Site uses cookies to provide basic functionality.

OK
MATTHEW
Up
Chapter 1
Matt Mal1910 1:1  അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
Matt Mal1910 1:2  അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
Matt Mal1910 1:3  യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു;
Matt Mal1910 1:4  ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
Matt Mal1910 1:5  ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
Matt Mal1910 1:6  യിശ്ശായി ദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാൎയ്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
Matt Mal1910 1:7  ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു;
Matt Mal1910 1:8  ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
Matt Mal1910 1:9  ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;
Matt Mal1910 1:10  ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു;
Matt Mal1910 1:11  യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.
Matt Mal1910 1:12  ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;
Matt Mal1910 1:13  സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
Matt Mal1910 1:14  ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
Matt Mal1910 1:15  എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.
Matt Mal1910 1:16  യാക്കോബ് മറിയയുടെ ഭൎത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
Matt Mal1910 1:17  ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
Matt Mal1910 1:18  എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു കണ്ടു.
Matt Mal1910 1:19  അവളുടെ ഭൎത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.
Matt Mal1910 1:20  ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കൎത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാൎയ്യയായ മറിയയെ ചേൎത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
Matt Mal1910 1:21  അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
Matt Mal1910 1:22  “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നൎത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
Matt Mal1910 1:23  എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
Matt Mal1910 1:24  യോസേഫ് ഉറക്കം ഉണൎന്നു. കൎത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.
Matt Mal1910 1:25  മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.
Chapter 2
Matt Mal1910 2:1  ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേ ഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി:
Matt Mal1910 2:2  യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 2:3  ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
Matt Mal1910 2:4  ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
Matt Mal1910 2:5  അവർ അവനോടു: യെഹൂദ്യയി ബേത്ത്ലേ ഹെമിൽ തന്നേ:
Matt Mal1910 2:6  “യെഹൂദ്യയിലെ ബേത്ത്ലേഹെമേ, യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 2:7  എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
Matt Mal1910 2:8  അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
Matt Mal1910 2:9  രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Matt Mal1910 2:10  നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു;
Matt Mal1910 2:11  ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
Matt Mal1910 2:12  ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Matt Mal1910 2:13  അവർ പോയശേഷം കൎത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാൎക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 2:14  അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
Matt Mal1910 2:15  ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാൎത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കൎത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
Matt Mal1910 2:16  വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേ ഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
Matt Mal1910 2:17  “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
Matt Mal1910 2:18  എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
Matt Mal1910 2:19  എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കൎത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
Matt Mal1910 2:20  ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
Matt Mal1910 2:21  അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
Matt Mal1910 2:22  എന്നാൽ യെഹൂദ്യയിൽ അൎക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
Matt Mal1910 2:23  അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാൎത്തു.
Chapter 3
Matt Mal1910 3:1  ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
Matt Mal1910 3:2  സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
Matt Mal1910 3:3  “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കൎത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.
Matt Mal1910 3:4  യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
Matt Mal1910 3:5  അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോൎദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു
Matt Mal1910 3:6  തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോൎദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
Matt Mal1910 3:7  തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സൎപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
Matt Mal1910 3:8  മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
Matt Mal1910 3:9  അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 3:10  ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
Matt Mal1910 3:11  ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
Matt Mal1910 3:12  വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
Matt Mal1910 3:13  അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോൎദ്ദാൻകരെ അവന്റെ അടുക്കൽ വന്നു.
Matt Mal1910 3:14  യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
Matt Mal1910 3:15  യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവൎത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.
Matt Mal1910 3:16  യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വൎഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
Matt Mal1910 3:17  ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Chapter 4
Matt Mal1910 4:1  അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
Matt Mal1910 4:2  അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
Matt Mal1910 4:3  അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
Matt Mal1910 4:4  അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 4:5  പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
Matt Mal1910 4:6  നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Matt Mal1910 4:7  യേശു അവനോടു: “നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
Matt Mal1910 4:8  പിന്നെ പിശാചു അവനെ ഏറ്റവും ഉയൎന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
Matt Mal1910 4:9  വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
Matt Mal1910 4:10  യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
Matt Mal1910 4:11  അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
Matt Mal1910 4:12  യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
Matt Mal1910 4:13  നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാൎത്തു;
Matt Mal1910 4:14  “സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോൎദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും
Matt Mal1910 4:15  ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”
Matt Mal1910 4:16  എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
Matt Mal1910 4:17  അന്നുമുതൽ യേശു: സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
Matt Mal1910 4:18  അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
Matt Mal1910 4:19  എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.
Matt Mal1910 4:20  ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
Matt Mal1910 4:21  അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
Matt Mal1910 4:22  അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
Matt Mal1910 4:23  പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
Matt Mal1910 4:24  അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
Matt Mal1910 4:25  അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോൎദ്ദാന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടൎന്നു.
Chapter 5
Matt Mal1910 5:1  അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
Matt Mal1910 5:2  അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
Matt Mal1910 5:3  ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
Matt Mal1910 5:4  ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു ആശ്വാസം ലഭിക്കും.
Matt Mal1910 5:5  സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
Matt Mal1910 5:6  നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു തൃപ്തിവരും.
Matt Mal1910 5:7  കരുണയുള്ളവർ ഭാഗ്യവാന്മാർ; അവൎക്കു കരുണ ലഭിക്കും.
Matt Mal1910 5:8  ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
Matt Mal1910 5:9  സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
Matt Mal1910 5:10  നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
Matt Mal1910 5:11  എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
Matt Mal1910 5:12  സ്വൎഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
Matt Mal1910 5:13  നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
Matt Mal1910 5:14  നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
Matt Mal1910 5:15  വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവൎക്കും പ്രകാശിക്കുന്നു.
Matt Mal1910 5:16  അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
Matt Mal1910 5:17  ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവൎത്തിപ്പാനത്രെ ഞാൻ വന്നതു.
