലിനോടു: ദൎശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
I Sa Mal1910 9:20  മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സൎവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
I Sa Mal1910 9:21  അതിന്നു ശൌൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 9:22  പിന്നെ ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവൎക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
I Sa Mal1910 9:23  ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
I Sa Mal1910 9:24  വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.
I Sa Mal1910 9:25  അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവെച്ചു ശൌലുമായി സംസാരിച്ചു.
I Sa Mal1910 9:26  അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു,
I Sa Mal1910 9:27  പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൌലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;- ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്ക്ക എന്നു പറഞ്ഞു.
Chapter 10
I Sa Mal1910 10:1  അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
I Sa Mal1910 10:2  നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.
I Sa Mal1910 10:3  അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും.
I Sa Mal1910 10:4  അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.
I Sa Mal1910 10:5  അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.
I Sa Mal1910 10:6  യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.
I Sa Mal1910 10:7  ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.
I Sa Mal1910 10:8  എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
I Sa Mal1910 10:9  ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.
I Sa Mal1910 10:10  അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.
I Sa Mal1910 10:11  അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.
I Sa Mal1910 10:12  അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീൎന്നു.
I Sa Mal1910 10:13  അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി.
I Sa Mal1910 10:14  ശൌലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു.
I Sa Mal1910 10:15  ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പൻ പറഞ്ഞു.
I Sa Mal1910 10:16  ശൌൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.
I Sa Mal1910 10:17  അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,
I Sa Mal1910 10:18  യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.
I Sa Mal1910 10:19  നിങ്ങളോ സകല അനൎത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ.
I Sa Mal1910 10:20  അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻഗോത്രത്തിന്നു ചീട്ടു വീണു.
I Sa Mal1910 10:21  അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.
I Sa Mal1910 10:22  അവർ പിന്നെയും യഹോവയോടു: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവൻ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.
I Sa Mal1910 10:23  അവർ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു.
I Sa Mal1910 10:24  അപ്പോൾ ശമൂവേൽ സൎവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സൎവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആൎത്തു.
I Sa Mal1910 10:25  അതിന്റെ ശേഷം ശമൂവേൽ രാജധൎമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.
I Sa Mal1910 10:26  ശൌലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി.
I Sa Mal1910 10:27  എന്നാൽ ചില നീചന്മാർ: ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.
Chapter 11
I Sa Mal1910 11:1  അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
I Sa Mal1910 11:2  അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
I Sa Mal1910 11:3  യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻതക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
I Sa Mal1910 11:4  ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വൎത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
I Sa Mal1910 11:5  അപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വൎത്തമാനം അവനെ അറിയിച്ചു.
I Sa Mal1910 11:6  ശൌൽ വൎത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
I Sa Mal1910 11:7  അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.
I Sa Mal1910 11:8  അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
I Sa Mal1910 11:9  വന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.
I Sa Mal1910 11:10  പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
I Sa Mal1910 11:11  പിറ്റെന്നാൾ ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
I Sa Mal1910 11:12  അനന്തരം ജനം ശമൂവേലിനോടു: ശൌൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
I Sa Mal1910 11:13  അതിന്നു ശൌൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
I Sa Mal1910 11:14  പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.
I Sa Mal1910 11:15  അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൌലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
Chapter 12
I Sa Mal1910 12:1  അനന്തരം ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങൾക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.
I Sa Mal1910 12:2  ഇപ്പോൾ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.
I Sa Mal1910 12:3  ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.
I Sa Mal1910 12:4  അതിന്നു അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.
I Sa Mal1910 12:5  അവൻ പിന്നെയും അവരോടു: നിങ്ങൾ എന്റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
I Sa Mal1910 12:6  അപ്പോൾ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവൻ യഹോവ തന്നേ.
I Sa Mal1910 12:7  ആകയാൽ ഇപ്പോൾ ഒത്തുനില്പിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
I Sa Mal1910 12:8  യാക്കോബ് മിസ്രയീമിൽ ചെന്നു പാൎത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാൎക്കുമാറാക്കി.
I Sa Mal1910 12:9  എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.
I Sa Mal1910 12:10  അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
I Sa Mal1910 12:11  എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിൎഭയമായി വസിച്ചു.
I Sa Mal1910 12:12  പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.
I Sa Mal1910 12:13  ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
I Sa Mal1910 12:14  നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേൎന്നിരിക്കയും ചെയ്താൽ കൊള്ളാം.
I Sa Mal1910 12:15  എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാൎക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.
I Sa Mal1910 12:16  ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‌വാൻ പോകുന്ന ഈ വലിയ കാൎയ്യം കണ്ടുകൊൾവിൻ.
I Sa Mal1910 12:17  ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
I Sa Mal1910 12:18  അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
I Sa Mal1910 12:19  ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാൎത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 12:20  ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‌വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂൎണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.
I Sa Mal1910 12:21  വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂൎത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
I Sa Mal1910 12:22  യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
I Sa Mal1910 12:23  ഞാനോ നിങ്ങൾക്കുവേണ്ടി പ്രാൎത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
I Sa Mal1910 12:24  യഹോവയെ ഭയപ്പെട്ടു പൂൎണ്ണഹൃദയത്തോടും പരമാൎത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാൎയ്യം ചെയ്തിരിക്കുന്നു എന്നു ഓൎത്തുകൊൾവിൻ.
I Sa Mal1910 12:25  എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
Chapter 13
I Sa Mal1910 13:1  ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
I Sa Mal1910 13:2  ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
I Sa Mal1910 13:3  പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
I Sa Mal1910 13:4  ശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യൎക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.
I Sa Mal1910 13:5  എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
I Sa Mal1910 13:6  എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
I Sa Mal1910 13:7  എബ്രായർ യോൎദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
I Sa Mal1910 13:8  ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
I Sa Mal1910 13:9  അപ്പോൾ ശൌൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.