Matt Mal1910 5:18  സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Matt Mal1910 5:19  ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വൎഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
Matt Mal1910 5:20  നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 5:21  കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Matt Mal1910 5:22  ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
Matt Mal1910 5:23  ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓൎമ്മവന്നാൽ
Matt Mal1910 5:24  നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
Matt Mal1910 5:25  നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
Matt Mal1910 5:26  ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
Matt Mal1910 5:27  വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Matt Mal1910 5:28  ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
Matt Mal1910 5:29  എന്നാൽ വലങ്കണ്ണു നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
Matt Mal1910 5:30  വലങ്കൈ നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
Matt Mal1910 5:31  ആരെങ്കിലും ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
Matt Mal1910 5:32  ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാൎയ്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
Matt Mal1910 5:33  കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കൎത്താവിന്നു നിവൎത്തിക്കേണം എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Matt Mal1910 5:34  ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വൎഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
Matt Mal1910 5:35  ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
Matt Mal1910 5:36  നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
Matt Mal1910 5:37  നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
Matt Mal1910 5:38  കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Matt Mal1910 5:39  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിൎക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
Matt Mal1910 5:40  നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
Matt Mal1910 5:41  ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിൎബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
Matt Mal1910 5:42  നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
Matt Mal1910 5:43  കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Matt Mal1910 5:44  ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവൎക്കു വേണ്ടി പ്രാൎത്ഥിപ്പിൻ;
Matt Mal1910 5:45  സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
Matt Mal1910 5:46  നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
Matt Mal1910 5:47  സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
Matt Mal1910 5:48  ആകയാൽ നിങ്ങളുടെ സ്വൎഗ്ഗീയപിതാവു സൽഗുണപൂൎണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂൎണ്ണരാകുവിൻ.
Chapter 6
Matt Mal1910 6:1  മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വൎഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.
Matt Mal1910 6:2  ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവൎക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 6:3  നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
Matt Mal1910 6:4  രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
Matt Mal1910 6:5  നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാൎത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവൎക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 6:6  നീയോ പ്രാൎത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാൎത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
Matt Mal1910 6:7  പ്രാൎത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവൎക്കു തോന്നുന്നതു.
Matt Mal1910 6:8  അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
Matt Mal1910 6:9  നിങ്ങൾ ഈവണ്ണം പ്രാൎത്ഥിപ്പിൻ: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
Matt Mal1910 6:10  നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
Matt Mal1910 6:11  ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
Matt Mal1910 6:12  ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
Matt Mal1910 6:13  ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
Matt Mal1910 6:14  നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
Matt Mal1910 6:15  നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
Matt Mal1910 6:16  ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവൎക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 6:17  നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യൎക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.
Matt Mal1910 6:18  രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.
Matt Mal1910 6:19  പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.
Matt Mal1910 6:20  പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വൎഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
Matt Mal1910 6:21  നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
Matt Mal1910 6:22  ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.
Matt Mal1910 6:23  കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു!
Matt Mal1910 6:24  രണ്ടു യജമാനന്മാരെ സേവിപ്പാൻ ആൎക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേൎന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
Matt Mal1910 6:25  അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
Matt Mal1910 6:26  ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലൎത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?
Matt Mal1910 6:27  വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആൎക്കു കഴിയും?
Matt Mal1910 6:28  ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
Matt Mal1910 6:29  എന്നാൽ ശലോമോൻ പോലും തന്റെ സൎവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 6:30  ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
Matt Mal1910 6:31  ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
Matt Mal1910 6:32  ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
Matt Mal1910 6:33  മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
Matt Mal1910 6:34  അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.
Chapter 7
Matt Mal1910 7:1  നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
Matt Mal1910 7:2  നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
Matt Mal1910 7:3  എന്നാൽ സ്വന്തകണ്ണിലെ കോൽ ഓൎക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
Matt Mal1910 7:4  അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ?
Matt Mal1910 7:5  കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
Matt Mal1910 7:6  വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരരുതു.
Matt Mal1910 7:7  യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
Matt Mal1910 7:8  യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
Matt Mal1910 7:9  മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
Matt Mal1910 7:10  മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
Matt Mal1910 7:11  അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവൎക്കു നന്മ എത്ര അധികം കൊടുക്കും!
Matt Mal1910 7:12  മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവൎക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
Matt Mal1910 7:13  ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
Matt Mal1910 7:14  ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
Matt Mal1910 7:15  കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
Matt Mal1910 7:16  അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
Matt Mal1910 7:17  നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
Matt Mal1910 7:18  നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.
Matt Mal1910 7:19  നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
Matt Mal1910 7:20  ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
Matt Mal1910 7:21  എന്നോടു കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വൎഗ്ഗരാജ്യത്തിൽ കടക്കുന്നതു.
Matt Mal1910 7:22  കൎത്താവേ, കൎത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീൎയ്യപ്രവൃത്തികൾ പ്രവൎത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
Matt Mal1910 7:23  അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധൎമ്മം പ്രവൎത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീൎത്തു പറയും.
Matt Mal1910 7:24  ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
Matt Mal1910 7:25  വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
Matt Mal1910 7:26  എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
Matt Mal1910 7:27  വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.
Matt Mal1910 7:28  ഈ വചനങ്ങളെ യേശു പറഞ്ഞു തീൎന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
Matt Mal1910 7:29  അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.
Chapter 8
Matt Mal1910 8:1  അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടൎന്നു.
Matt Mal1910 8:2  അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കൎത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
Matt Mal1910 8:3  അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
Matt Mal1910 8:4  യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവൎക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
Matt Mal1910 8:5  അവൻ കഫൎന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
Matt Mal1910 8:6  കൎത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
Matt Mal1910 8:7  അവൻ അവനോടു: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.
Matt Mal1910 8:8  അതിന്നു ശതാധിപൻ: കൎത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
Matt Mal1910 8:9  ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 8:10  അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 8:11  കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വൎഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.
Matt Mal1910 8:12  രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 8:13  പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.