I Sa Mal1910 13:10  ഹോമയാഗം കഴിച്ചു തീൎന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൌൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
I Sa Mal1910 13:11  നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:
I Sa Mal1910 13:12  ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈൎയ്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
I Sa Mal1910 13:13  ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
I Sa Mal1910 13:14  ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
I Sa Mal1910 13:15  പിന്നെ ശമൂവേൽ എഴുന്നേറ്റു ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.
I Sa Mal1910 13:16  ശൌലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാൎത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.
I Sa Mal1910 13:17  ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവൎച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;
I Sa Mal1910 13:18  മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.
I Sa Mal1910 13:19  എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീൎപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.
I Sa Mal1910 13:20  യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
I Sa Mal1910 13:21  എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂൎപ്പിപ്പാനും അവൎക്കു അരം ഉണ്ടായിരുന്നു.
I Sa Mal1910 13:22  ആകയാൽ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
I Sa Mal1910 13:23  ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
Chapter 14
I Sa Mal1910 14:1  ഒരു ദിവസം ശൌലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ല താനും.
I Sa Mal1910 14:2  ശൌൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ.
I Sa Mal1910 14:3  ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല.
I Sa Mal1910 14:4  യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ.
I Sa Mal1910 14:5  ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
I Sa Mal1910 14:6  യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചൎമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവൎത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
I Sa Mal1910 14:7  ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
I Sa Mal1910 14:8  അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവൎക്കു നമ്മെത്തന്നെ കാണിക്കാം;
I Sa Mal1910 14:9  ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.
I Sa Mal1910 14:10  ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.
I Sa Mal1910 14:11  ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു.
I Sa Mal1910 14:12  പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോടു: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 14:13  അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
I Sa Mal1910 14:14  യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേർ വീണു.
I Sa Mal1910 14:15  പാളയത്തിലും പോൎക്കളത്തിലും സൎവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവൎച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
I Sa Mal1910 14:16  അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്നു ശൌലിന്റെ കാവല്ക്കാർ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു.
I Sa Mal1910 14:17  ശൌൽ കൂടെയുള്ള ജനത്തോടു: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
I Sa Mal1910 14:18  ശൌൽ അഹീയാവിനോടു: ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്തു യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.
I Sa Mal1910 14:19  ശൌൽ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വൎദ്ധിച്ചുവന്നു. അപ്പോൾ ശൌൽ പുരോഹിതനോടു: നിന്റെ കൈ വലിക്ക എന്നു പറഞ്ഞു.
I Sa Mal1910 14:20  ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവർ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
I Sa Mal1910 14:21  മുമ്പെ ഫെലിസ്ത്യരോടു ചേൎന്നു ചുറ്റുമുള്ള ദേശത്തുനിന്നു അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൌലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.
I Sa Mal1910 14:22  അങ്ങനെ തന്നേ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേൎന്നു അവരെ പിന്തുടൎന്നു.
I Sa Mal1910 14:23  അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻവരെ പരന്നു.
I Sa Mal1910 14:24  സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൌൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
I Sa Mal1910 14:25  ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു.
I Sa Mal1910 14:26  ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
I Sa Mal1910 14:27  യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
I Sa Mal1910 14:28  അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞു നിന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 14:29  അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
I Sa Mal1910 14:30  ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്നു അവർ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്രനന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
I Sa Mal1910 14:31  അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളൎന്നുപോയി.
I Sa Mal1910 14:32  ആകയാൽ ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.
I Sa Mal1910 14:33  ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൌലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
I Sa Mal1910 14:34  പിന്നെയും ശൌൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്നു അവരോടു ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.
I Sa Mal1910 14:35  ശൌൽ യഹോവെക്കു ഒരു യാഗപീഠം പണിതു; അതു അവൻ യഹോവെക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.
I Sa Mal1910 14:36  അനന്തരം ശൌൽ: നാം രാത്രിയിൽ തന്നേ ഫെലിസ്ത്യരെ പിന്തുടൎന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊൾക എന്നു അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു.
I Sa Mal1910 14:37  അങ്ങനെ ശൌൽ ദൈവത്തോടു: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.
I Sa Mal1910 14:38  അപ്പോൾ ശൌൽ: ജനത്തിന്റെ പ്രധാനികൾ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാൎയ്യത്തിൽ എന്നു അന്വേഷിച്ചറിവിൻ;
I Sa Mal1910 14:39  യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകൻ യോനാഥാനിൽ തന്നേ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോടു ഉത്തരം പറവാൻ സൎവ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
I Sa Mal1910 14:40  അവൻ എല്ലായിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൌലിനോടു പറഞ്ഞു.
I Sa Mal1910 14:41  അങ്ങനെ ശൌൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
I Sa Mal1910 14:42  പിന്നെ ശൌൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
I Sa Mal1910 14:43  ശൌൽ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോടു: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 14:44  അതിന്നു ശൌൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 14:45  എന്നാൽ ജനം ശൌലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവൎത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവൎത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.
I Sa Mal1910 14:46  ശൌൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
I Sa Mal1910 14:47  ശൌൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.
I Sa Mal1910 14:48  അവൻ ശൌൎയ്യം പ്രവൎത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവൎച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.
I Sa Mal1910 14:49  എന്നാൽ ശൌലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാൎക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.
I Sa Mal1910 14:50  ശൌലിന്റെ ഭാൎയ്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
I Sa Mal1910 14:51  ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
I Sa Mal1910 14:52  ശൌലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൌൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേൎത്തുകൊള്ളും.
Chapter 15
I Sa Mal1910 15:1  അനന്തരം ശമൂവേൽ ശൌലിനോടു പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‌വാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊൾക.
I Sa Mal1910 15:2  സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു.
I Sa Mal1910 15:3  ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവൎക്കുള്ളതൊക്കെയും നിൎമ്മൂലമാക്കിക്കളക; അവരോടു കനിവുതോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
I Sa Mal1910 15:4  എന്നാറെ ശൌൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടുലക്ഷം കാലാൾ ഉണ്ടായിരുന്നു.
I Sa Mal1910 15:5  പിന്നെ ശൌൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.