Matt Mal1910 8:14  യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
Matt Mal1910 8:15  അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവൎക്കു ശുശ്രൂഷ ചെയ്തു.
Matt Mal1910 8:16  വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാൎക്കും സൌഖ്യം വരുത്തി.
Matt Mal1910 8:17  അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
Matt Mal1910 8:18  എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
Matt Mal1910 8:19  അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
Matt Mal1910 8:20  യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
Matt Mal1910 8:21  ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കൎത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
Matt Mal1910 8:22  യേശു അവനോടു: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.
Matt Mal1910 8:23  അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു.
Matt Mal1910 8:24  പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
Matt Mal1910 8:25  അവർ അടുത്തുചെന്നു: കൎത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി.
Matt Mal1910 8:26  അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
Matt Mal1910 8:27  എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Matt Mal1910 8:28  അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആൎക്കും ആ വഴി നടന്നുകൂടാഞ്ഞു.
Matt Mal1910 8:29  അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
Matt Mal1910 8:30  അവൎക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Matt Mal1910 8:31  ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു
Matt Mal1910 8:32  പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
Matt Mal1910 8:33  മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.
Matt Mal1910 8:34  ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
Chapter 9
Matt Mal1910 9:1  അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
Matt Mal1910 9:2  അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈൎയ്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 9:3  എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
Matt Mal1910 9:4  യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു
Matt Mal1910 9:5  എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Matt Mal1910 9:6  എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
Matt Mal1910 9:7  അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
Matt Mal1910 9:8  പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യൎക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
Matt Mal1910 9:9  യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
Matt Mal1910 9:10  അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
Matt Mal1910 9:11  പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
Matt Mal1910 9:12  യേശു അതു കേട്ടാറെ: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
Matt Mal1910 9:13  യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
Matt Mal1910 9:14  യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
Matt Mal1910 9:15  യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാൎക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.
Matt Mal1910 9:16  കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേൎത്തു തുന്നുമാറില്ല; തുന്നിച്ചേൎത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
Matt Mal1910 9:17  പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകൎന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകൎന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
Matt Mal1910 9:18  അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
Matt Mal1910 9:19  യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
Matt Mal1910 9:20  അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
Matt Mal1910 9:21  അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
Matt Mal1910 9:22  യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈൎയ്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു.
Matt Mal1910 9:23  പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
Matt Mal1910 9:24  മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
Matt Mal1910 9:25  അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
Matt Mal1910 9:26  ഈ വൎത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Matt Mal1910 9:27  യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടൎന്നു.
Matt Mal1910 9:28  അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കൎത്താവേ എന്നു അവർ പറഞ്ഞു.
Matt Mal1910 9:29  അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
Matt Mal1910 9:30  പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമൎച്ചയായി കല്പിച്ചു.
Matt Mal1910 9:31  അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
Matt Mal1910 9:32  അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Matt Mal1910 9:33  അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
Matt Mal1910 9:34  പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 9:35  യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
Matt Mal1910 9:36  അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
Matt Mal1910 9:37  കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
Matt Mal1910 9:38  ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.
Chapter 10
Matt Mal1910 10:1  അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവൎക്കു അധികാരം കൊടുത്തു.
Matt Mal1910 10:2  പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
Matt Mal1910 10:3  അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,
Matt Mal1910 10:4  തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കൎയ്യോത്താ യൂദാ.
Matt Mal1910 10:5  ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും
Matt Mal1910 10:6  യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
Matt Mal1910 10:7  നിങ്ങൾ പോകുമ്പോൾ: സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
Matt Mal1910 10:8  രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിൎപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
Matt Mal1910 10:9  മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
Matt Mal1910 10:10  വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
Matt Mal1910 10:11  ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാൎപ്പിൻ.
Matt Mal1910 10:12  ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.
Matt Mal1910 10:13  വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
Matt Mal1910 10:14  ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
Matt Mal1910 10:15  ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോൎയ്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 10:16  ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
Matt Mal1910 10:17  മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
Matt Mal1910 10:18  എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവൎക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
Matt Mal1910 10:19  എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും.
Matt Mal1910 10:20  പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
Matt Mal1910 10:21  സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാൎക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
Matt Mal1910 10:22  എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
Matt Mal1910 10:23  എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 10:24  ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;
Matt Mal1910 10:25  ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
Matt Mal1910 10:26  അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
Matt Mal1910 10:27  ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.
Matt Mal1910 10:28  ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
Matt Mal1910 10:29  കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
Matt Mal1910 10:30  എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
Matt Mal1910 10:31  ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
Matt Mal1910 10:32  മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
Matt Mal1910 10:33  മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
Matt Mal1910 10:34  ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
Matt Mal1910 10:35  മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
Matt Mal1910 10:36  മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
Matt Mal1910 10:37  എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
Matt Mal1910 10:38  തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
Matt Mal1910 10:39  തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
Matt Mal1910 10:40  നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
Matt Mal1910 10:41  പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
Matt Mal1910 10:42  ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Chapter 11
Matt Mal1910 11:1  യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീൎന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
Matt Mal1910 11:2  യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു:
Matt Mal1910 11:3  വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.
Matt Mal1910 11:4  യേശു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിൎക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
Matt Mal1910 11:5  എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
Matt Mal1910 11:6  എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
Matt Mal1910 11:7  അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
Matt Mal1910 11:8  അല്ല, എന്തുകാണ്മാൻ പോയി? മാൎദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാൎദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
Matt Mal1910 11:9  അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 11:10  “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ.
Matt Mal1910 11:11  സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 11:12  യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വൎഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.
Matt Mal1910 11:13  സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
Matt Mal1910 11:14  നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ.
Matt Mal1910 11:15  കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
Matt Mal1910 11:16  എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു:
Matt Mal1910 11:17  ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
Matt Mal1910 11:18  യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു.
Matt Mal1910 11:19  മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.