I Sa Mal1910 15:6  എന്നാൽ ശൌൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവൎക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
I Sa Mal1910 15:7  പിന്നെ ശൌൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
I Sa Mal1910 15:8  അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിൎമ്മൂലമാക്കി.
I Sa Mal1910 15:9  എന്നാൽ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിൎമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവർ നിൎമ്മൂലമാക്കിക്കളഞ്ഞു.
I Sa Mal1910 15:10  അപ്പോൾ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ:
I Sa Mal1910 15:11  ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
I Sa Mal1910 15:12  ശമൂവേൽ ശൌലിനെ എതിരേല്പാൻ അതികാലത്തു എഴുന്നേറ്റപ്പോൾ ശൌൽ കൎമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
I Sa Mal1910 15:13  പിന്നെ ശമൂവേൽ ശൌലിന്റെ അടുക്കൽ എത്തിയപ്പോൾ ശൌൽ അവനോടു: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവൎത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 15:14  അതിന്നു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.
I Sa Mal1910 15:15  അവയെ അമാലേക്യരുടെ പക്കൽനിന്നു അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിൎമ്മൂലമാക്കിക്കളഞ്ഞു എന്നു ശൌൽ പറഞ്ഞു.
I Sa Mal1910 15:16  ശമൂവേൽ ശൌലിനോടു: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.
I Sa Mal1910 15:17  അപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
I Sa Mal1910 15:18  പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിൎമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
I Sa Mal1910 15:19  അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവെക്കു അനിഷ്ടമായതു ചെയ്തതെന്തു?
I Sa Mal1910 15:20  ശൌൽ ശമൂവേലിനോടു: ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിൎമ്മൂലമാക്കിക്കളഞ്ഞു.
I Sa Mal1910 15:21  എന്നാൽ ജനം ശപഥാൎപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 15:22  ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.
I Sa Mal1910 15:23  മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
I Sa Mal1910 15:24  ശൌൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
I Sa Mal1910 15:25  എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
I Sa Mal1910 15:26  ശമൂവേൽ ശൌലിനോടു: ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
I Sa Mal1910 15:27  പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
I Sa Mal1910 15:28  ശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽനിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
I Sa Mal1910 15:29  യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു.
I Sa Mal1910 15:30  അപ്പോൾ അവൻ: ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോൾ എന്നെ മാനിച്ചു, ഞാൻ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
I Sa Mal1910 15:31  അങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌൽ യഹോവയെ നമസ്കരിച്ചു.
I Sa Mal1910 15:32  അനന്തരം ശമൂവേൽ: അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങിപ്പോയി എന്നു ആഗാഗ് പറഞ്ഞു.
I Sa Mal1910 15:33  നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
I Sa Mal1910 15:34  പിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി.
I Sa Mal1910 15:35  ശമൂവേൽ ജീവപൎയ്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.
Chapter 16
I Sa Mal1910 16:1  അനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
I Sa Mal1910 16:2  അതിന്നു ശമൂവേൽ: ഞാൻ എങ്ങനെ പോകും? ശൌൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നു: ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.
I Sa Mal1910 16:3  യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാൻ അന്നേരം നിന്നോടു അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.
I Sa Mal1910 16:4  യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ലേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
I Sa Mal1910 16:5  അതിന്നു അവൻ: ശുഭം തന്നേ; ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
I Sa Mal1910 16:6  അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
I Sa Mal1910 16:7  യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
I Sa Mal1910 16:8  പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
I Sa Mal1910 16:9  പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവൻ പറഞ്ഞു.
I Sa Mal1910 16:10  അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോടു: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
I Sa Mal1910 16:11  നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന്നു അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
I Sa Mal1910 16:12  ഉടനെ അവൻ ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു.
I Sa Mal1910 16:13  അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
I Sa Mal1910 16:14  എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
I Sa Mal1910 16:15  അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
I Sa Mal1910 16:16  ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
I Sa Mal1910 16:17  ശൌൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.
I Sa Mal1910 16:18  ബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുൎയ്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
I Sa Mal1910 16:19  എന്നാറെ ശൌൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.
I Sa Mal1910 16:20  യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൌലിന്നു കൊടുത്തയച്ചു.
I Sa Mal1910 16:21  ദാവീദ് ശൌലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീൎന്നു.
I Sa Mal1910 16:22  ആകയാൽ ശൌൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
I Sa Mal1910 16:23  ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
Chapter 17
I Sa Mal1910 17:1  അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
I Sa Mal1910 17:2  ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
I Sa Mal1910 17:3  ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
I Sa Mal1910 17:4  അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
I Sa Mal1910 17:5  അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
I Sa Mal1910 17:6  അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
I Sa Mal1910 17:7  അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
I Sa Mal1910 17:8  അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
I Sa Mal1910 17:9  അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
I Sa Mal1910 17:10  ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു.
I Sa Mal1910 17:11  ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
I Sa Mal1910 17:12  എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
I Sa Mal1910 17:13  യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
I Sa Mal1910 17:14  ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.
I Sa Mal1910 17:15  ദാവിദ് ശൌലിന്റെ അടുക്കൽനിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു.
I Sa Mal1910 17:16  ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.
I Sa Mal1910 17:17  യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
I Sa Mal1910 17:18  ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
I Sa Mal1910 17:19  ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
I Sa Mal1910 17:20  അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആൎത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
I Sa Mal1910 17:21  യിസ്രായേലും ഫെലിസ്ത്യരും നേൎക്കുനേരെ അണിനിരന്നുനിന്നു.
I Sa Mal1910 17:22  ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
I Sa Mal1910 17:23  അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
I Sa Mal1910 17:24  അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി.
I Sa Mal1910 17:25  എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.
I Sa Mal1910 17:26  അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെ കൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചൎമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു.
I Sa Mal1910 17:27  അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
I Sa Mal1910 17:28  അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
I Sa Mal1910 17:29  അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
I Sa Mal1910 17:30  അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
I Sa Mal1910 17:31  ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൌലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി.
I Sa Mal1910 17:32  ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈൎയ്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
I Sa Mal1910 17:33  ശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
I Sa Mal1910 17:34  ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു.
I Sa Mal1910 17:35  ഞാൻ പിന്തുടൎന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
I Sa Mal1910 17:36  ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചൎമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.
I Sa Mal1910 17:37  ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
I Sa Mal1910 17:38  ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
I Sa Mal1910 17:39  പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
I Sa Mal1910 17:40  പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
I Sa Mal1910 17:41  ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
I Sa Mal1910 17:42  ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
I Sa Mal1910 17:43  ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
I Sa Mal1910 17:44  ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
I Sa Mal1910 17:45  ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
I Sa Mal1910 17:46  യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സൎവ്വഭൂമിയും അറിയും.
I Sa Mal1910 17:47  യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
I Sa Mal1910 17:48  പിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിൎപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിൎപ്പാൻ അണിക്കുനേരെ ഓടി.
I Sa Mal1910 17:49  ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു;
I Sa Mal1910 17:50  അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
I Sa Mal1910 17:51  ആകയാൽ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഓടിപ്പോയി.
I Sa Mal1910 17:52  യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആൎത്തുംകൊണ്ടു ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടൎന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
I Sa Mal1910 17:53  ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
I Sa Mal1910 17:54  എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവൎഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
I Sa Mal1910 17:55  ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
I Sa Mal1910 17:56  ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
I Sa Mal1910 17:57  ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
I Sa Mal1910 17:58  ശൌൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്ത്ലേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.
Chapter 18
I Sa Mal1910 18:1  അവൻ ശൌലിനോടു സംസാരിച്ചു തീൎന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേൎന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
I Sa Mal1910 18:2  ശൌൽ അന്നു അവനെ ചേൎത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
I Sa Mal1910 18:3  യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
I Sa Mal1910 18:4  യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
I Sa Mal1910 18:5  ശൌൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാൎയ്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സൎവ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാൎക്കും ബോധിച്ചു.
I Sa Mal1910 18:6  ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌൽരാജാവിനെ എതിരേറ്റുചെന്നു.
I Sa Mal1910 18:7  സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
I Sa Mal1910 18:8  അപ്പോൾ ശൌൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.
I Sa Mal1910 18:9  അന്നുമുതൽ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.
I Sa Mal1910 18:10  പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൌലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
I Sa Mal1910 18:11  ദാവീദിനെ ചുവരോടുചേൎത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൌൽ കുന്തം ചാട്ടി; എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.
I Sa Mal1910 18:12  യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌൽ ദാവീദിനെ ഭയപ്പെട്ടു.
I Sa Mal1910 18:13  അതുകൊണ്ടു ശൌൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
I Sa Mal1910 18:14  ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
I Sa Mal1910 18:15  അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീൎന്നു.
I Sa Mal1910 18:16  എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
I Sa Mal1910 18:17  അനന്തരം ശൌൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാൎയ്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൌൽ വിചാരിച്ചു.
I Sa Mal1910 18:18  ദാവീദ് ശൌലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
I Sa Mal1910 18:19  ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാൎയ്യയായി കൊടുത്തു.
I Sa Mal1910 18:20  ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാൎയ്യം അവന്നു ഇഷ്ടമായി.
I Sa Mal1910 18:21  അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിന്നും ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൌൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
I Sa Mal1910 18:22  പിന്നെ ശൌൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാൎയ്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.
I Sa Mal1910 18:23  ശൌലിന്റെ ഭൃത്യന്മാർ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നതു അല്പകാൎയ്യമെന്നു നിങ്ങൾക്കു തോന്നുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
I Sa Mal1910 18:24  ശൌലിന്റെ ദൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
I Sa Mal1910 18:25  അതിന്നു ശൌൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചൎമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌൽ കരുതിയിരുന്നു.
I Sa Mal1910 18:26  ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
I Sa Mal1910 18:27  അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചൎമ്മം കൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണംകൊടുത്തു. ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാൎയ്യയായി കൊടുത്തു.
I Sa Mal1910 18:28  യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൌൽ കണ്ടറിഞ്ഞപ്പോൾ,
I Sa Mal1910 18:29  ശൌൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌൽ ദാവീദിന്റെ നിത്യശത്രുവായ്തീൎന്നു.
I Sa Mal1910 18:30  എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാൎത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീൎന്നു.
Chapter 19
I Sa Mal1910 19:1  അനന്തരം ശൌൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
I Sa Mal1910 19:2  എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൌൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാൎക്ക.
I Sa Mal1910 19:3  ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
I Sa Mal1910 19:4  അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
I Sa Mal1910 19:5  അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
I Sa Mal1910 19:6  യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌൽ സത്യം ചെയ്തു.
I Sa Mal1910 19:7  പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാൎയ്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
I Sa Mal1910 19:8  പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി.
I Sa Mal1910 19:9  യഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
I Sa Mal1910 19:10  അപ്പോൾ ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടു ചേൎത്തു കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.
I Sa Mal1910 19:11  ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാൎയ്യയായ മീഖൾ അവനോടു: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
I Sa Mal1910 19:12  അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.
I Sa Mal1910 19:13  മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
I Sa Mal1910 19:14  ദാവീദിനെ പിടിപ്പാൻ ശൌൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
I Sa Mal1910 19:15  എന്നാറെ ശൌൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,
I Sa Mal1910 19:16  ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
I Sa Mal1910 19:17  എന്നാറെ ശൌൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൌലിനോടു പറഞ്ഞു.
I Sa Mal1910 19:18  ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാൎത്തു.
I Sa Mal1910 19:19  അനന്തരം ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ശൌലിന്നു അറിവുകിട്ടി.
I Sa Mal1910 19:20  ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.
I Sa Mal1910 19:21  ശൌൽ അതു അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
I Sa Mal1910 19:22  പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തൻ പറഞ്ഞു.