Matt Mal1910 11:20  പിന്നെ അവൻ തന്റെ വീൎയ്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:
Matt Mal1910 11:21  കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീൎയ്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
Matt Mal1910 11:22  എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 11:23  നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീൎയ്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു.
Matt Mal1910 11:24  എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 11:25  ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തൂന്നു.
Matt Mal1910 11:26  അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.
Matt Mal1910 11:27  എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
Matt Mal1910 11:28  അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
Matt Mal1910 11:29  ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
Matt Mal1910 11:30  എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.
Chapter 12
Matt Mal1910 12:1  ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി
Matt Mal1910 12:2  പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
Matt Mal1910 12:3  അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവൎക്കും
Matt Mal1910 12:4  വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാൎക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവൎക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?
Matt Mal1910 12:5  അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
Matt Mal1910 12:6  എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 12:7  യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
Matt Mal1910 12:8  മനുഷ്യപുത്രനോ ശബ്ബത്തിന്നു കൎത്താവാകുന്നു.
Matt Mal1910 12:9  അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.
Matt Mal1910 12:10  അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.
Matt Mal1910 12:11  അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
Matt Mal1910 12:12  എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.
Matt Mal1910 12:13  പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.
Matt Mal1910 12:14  പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.
Matt Mal1910 12:15  യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൌഖ്യമാക്കി,
Matt Mal1910 12:16  തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.
Matt Mal1910 12:17  “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.
Matt Mal1910 12:18  അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
Matt Mal1910 12:19  ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
Matt Mal1910 12:20  അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”
Matt Mal1910 12:21  എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു.
Matt Mal1910 12:22  അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.
Matt Mal1910 12:23  പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.
Matt Mal1910 12:24  അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
Matt Mal1910 12:25  അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
Matt Mal1910 12:26  ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
Matt Mal1910 12:27  ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും.
Matt Mal1910 12:28  ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
Matt Mal1910 12:29  ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവൎന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവൎച്ച ചെയ്യാം.
Matt Mal1910 12:30  എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേൎക്കാത്തവൻ ചിതറിക്കുന്നു.
Matt Mal1910 12:31  അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
Matt Mal1910 12:32  ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
Matt Mal1910 12:33  ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.
Matt Mal1910 12:34  സൎപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു.
Matt Mal1910 12:35  നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുൎന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.
Matt Mal1910 12:36  എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 12:37  നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
Matt Mal1910 12:38  അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:
Matt Mal1910 12:39  ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
Matt Mal1910 12:40  യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
Matt Mal1910 12:41  നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
Matt Mal1910 12:42  തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിൎത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
Matt Mal1910 12:43  അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
Matt Mal1910 12:44  ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.
Matt Mal1910 12:45  പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാൎക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.
Matt Mal1910 12:46  അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
Matt Mal1910 12:47  ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 12:48  അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു
Matt Mal1910 12:49  ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
Matt Mal1910 12:50  സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
Chapter 13
Matt Mal1910 13:1  അന്നു യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
Matt Mal1910 13:2  വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ടു അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ നിന്നു.
Matt Mal1910 13:3  അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
Matt Mal1910 13:4  വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു.
Matt Mal1910 13:5  ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
Matt Mal1910 13:6  സൂൎയ്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങിപ്പോയി.
Matt Mal1910 13:7  മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളൎന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
Matt Mal1910 13:8  മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
Matt Mal1910 13:9  ചെവിയുള്ളവൻ കേൾക്കട്ടെ.
Matt Mal1910 13:10  പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
Matt Mal1910 13:11  അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവൎക്കോ ലഭിച്ചിട്ടില്ല.
Matt Mal1910 13:12  ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
Matt Mal1910 13:13  അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.
Matt Mal1910 13:14  “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദൎശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ”
Matt Mal1910 13:15  എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു.
Matt Mal1910 13:16  എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.
Matt Mal1910 13:17  ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണ്മാൻ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 13:18  എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
Matt Mal1910 13:19  ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
Matt Mal1910 13:20  പാറസ്ഥലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനത്തെ കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ.
Matt Mal1910 13:21  വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
Matt Mal1910 13:22  മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
Matt Mal1910 13:23  നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.
Matt Mal1910 13:24  അവൻ മറ്റൊരു ഉപമ അവൎക്കു പറഞ്ഞുകൊടുത്തു: സ്വൎഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
Matt Mal1910 13:25  മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.
Matt Mal1910 13:26  ഞാറു വളൎന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു.
Matt Mal1910 13:27  അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
Matt Mal1910 13:28  ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
Matt Mal1910 13:29  അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.
Matt Mal1910 13:30  രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.
Matt Mal1910 13:31  മറ്റൊരു ഉപമ അവൻ അവൎക്കു പറഞ്ഞുകൊടുത്തു: സ്വൎഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
Matt Mal1910 13:32  അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളൎന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
Matt Mal1910 13:33  അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വൎഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.
Matt Mal1910 13:34  ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല
Matt Mal1910 13:35  “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.
Matt Mal1910 13:36  അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
Matt Mal1910 13:37  നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;
Matt Mal1910 13:38  വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;
Matt Mal1910 13:39  കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.
Matt Mal1910 13:40  കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
Matt Mal1910 13:41  മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടൎച്ചകളെയും അധൎമ്മം പ്രവൎത്തിക്കുന്നവരെയും കൂട്ടിച്ചേൎത്തു
Matt Mal1910 13:42  തീച്ചൂളയിൽ ഇട്ടുകളകയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
Matt Mal1910 13:43  അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
Matt Mal1910 13:44  സ്വൎഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
Matt Mal1910 13:45  പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
Matt Mal1910 13:46  അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
Matt Mal1910 13:47  പിന്നെയും സ്വൎഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
Matt Mal1910 13:48  നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
Matt Mal1910 13:49  അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും;
Matt Mal1910 13:50  അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
Matt Mal1910 13:51  ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.