I Sa Mal1910 19:23  അങ്ങനെ അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
I Sa Mal1910 19:24  അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
Chapter 20
I Sa Mal1910 20:1  ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
I Sa Mal1910 20:2  അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‌വാറില്ല; പിന്നെ ഈ കാൎയ്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
I Sa Mal1910 20:3  ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യം ചെയ്തു പറഞ്ഞു.
I Sa Mal1910 20:4  അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
I Sa Mal1910 20:5  ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
I Sa Mal1910 20:6  നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പൎയ്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വൎഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
I Sa Mal1910 20:7  കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിൎണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
I Sa Mal1910 20:8  എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
I Sa Mal1910 20:9  അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിൎണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
I Sa Mal1910 20:10  ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
I Sa Mal1910 20:11  യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
I Sa Mal1910 20:12  പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തൎഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
I Sa Mal1910 20:13  എന്നാൽ നിന്നോടു ദോഷം ചെയ്‌വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
I Sa Mal1910 20:14  ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
I Sa Mal1910 20:15  എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
I Sa Mal1910 20:16  ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടു സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
I Sa Mal1910 20:17  യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
I Sa Mal1910 20:18  പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
I Sa Mal1910 20:19  മൂന്നു ദിവസം കഴിഞ്ഞിട്ടു കാൎയ്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
I Sa Mal1910 20:20  അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്ന ഭാവത്തിൽ മൂന്നു അമ്പു എയ്യും.
I Sa Mal1910 20:21  നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
I Sa Mal1910 20:22  എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
I Sa Mal1910 20:23  ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാൎയ്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
I Sa Mal1910 20:24  ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
I Sa Mal1910 20:25  രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
I Sa Mal1910 20:26  അന്നു ശൌൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
I Sa Mal1910 20:27  അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
I Sa Mal1910 20:28  യോനാഥാൻ ശൌലിനോടു: ദാവീദ് ബേത്ത്ലേഹെമിൽ പോകുവാൻ എന്നോടു താല്പൎയ്യമായി അനുവാദം ചോദിച്ചു:
I Sa Mal1910 20:29  ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
I Sa Mal1910 20:30  അപ്പോൾ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
I Sa Mal1910 20:31  യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
I Sa Mal1910 20:32  യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
I Sa Mal1910 20:33  അപ്പോൾ ശൌൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിൎണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
I Sa Mal1910 20:34  യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
I Sa Mal1910 20:35  പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
I Sa Mal1910 20:36  അവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
I Sa Mal1910 20:37  യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
I Sa Mal1910 20:38  പിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നില്ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
I Sa Mal1910 20:39  എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാൎയ്യം ഒന്നും അറിഞ്ഞില്ല.
I Sa Mal1910 20:40  പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
I Sa Mal1910 20:41  ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
I Sa Mal1910 20:42  യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
Chapter 21
I Sa Mal1910 21:1  ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
I Sa Mal1910 21:2  ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാൎയ്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാൎയ്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
I Sa Mal1910 21:3  ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
I Sa Mal1910 21:4  അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 21:5  ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
I Sa Mal1910 21:6  അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
I Sa Mal1910 21:7  എന്നാൽ അന്നു ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാൎക്കു പ്രമാണി ആയിരുന്നു.
I Sa Mal1910 21:8  ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാൎയ്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു.
I Sa Mal1910 21:9  അപ്പോൾ പുരോഹിതൻ: ഏലാ താഴ്വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
I Sa Mal1910 21:10  പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്‌രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
I Sa Mal1910 21:11  എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
I Sa Mal1910 21:12  ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
I Sa Mal1910 21:13  അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
I Sa Mal1910 21:14  ആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിന്നു?
I Sa Mal1910 21:15  എന്റെ മുമ്പാകെ ഭ്രാന്തുകളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടതു എന്നു പറഞ്ഞു.
Chapter 22
I Sa Mal1910 22:1  അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.
I Sa Mal1910 22:2  ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവൎക്കു തലവനായിത്തീൎന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.
I Sa Mal1910 22:3  അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ് രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാൎപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.
I Sa Mal1910 22:4  അവൻ അവരെ മോവാബ് രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുൎഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാൎത്തു.
I Sa Mal1910 22:5  എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോടു: ദുൎഗ്ഗത്തിൽ പാൎക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടിൽ വന്നു.
I Sa Mal1910 22:6  ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌൽ കേട്ടു; അന്നു ശൌൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
I Sa Mal1910 22:7  ശൌൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
I Sa Mal1910 22:8  നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.
I Sa Mal1910 22:9  അപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നതു ഞാൻ കണ്ടു.
I Sa Mal1910 22:10  അവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 22:11  ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക്പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.
I Sa Mal1910 22:12  അപ്പോൾ ശൌൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്നു അവൻ ഉത്തരം പറഞ്ഞു.
I Sa Mal1910 22:13  ശൌൽ അവനോടു: യിശ്ശായിയുടെ മകൻ ഇന്നു എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.
I Sa Mal1910 22:14  അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
I Sa Mal1910 22:15  അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 22:16  അപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.
I Sa Mal1910 22:17  പിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേൎന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
I Sa Mal1910 22:18  അപ്പോൾ രാജാവു ദോവേഗിനോടു: നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.
I Sa Mal1910 22:19  പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
I Sa Mal1910 22:20  എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.
I Sa Mal1910 22:21  ശൌൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.
I Sa Mal1910 22:22  ദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ ശൌലിനോടു അറിയിക്കും എന്നു ഞാൻ അന്നു തന്നേ നിശ്ചയിച്ചു.
I Sa Mal1910 22:23  നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാൻ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കൽ പാൎക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിൎഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.
Chapter 23
I Sa Mal1910 23:1  അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവൎച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.
I Sa Mal1910 23:2  ദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
I Sa Mal1910 23:3  എന്നാൽ ദാവീദിന്റെ ആളുകൾ അവനോടു: നാം ഇവിടെ യെഹൂദയിൽ തന്നേ ഭയപ്പെട്ടു പാൎക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.
I Sa Mal1910 23:4  ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
I Sa Mal1910 23:5  അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠിനമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.
I Sa Mal1910 23:6  അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
I Sa Mal1910 23:7  ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു അവൻ കുടുങ്ങിയിരിക്കുന്നു എന്നു ശൌൽ പറഞ്ഞു.
I Sa Mal1910 23:8  പിന്നെ ശൌൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.
I Sa Mal1910 23:9  ശൌൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.
I Sa Mal1910 23:10  പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
I Sa Mal1910 23:11  കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.
I Sa Mal1910 23:12  ദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
I Sa Mal1910 23:13  അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൌൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിൎത്തിവെച്ചു.
I Sa Mal1910 23:14  ദാവീദ് മരുഭൂമിയിലെ ദുൎഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാൎത്തു; ഇക്കാലത്തൊക്കെയും ശൌൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
I Sa Mal1910 23:15  തന്റെ ജീവനെ തേടി ശൌൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
I Sa Mal1910 23:16  അനന്തരം ശൌലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈൎയ്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,
I Sa Mal1910 23:17  എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.
I Sa Mal1910 23:18  ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
I Sa Mal1910 23:19  അനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുൎഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
I Sa Mal1910 23:20  ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാൎയ്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 23:21  അതിന്നു ശൌൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
I Sa Mal1910 23:22  നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
I Sa Mal1910 23:23  ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
I Sa Mal1910 23:24  അങ്ങനെ അവർ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.
I Sa Mal1910 23:25  ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൌൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടൎന്നു.
I Sa Mal1910 23:26  ശൌൽ പൎവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പൎവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.
I Sa Mal1910 23:27  അപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 23:28  ഉടനെ ശൌൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാൽ ആ സ്ഥലത്തിന്നു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.
I Sa Mal1910 23:29  ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുൎഗ്ഗങ്ങളിൽ ചെന്നു പാൎത്തു.
Chapter 24
I Sa Mal1910 24:1  ശൌൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദിമരുഭൂമിയിൽ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
I Sa Mal1910 24:2  അപ്പോൾ ശൌൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു.
I Sa Mal1910 24:3  അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌൽ കാൽമടക്കത്തിന്നു അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാൎത്തിരുന്നു.
I Sa Mal1910 24:4  ദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
I Sa Mal1910 24:5  ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.
I Sa Mal1910 24:6  അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാൎയ്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
I Sa Mal1910 24:7  ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമൎത്തി; ശൌലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൌൽ ഗുഹയിൽനിന്നു എഴുന്നേറ്റു തന്റെ വഴിക്കു പോയി.
I Sa Mal1910 24:8  ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൌലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
I Sa Mal1910 24:9  ദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേൾക്കുന്നതു എന്തു?
I Sa Mal1910 24:10  യഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
I Sa Mal1910 24:11  എന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു.
I Sa Mal1910 24:12  യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
I Sa Mal1910 24:13  ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊൽ പറയുന്നതു; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
I Sa Mal1910 24:14  ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
I Sa Mal1910 24:15  ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാൎയ്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
I Sa Mal1910 24:16  ദാവീദ് ശൌലിനോടു ഈ വാക്കുകൾ സംസാരിച്ചു തീൎന്നശേഷം ശൌൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
I Sa Mal1910 24:17  പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
I Sa Mal1910 24:18  യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
I Sa Mal1910 24:19  ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
I Sa Mal1910 24:20  എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
I Sa Mal1910 24:21  ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിൎമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
I Sa Mal1910 24:22  അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുൎഗ്ഗത്തിലേക്കും പോയി.
Chapter 25
I Sa Mal1910 25:1  ശമൂവേൽ മരിച്ചു; യിസ്രായേൽ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പോയി പാൎത്തു.
I Sa Mal1910 25:2  കൎമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കൎമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
I Sa Mal1910 25:3  അവന്നു നാബാൽ എന്നും അവന്റെ ഭാൎയ്യക്കു അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കൎമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.
I Sa Mal1910 25:4  നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു.
I Sa Mal1910 25:5  ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കൎമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി:
I Sa Mal1910 25:6  നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.
I Sa Mal1910 25:7  നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കൎമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവൎക്കു ഒന്നും കാണാതെ പോയതുമില്ല.
I Sa Mal1910 25:8  നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയ തോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിൻ.
I Sa Mal1910 25:9  ദാവീദിന്റെ ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ചു കാത്തുനിന്നു.
I Sa Mal1910 25:10  നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.
I Sa Mal1910 25:11  ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവൎക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവൎക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 25:12  ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.
I Sa Mal1910 25:13  അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാൎത്തു.
I Sa Mal1910 25:14  എന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാൎയ്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.
I Sa Mal1910 25:15  എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല.
I Sa Mal1910 25:16  ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു.
I Sa Mal1910 25:17  ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിൎണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആൎക്കും ഒന്നും മിണ്ടിക്കൂടാ.
I Sa Mal1910 25:18  ഉടനെ അബീഗയിൽ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്കമുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
I Sa Mal1910 25:19  നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭൎത്താവായ നാബാലിനോടു അവൾ ഒന്നും അറിയിച്ചില്ലതാനും.
I Sa Mal1910 25:20  അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവൾ അവരെ എതിരേറ്റു.
I Sa Mal1910 25:21  എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മ ചെയ്തു.
I Sa Mal1910 25:22  അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.
I Sa Mal1910 25:23  അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
I Sa Mal1910 25:24  അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.
I Sa Mal1910 25:25  ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർ പോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
I Sa Mal1910 25:26  ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
I Sa Mal1910 25:27  ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാൎക്കു ഇരിക്കട്ടെ.
I Sa Mal1910 25:28  അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.
I Sa Mal1910 25:29  മനുഷ്യൻ നിന്നെ പിന്തുടൎന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും.