Matt Mal1910 13:52  അവൻ അവരോടു: അതുകൊണ്ടു സ്വൎഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീൎന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
Matt Mal1910 13:53  ഈ ഉപമകളെ പറഞ്ഞു തീൎന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവൎക്കു ഉപദേശിച്ചു.
Matt Mal1910 13:54  അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീൎയ്യപ്രവൃത്തികളും എവിടെ നിന്നു?
Matt Mal1910 13:55  ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
Matt Mal1910 13:56  ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
Matt Mal1910 13:57  യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
Matt Mal1910 13:58  അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീൎയ്യപ്രവൎത്തികളെ ചെയ്തില്ല.
Chapter 14
Matt Mal1910 14:1  ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
Matt Mal1910 14:2  അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
Matt Mal1910 14:3  ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാൎയ്യയായിരിക്കുന്നതു വിഹിതമല്ല എന്നു
Matt Mal1910 14:4  യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
Matt Mal1910 14:5  അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
Matt Mal1910 14:6  എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
Matt Mal1910 14:7  അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
Matt Mal1910 14:8  അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
Matt Mal1910 14:9  രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
Matt Mal1910 14:10  ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
Matt Mal1910 14:11  അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
Matt Mal1910 14:12  അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
Matt Mal1910 14:13  അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിൎജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
Matt Mal1910 14:14  അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.
Matt Mal1910 14:15  വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
Matt Mal1910 14:16  യേശു അവരോടു: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു.
Matt Mal1910 14:17  അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
Matt Mal1910 14:18  അതു ഇങ്ങുകൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
Matt Mal1910 14:19  പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
Matt Mal1910 14:20  എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
Matt Mal1910 14:21  തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
Matt Mal1910 14:22  ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിൎബന്ധിച്ചു.
Matt Mal1910 14:23  അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാൎത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
Matt Mal1910 14:24  പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
Matt Mal1910 14:25  രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
Matt Mal1910 14:26  അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
Matt Mal1910 14:27  ഉടനെ യേശു അവരോടു: ധൈൎയ്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
Matt Mal1910 14:28  അതിന്നു പത്രൊസ്: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
Matt Mal1910 14:29  വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
Matt Mal1910 14:30  എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കൎത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
Matt Mal1910 14:31  യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു.
Matt Mal1910 14:32  അവർ പടകിൽ കയറിയപ്പോൾ കാറ്റു അമൎന്നു.
Matt Mal1910 14:33  പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
Matt Mal1910 14:34  അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
Matt Mal1910 14:35  അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
Matt Mal1910 14:36  അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവൎക്കു ഒക്കെയും സൌഖ്യം വന്നു.
Chapter 15
Matt Mal1910 15:1  അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
Matt Mal1910 15:2  നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
Matt Mal1910 15:3  അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
Matt Mal1910 15:4  അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
Matt Mal1910 15:5  നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
Matt Mal1910 15:6  അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുൎബ്ബലമാക്കിയിരിക്കുന്നു.
Matt Mal1910 15:7  കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
Matt Mal1910 15:8  “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
Matt Mal1910 15:9  മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യൎത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
Matt Mal1910 15:10  പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.
Matt Mal1910 15:11  മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
Matt Mal1910 15:12  അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
Matt Mal1910 15:13  അതിന്നു അവൻ: സ്വൎഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
Matt Mal1910 15:14  അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 15:15  പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
Matt Mal1910 15:16  അതിന്നു അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
Matt Mal1910 15:17  വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
Matt Mal1910 15:18  വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
Matt Mal1910 15:19  എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
Matt Mal1910 15:20  മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
Matt Mal1910 15:21  യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
Matt Mal1910 15:22  ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കൎത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
Matt Mal1910 15:23  അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
Matt Mal1910 15:24  അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 15:25  എന്നാൽ അവൾ വന്നു: കൎത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
Matt Mal1910 15:26  അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 15:27  അതിന്നു അവൾ: അതേ, കൎത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
Matt Mal1910 15:28  യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു.
Matt Mal1910 15:29  യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.
Matt Mal1910 15:30  വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി;
Matt Mal1910 15:31  ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചൎയ്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
Matt Mal1910 15:32  എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാൎക്കുന്നു; അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളൎന്നുപോയേക്കും എന്നു പറഞ്ഞു.
Matt Mal1910 15:33  ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.
Matt Mal1910 15:34  നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു.
Matt Mal1910 15:35  അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,
Matt Mal1910 15:36  ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
Matt Mal1910 15:37  എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.
Matt Mal1910 15:38  തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
Matt Mal1910 15:39  പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.
Chapter 16
Matt Mal1910 16:1  അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
Matt Mal1910 16:2  അവരോടു അവൻ ഉത്തരം പറഞ്ഞതു: സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും
Matt Mal1910 16:3  രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?
Matt Mal1910 16:4  ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല; പിന്നെ അവൻ അവരെ വിട്ടു പോയി.
Matt Mal1910 16:5  ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി.
Matt Mal1910 16:6  എന്നാൽ യേശു അവരോടു: നോക്കുവിൻ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ എന്നു പറഞ്ഞു.
Matt Mal1910 16:7  അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
Matt Mal1910 16:8  അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു?
Matt Mal1910 16:9  ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേൎക്കു അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും
Matt Mal1910 16:10  നാലായിരം പേൎക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓൎക്കുന്നില്ലയോ?
Matt Mal1910 16:11  പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?
Matt Mal1910 16:12  അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്നു അവർ ഗ്രഹിച്ചു.
Matt Mal1910 16:13  യേശു ഫിലിപ്പിന്റെ കൈസൎയ്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
Matt Mal1910 16:14  ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.
Matt Mal1910 16:15  നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
Matt Mal1910 16:16  നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 16:17  യേശു അവനോടു: ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വൎഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
Matt Mal1910 16:18  നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
Matt Mal1910 16:19  സ്വൎഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വൎഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വൎഗ്ഗത്തിൽ അഴിഞ്ഞിരിക്കും എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 16:20  പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.
Matt Mal1910 16:21  അന്നു മുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിൎത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
Matt Mal1910 16:22  പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കൎത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.
Matt Mal1910 16:23  അവനോ തിരിഞ്ഞു പത്രൊസിനോടു; സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടൎച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു.
Matt Mal1910 16:24  പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
Matt Mal1910 16:25  ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.
Matt Mal1910 16:26  ഒരു മനുഷ്യൻ സൎവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
Matt Mal1910 16:27  മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.
Matt Mal1910 16:28  മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Chapter 17
Matt Mal1910 17:1  ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയൎന്ന മലയിലേക്കു കൊണ്ടുപോയി,
Matt Mal1910 17:2  അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂൎയ്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീൎന്നു.
Matt Mal1910 17:3  മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
Matt Mal1910 17:4  അപ്പോൾ പത്രൊസ് യേശുവിനോടു: കൎത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
Matt Mal1910 17:5  അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
Matt Mal1910 17:6  ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
Matt Mal1910 17:7  യേശു അടുത്തു ചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
Matt Mal1910 17:8  അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
Matt Mal1910 17:9  അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുംവരെ ഈ ദൎശനം ആരോടും പറയരുതു എന്നു കല്പിച്ചു.
Matt Mal1910 17:10  ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
Matt Mal1910 17:11  അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
Matt Mal1910 17:12  എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 17:13  അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
Matt Mal1910 17:14  അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
Matt Mal1910 17:15  കൎത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
Matt Mal1910 17:16  ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യം വരുത്തുവാൻ അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
Matt Mal1910 17:17  അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 17:18  യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൌഖ്യംവന്നു.
Matt Mal1910 17:19  പിന്നെ ശിഷ്യന്മാർ സ്വകാൎയ്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
Matt Mal1910 17:20  അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
Matt Mal1910 17:21  നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാൎത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 17:22  അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
Matt Mal1910 17:23  അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
Matt Mal1910 17:24  അവർ കഫൎന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
Matt Mal1910 17:25  അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
Matt Mal1910 17:26  യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
Matt Mal1910 17:27  എങ്കിലും നാം അവൎക്കു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുൎദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
Chapter 18
Matt Mal1910 18:1  ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു.
Matt Mal1910 18:2  അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി:
Matt Mal1910 18:3  നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 18:4  ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.
Matt Mal1910 18:5  ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
Matt Mal1910 18:6  എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടൎച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.
Matt Mal1910 18:7  ഇടൎച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടൎച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടൎച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.
Matt Mal1910 18:8  നിന്റെ കയ്യോ കാലോ നിനക്കു ഇടൎച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
Matt Mal1910 18:9  നിന്റെ കണ്ണു നിനക്കു ഇടൎച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
Matt Mal1910 18:10  ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Matt Mal1910 18:11  സ്വൎഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 18:12  നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെററി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെററിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?
Matt Mal1910 18:13  അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 18:14  അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.
Matt Mal1910 18:15  നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.
Matt Mal1910 18:16  കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാൎയ്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.
Matt Mal1910 18:17  അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
Matt Mal1910 18:18  നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 18:19  ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാൎയ്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവൎക്കു ലഭിക്കും;
Matt Mal1910 18:20  രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 18:21  അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കൎത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
Matt Mal1910 18:22  ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 18:23  സ്വൎഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീൎപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
Matt Mal1910 18:24  അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Matt Mal1910 18:25  അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാൎയ്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീൎപ്പാൻ കല്പിച്ചു.
Matt Mal1910 18:26  അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീൎക്കാം എന്നു പറഞ്ഞു.
Matt Mal1910 18:27  അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
Matt Mal1910 18:28  ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീൎക്കുക എന്നു പറഞ്ഞു.
Matt Mal1910 18:29  അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീൎക്കാം എന്നു അവനോടു അപേക്ഷിച്ച.
Matt Mal1910 18:30  എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
Matt Mal1910 18:31  ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
Matt Mal1910 18:32  യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
Matt Mal1910 18:33  എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
Matt Mal1910 18:34  അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീൎക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
Matt Mal1910 18:35  നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂൎവ്വം ക്ഷമിക്കാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.
Chapter 19
Matt Mal1910 19:1  ഈ വചനങ്ങളെ പറഞ്ഞു തീൎന്നിട്ടു യേശു ഗലീല വിട്ടു,
Matt Mal1910 19:2  യോൎദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവെച്ചു അവരെ സൌഖ്യമാക്കി.
Matt Mal1910 19:3  പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.
Matt Mal1910 19:4  അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
Matt Mal1910 19:5  അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
Matt Mal1910 19:6  അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 19:7  അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
Matt Mal1910 19:8  അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.
Matt Mal1910 19:9  ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
Matt Mal1910 19:10  ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
Matt Mal1910 19:11  അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
Matt Mal1910 19:12  അമ്മയുടെ ഗൎഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വൎഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
Matt Mal1910 19:13  അവൻ കൈവെച്ചു പ്രാൎത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
Matt Mal1910 19:14  യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വൎഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.
Matt Mal1910 19:15  അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
Matt Mal1910 19:16  അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു
Matt Mal1910 19:17  അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.
Matt Mal1910 19:18  ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
Matt Mal1910 19:19  അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
Matt Mal1910 19:20  യൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
Matt Mal1910 19:21  യേശു അവനോടു: സൽഗുണപൂൎണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രൎക്കു കൊടുക്ക; എന്നാൽ സ്വൎഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
Matt Mal1910 19:22  യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
Matt Mal1910 19:23  യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വൎഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 19:24  ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 19:25  അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
Matt Mal1910 19:26  യേശു അവരെ നോക്കി: അതു മനുഷ്യൎക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.