I Sa Mal1910 25:30  എന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വെക്കുമ്പോൾ
I Sa Mal1910 25:31  അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോൾ അടിയനെയും ഓൎത്തുകൊള്ളേണമേ.
I Sa Mal1910 25:32  ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം.
I Sa Mal1910 25:33  നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.
I Sa Mal1910 25:34  നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
I Sa Mal1910 25:35  പിന്നെ അവൾ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യിൽനിന്നു വാങ്ങി അവളോടു: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 25:36  അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരി പിടിച്ചിരുന്നു; അതുകൊണ്ടു അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
I Sa Mal1910 25:37  എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാൎയ്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിൎജ്ജീവമായി അവൻ കല്ലിച്ചുപോയി.
I Sa Mal1910 25:38  പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.
I Sa Mal1910 25:39  നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മ ചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവെക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാൎയ്യയായി പരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു.
I Sa Mal1910 25:40  ദാവീദിന്റെ ഭൃത്യന്മാർ കൎമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാൎയ്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 25:41  അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
I Sa Mal1910 25:42  ഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാൎയ്യയായി തീൎന്നു.
I Sa Mal1910 25:43  യിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്നു ഭാൎയ്യമാരായ്തീൎന്നു.
I Sa Mal1910 25:44  ശൌലോ തന്റെ മകളും ദാവീദിന്റെ ഭാൎയ്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.
Chapter 26
I Sa Mal1910 26:1  അനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 26:2  ശൌൽ എഴുന്നേറ്റു ദാവീദിനെ തിരയുവാൻ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലിൽനിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
I Sa Mal1910 26:3  ശൌൽ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയിൽ പാൎത്തു, ശൌൽ തന്നേ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
I Sa Mal1910 26:4  അതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌൽ ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.
I Sa Mal1910 26:5  ദാവീദ് എഴുന്നേറ്റു ശൌൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌൽ കൈനിലയുടെ നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
I Sa Mal1910 26:6  ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: പാളയത്തിൽ ശൌലിന്റെ അടുക്കലേക്കു ആർ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാൻ നിന്നോടുകൂടെ പോരും എന്നു അബീശായി പറഞ്ഞു.
I Sa Mal1910 26:7  ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൌൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
I Sa Mal1910 26:8  അബീശായി ദാവീദിനോടു: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തം കൊണ്ടു നിലത്തോടു ചേൎത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.
I Sa Mal1910 26:9  ദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
I Sa Mal1910 26:10  യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കുചെന്നു നശിക്കും;
I Sa Mal1910 26:11  ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
I Sa Mal1910 26:12  ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കൽനിന്നു എടുത്തു അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണൎന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
I Sa Mal1910 26:13  ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളിൽ നിന്നു; അവൎക്കു മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.
I Sa Mal1910 26:14  ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേർ: രാജസന്നിധിയിൽ കൂകുന്ന നീ ആർ എന്നു അങ്ങോട്ടു ചോദിച്ചു.
I Sa Mal1910 26:15  ദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാൻ ജനത്തിൽ ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ.
I Sa Mal1910 26:16  നീ ചെയ്ത കാൎയ്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
I Sa Mal1910 26:17  അപ്പോൾ ശൌൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
I Sa Mal1910 26:18  യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളു?
I Sa Mal1910 26:19  ആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
I Sa Mal1910 26:20  എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പൎവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു.
I Sa Mal1910 26:21  അതിന്നു ശൌൽ: ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവൎത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
I Sa Mal1910 26:22  ദാവീദ് ഉത്തരം പറഞ്ഞതു: രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുത്തൻ വന്നു കൊണ്ടുപോകട്ടെ.
I Sa Mal1910 26:23  യഹോവ ഓരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്കു മനസ്സായില്ല.
I Sa Mal1910 26:24  എന്നാൽ നിന്റെ ജീവൻ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവെക്കു വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ.
I Sa Mal1910 26:25  അപ്പോൾ ശൌൽ ദാവീദിനോടു: എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാൎത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
Chapter 27
I Sa Mal1910 27:1  അനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൌലിന്റെ കയ്യാൽ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഓടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.
I Sa Mal1910 27:2  അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്‌രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.
I Sa Mal1910 27:3  യിസ്രെയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാൎയ്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാൎയ്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാൎത്തു.
I Sa Mal1910 27:4  ദാവീദ് ഗത്തിലേക്കു ഓടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
I Sa Mal1910 27:5  ദാവീദ് ആഖീശിനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുപുറത്തു ഒരു ഊരിൽ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാൻ പാൎത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ പാൎക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
I Sa Mal1910 27:6  ആഖീശ് അന്നുതന്നെ അവന്നു സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ടു സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാൎക്കുള്ളതായിരിക്കുന്നു.
I Sa Mal1910 27:7  ദാവീദ് ഫെലിസ്ത്യദേശത്തു പാൎത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.
I Sa Mal1910 27:8  ദാവീദും അവന്റെ ആളുകളും ഗെശൂൎയ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർ വരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂൎവ്വ നിവാസികളായിരുന്നു.
I Sa Mal1910 27:9  എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
I Sa Mal1910 27:10  നിങ്ങൾ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നു: യെഹൂദെക്കു തെക്കും യെരപ്മേല്യക്കു തെക്കും കേന്യൎക്കു തെക്കും എന്നു ദാവീദ് പറഞ്ഞു.
I Sa Mal1910 27:11  ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവൻ ഫെലിസ്ത്യരുടെ ദേശത്തു പാൎത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവർ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തിൽ വിവരം അറിയിപ്പാൻ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.
I Sa Mal1910 27:12  ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനിൽ വിശ്വാസം വെച്ചു.
Chapter 28
I Sa Mal1910 28:1  ആ കാലത്തു ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോടു: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊൾക എന്നു പറഞ്ഞു.
I Sa Mal1910 28:2  എന്നാറെ ദാവീദ് ആഖീശിനോടു: അടിയൻ എന്തുചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതുകൊണ്ടു ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
I Sa Mal1910 28:3  എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
I Sa Mal1910 28:4  എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
I Sa Mal1910 28:5  ശൌൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.