Matt Mal1910 19:27  പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
Matt Mal1910 19:28  യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനൎജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
Matt Mal1910 19:29  എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.
Matt Mal1910 19:30  എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.
Chapter 20
Matt Mal1910 20:1  സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലൎച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
Matt Mal1910 20:2  വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
Matt Mal1910 20:3  മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
Matt Mal1910 20:4  നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
Matt Mal1910 20:5  അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
Matt Mal1910 20:6  പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
Matt Mal1910 20:7  ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
Matt Mal1910 20:8  സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവൎക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
Matt Mal1910 20:9  അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
Matt Mal1910 20:10  മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവൎക്കും ഓരോ വെള്ളിക്കാശു കിട്ടി.
Matt Mal1910 20:11  അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
Matt Mal1910 20:12  ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
Matt Mal1910 20:13  അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
Matt Mal1910 20:14  നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
Matt Mal1910 20:15  എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
Matt Mal1910 20:16  ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
Matt Mal1910 20:17  യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
Matt Mal1910 20:18  നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാൎക്കും ശാസ്ത്രിമാൎക്കും ഏല്പിക്കപ്പെടും;
Matt Mal1910 20:19  അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേല്ക്കും.
Matt Mal1910 20:20  അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
Matt Mal1910 20:21  നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
Matt Mal1910 20:22  അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.
Matt Mal1910 20:23  അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.
Matt Mal1910 20:24  ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
Matt Mal1910 20:25  യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കൎത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
Matt Mal1910 20:26  നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
Matt Mal1910 20:27  നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
Matt Mal1910 20:28  മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
Matt Mal1910 20:29  അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
Matt Mal1910 20:30  അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
Matt Mal1910 20:31  മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
Matt Mal1910 20:32  യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
Matt Mal1910 20:33  കൎത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
Matt Mal1910 20:34  യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
Chapter 21
Matt Mal1910 21:1  അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
Matt Mal1910 21:2  നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ.
Matt Mal1910 21:3  നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കൎത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു.
Matt Mal1910 21:4  “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
Matt Mal1910 21:5  എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
Matt Mal1910 21:6  ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
Matt Mal1910 21:7  കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
Matt Mal1910 21:8  പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
Matt Mal1910 21:9  മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആൎത്തുകൊണ്ടിരുന്നു.
Matt Mal1910 21:10  അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
Matt Mal1910 21:11  ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
Matt Mal1910 21:12  യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:
Matt Mal1910 21:13  എന്റെ ആലയം പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീൎക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 21:14  കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി.
Matt Mal1910 21:15  എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആൎക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
Matt Mal1910 21:16  ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Matt Mal1910 21:17  പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാൎത്തു.
Matt Mal1910 21:18  രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു,
Matt Mal1910 21:19  അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.
Matt Mal1910 21:20  ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
Matt Mal1910 21:21  അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 21:22  നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാൎത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 21:23  അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.
Matt Mal1910 21:24  യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.
Matt Mal1910 21:25  യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വൎഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വൎഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;
Matt Mal1910 21:26  മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
Matt Mal1910 21:27  അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
Matt Mal1910 21:28  എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.
Matt Mal1910 21:29  എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി.
Matt Mal1910 21:30  രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.
Matt Mal1910 21:31  ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 21:32  യോഹന്നാൻ നീതിമാൎഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
Matt Mal1910 21:33  മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
Matt Mal1910 21:34  ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.
Matt Mal1910 21:35  കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
Matt Mal1910 21:36  അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു.
Matt Mal1910 21:37  ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു.
Matt Mal1910 21:38  മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,
Matt Mal1910 21:39  അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു.
Matt Mal1910 21:40  ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും?
Matt Mal1910 21:41  അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാൎക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.
Matt Mal1910 21:42  യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീൎന്നിരിക്കുന്നു; ഇതു കൎത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
Matt Mal1910 21:43  അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Matt Mal1910 21:44  ഈ കല്ലിന്മേൽ വീഴുന്നവൻ തകൎന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
Matt Mal1910 21:45  അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു,
Matt Mal1910 21:46  അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
Chapter 22
Matt Mal1910 22:1  യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ:
Matt Mal1910 22:2  സ്വൎഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
Matt Mal1910 22:3  അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവൎക്കോ വരുവാൻ മനസ്സായില്ല.
Matt Mal1910 22:4  പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീൎന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
Matt Mal1910 22:5  അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
Matt Mal1910 22:6  ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
Matt Mal1910 22:7  രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
Matt Mal1910 22:8  പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
Matt Mal1910 22:9  ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു.
Matt Mal1910 22:10  ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
Matt Mal1910 22:11  വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:
Matt Mal1910 22:12  സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി.
Matt Mal1910 22:13  രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
Matt Mal1910 22:14  വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
Matt Mal1910 22:15  അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
Matt Mal1910 22:16  തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു.
Matt Mal1910 22:17  നിനക്കു എന്തു തോന്നുന്നു? കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.
Matt Mal1910 22:18  യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
Matt Mal1910 22:19  കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.
Matt Mal1910 22:20  അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു.
Matt Mal1910 22:21  എന്നാൽ കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
Matt Mal1910 22:22  അവർ കേട്ടു ആശ്ചൎയ്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
Matt Mal1910 22:23  പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു:
Matt Mal1910 22:24  ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാൎയ്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
Matt Mal1910 22:25  എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാൎയ്യയെ സഹോദരന്നു വിട്ടേച്ചു.
Matt Mal1910 22:26  രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.
Matt Mal1910 22:27  എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
Matt Mal1910 22:28  എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആൎക്കു ഭാൎയ്യയാകും? എല്ലാവൎക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
Matt Mal1910 22:29  അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
Matt Mal1910 22:30  പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
Matt Mal1910 22:31  മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?
Matt Mal1910 22:32  ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.