I Sa Mal1910 28:6  ശൌൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
I Sa Mal1910 28:7  അപ്പോൾ ശൌൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോടു: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.
I Sa Mal1910 28:8  ശൌൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
I Sa Mal1910 28:9  സ്ത്രീ അവനോടു: ശൌൽ ചെയ്തിട്ടുള്ളതു, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
I Sa Mal1910 28:10  യഹോവയാണ ഈ കാൎയ്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌൽ യഹോവയുടെ നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു.
I Sa Mal1910 28:11  ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.
I Sa Mal1910 28:12  സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൌലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൌൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.
I Sa Mal1910 28:13  രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.
I Sa Mal1910 28:14  അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൌൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
I Sa Mal1910 28:15  ശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 28:16  അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീൎന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
I Sa Mal1910 28:17  യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.
I Sa Mal1910 28:18  നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാൎയ്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.
I Sa Mal1910 28:19  യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.
I Sa Mal1910 28:20  പെട്ടെന്നു ശൌൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
I Sa Mal1910 28:21  അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.
I Sa Mal1910 28:22  ആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
I Sa Mal1910 28:23  അതിന്നു അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിൎബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേൽ ഇരുന്നു.
I Sa Mal1910 28:24  സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തു കുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.
I Sa Mal1910 28:25  അവൾ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.
Chapter 29
I Sa Mal1910 29:1  എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
I Sa Mal1910 29:2  അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.
I Sa Mal1910 29:3  ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാൎക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
I Sa Mal1910 29:4  എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീൎന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
I Sa Mal1910 29:5  ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.
I Sa Mal1910 29:6  എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാൎത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാൎക്കു നിന്നെ ഇഷ്ടമല്ല.
I Sa Mal1910 29:7  ആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാൎക്കു അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു.
I Sa Mal1910 29:8  ദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
I Sa Mal1910 29:9  ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
I Sa Mal1910 29:10  ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
I Sa Mal1910 29:11  ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
Chapter 30
I Sa Mal1910 30:1  ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ചു സിക്ലാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.
I Sa Mal1910 30:2  അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.
I Sa Mal1910 30:3  ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാൎയ്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
I Sa Mal1910 30:4  അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
I Sa Mal1910 30:5  യിസ്രെയേല്ക്കാരത്തി അഹീനോവം, കൎമ്മേല്ക്കാരൻ നാബാലിന്റെ ഭാൎയ്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാൎയ്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു.
I Sa Mal1910 30:6  ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈൎയ്യപ്പെട്ടു.
I Sa Mal1910 30:7  ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.
I Sa Mal1910 30:8  എന്നാറെ ദാവീദ് യഹോവയോടു: ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
I Sa Mal1910 30:9  അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു.
I Sa Mal1910 30:10  ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടൎന്നുചെന്നു.
I Sa Mal1910 30:11  അവർ വയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവൻ തിന്നു; അവന്നു കുടിപ്പാൻ വെള്ളവും കൊടുത്തു.
I Sa Mal1910 30:12  അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
I Sa Mal1910 30:13  ദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
I Sa Mal1910 30:14  ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.
I Sa Mal1910 30:15  ദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.
I Sa Mal1910 30:16  അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ള നിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.
I Sa Mal1910 30:17  ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചുപോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.
I Sa Mal1910 30:18  അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാൎയ്യമാരെയും ദാവീദ് ഉദ്ധരിച്ചു.
I Sa Mal1910 30:19  അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
I Sa Mal1910 30:20  ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
I Sa Mal1910 30:21  ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.
I Sa Mal1910 30:22  എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാൎയ്യയെയും മക്കളെയും ഒഴികെ അവൎക്കു ഒന്നും കൊടുക്കരുതു, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
I Sa Mal1910 30:23  അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങൾ ഇങ്ങനെ ചെയ്യരുതു.
I Sa Mal1910 30:24  ഈ കാൎയ്യത്തിൽ നിങ്ങളുടെ വാക്കു ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.
I Sa Mal1910 30:25  അന്നുമുതൽ കാൎയ്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
I Sa Mal1910 30:26  ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാൎക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
I Sa Mal1910 30:27  ബേഥേലിൽ ഉള്ളവൎക്കും തെക്കെ രാമോത്തിലുള്ളവൎക്കും യത്ഥീരിൽ ഉള്ളവൎക്കും
I Sa Mal1910 30:28  അരോവേരിൽ ഉള്ളവൎക്കും സിഫ്മോത്തിലുള്ളവൎക്കും എസ്തെമോവയിലുള്ളവൎക്കും
I Sa Mal1910 30:29  രാഖാലിലുള്ളവൎക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവൎക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവൎക്കും
I Sa Mal1910 30:30  ഹൊൎമ്മയിലുള്ളവൎക്കും കോർ-ആശാനിൽ ഉള്ളവൎക്കും അഥാക്കിലുള്ളവൎക്കും ഹെബ്രോനിലുള്ളവൎക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
Chapter 31
I Sa Mal1910 31:1  എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപൎവ്വതത്തിൽ നിഹതന്മാരായി വീണു.
I Sa Mal1910 31:2  ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേൎന്നുചെന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെല്ക്കീശൂവ എന്നിവരെ കൊന്നു.
I Sa Mal1910 31:3  എന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
I Sa Mal1910 31:4  ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചൎമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
I Sa Mal1910 31:5  ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
I Sa Mal1910 31:6  ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
I Sa Mal1910 31:7  ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോൎദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാൎക്കയും ചെയ്തു.
I Sa Mal1910 31:8  പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപൎവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
I Sa Mal1910 31:9  അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവൎഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വൎത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
I Sa Mal1910 31:10  അവന്റെ ആയുധവൎഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
I Sa Mal1910 31:11  എന്നാൽ ഫെലിസ്ത്യർ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
I Sa Mal1910 31:12  ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
I Sa Mal1910 31:13  അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.