Matt Mal1910 22:33  പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
Matt Mal1910 22:34  സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,
Matt Mal1910 22:35  അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
Matt Mal1910 22:36  ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
Matt Mal1910 22:37  യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.
Matt Mal1910 22:38  ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:
Matt Mal1910 22:39  കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
Matt Mal1910 22:40  ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 22:41  പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു:
Matt Mal1910 22:42  ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
Matt Mal1910 22:43  അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കൎത്താവു എന്നു വിളിക്കുന്നതു എങ്ങനെ?
Matt Mal1910 22:44  “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കൎത്താവു എന്റെ കൎത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.
Matt Mal1910 22:45  ദാവീദ് അവനെ കൎത്താവ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
Matt Mal1910 22:46  അവനോടു ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.
Chapter 23
Matt Mal1910 23:1  അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
Matt Mal1910 23:2  ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
Matt Mal1910 23:3  ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
Matt Mal1910 23:4  അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവൎക്കു മനസ്സില്ല.
Matt Mal1910 23:5  അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
Matt Mal1910 23:6  അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
Matt Mal1910 23:7  അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവൎക്കു പ്രിയമാകുന്നു.
Matt Mal1910 23:8  നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
Matt Mal1910 23:9  ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വൎഗ്ഗസ്ഥൻ തന്നേ.
Matt Mal1910 23:10  നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
Matt Mal1910 23:11  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
Matt Mal1910 23:12  തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.
Matt Mal1910 23:13  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യൎക്കു സ്വൎഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും.]
Matt Mal1910 23:14  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേൎക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
Matt Mal1910 23:15  ചേൎന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
Matt Mal1910 23:16  ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വൎണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
Matt Mal1910 23:17  മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വൎണ്ണമോ സ്വൎണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
Matt Mal1910 23:18  യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
Matt Mal1910 23:19  കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
Matt Mal1910 23:20  ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
Matt Mal1910 23:21  മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
Matt Mal1910 23:22  സ്വൎഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
Matt Mal1910 23:23  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
Matt Mal1910 23:24  കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
Matt Mal1910 23:25  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവൎച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
Matt Mal1910 23:26  കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
Matt Mal1910 23:27  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
Matt Mal1910 23:28  അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യൎക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധൎമ്മവും നിറഞ്ഞവരത്രേ.
Matt Mal1910 23:29  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
Matt Mal1910 23:30  ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
Matt Mal1910 23:31  അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
Matt Mal1910 23:32  പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ.
Matt Mal1910 23:33  പാമ്പുകളേ, സൎപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
Matt Mal1910 23:34  അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
Matt Mal1910 23:35  നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖൎയ്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.
Matt Mal1910 23:36  ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 23:37  യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേൎക്കുംപോലെ നിന്റെ മക്കളെ ചേൎത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
Matt Mal1910 23:38  നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
Matt Mal1910 23:39  കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Chapter 24
Matt Mal1910 24:1  യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.
Matt Mal1910 24:2  അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 24:3  അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
Matt Mal1910 24:4  അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Matt Mal1910 24:5  ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
Matt Mal1910 24:6  നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
Matt Mal1910 24:7  എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
Matt Mal1910 24:8  എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
Matt Mal1910 24:9  അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
Matt Mal1910 24:10  പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
Matt Mal1910 24:11  കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
Matt Mal1910 24:12  അധൎമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
Matt Mal1910 24:13  എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
Matt Mal1910 24:14  രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
Matt Mal1910 24:15  എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
Matt Mal1910 24:16  അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
Matt Mal1910 24:17  വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
Matt Mal1910 24:18  വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
Matt Mal1910 24:19  ആ കാലത്തു ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം!
Matt Mal1910 24:20  എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ.
Matt Mal1910 24:21  ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
Matt Mal1910 24:22  ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.
Matt Mal1910 24:23  അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
Matt Mal1910 24:24  കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
Matt Mal1910 24:25  ഓൎത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
Matt Mal1910 24:26  ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
Matt Mal1910 24:27  മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.
Matt Mal1910 24:28  ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
Matt Mal1910 24:29  ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂൎയ്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.
Matt Mal1910 24:30  അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
Matt Mal1910 24:31  അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേൎക്കും.
Matt Mal1910 24:32  അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിൎക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Matt Mal1910 24:33  അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
Matt Mal1910 24:34  ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 24:35  ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
Matt Mal1910 24:36  ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വൎഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
Matt Mal1910 24:37  നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
Matt Mal1910 24:38  ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
Matt Mal1910 24:39  ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
Matt Mal1910 24:40  അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
Matt Mal1910 24:41  രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
Matt Mal1910 24:42  നിങ്ങളുടെ കൎത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ.
Matt Mal1910 24:43  കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണൎന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
Matt Mal1910 24:44  അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
Matt Mal1910 24:45  എന്നാൽ യജമാനൻ തന്റെ വീട്ടുകാൎക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
Matt Mal1910 24:46  യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
Matt Mal1910 24:47  അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Matt Mal1910 24:48  എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
Matt Mal1910 24:49  കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
Matt Mal1910 24:50  ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു
Matt Mal1910 24:51  അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും
Chapter 25
Matt Mal1910 25:1  സ്വൎഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
Matt Mal1910 25:2  അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
Matt Mal1910 25:3  ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
Matt Mal1910 25:4  ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
Matt Mal1910 25:5  പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
Matt Mal1910 25:6  അൎദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആൎപ്പുവിളി ഉണ്ടായി.
Matt Mal1910 25:7  അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
Matt Mal1910 25:8  എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
Matt Mal1910 25:9  ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 25:10  അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
Matt Mal1910 25:11  അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കൎത്താവേ, കൎത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
Matt Mal1910 25:12  അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 25:13  ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ.
Matt Mal1910 25:14  ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
Matt Mal1910 25:15  ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
Matt Mal1910 25:16  അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
Matt Mal1910 25:17  അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
Matt Mal1910 25:18  ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
Matt Mal1910 25:19  വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീൎത്തു.
Matt Mal1910 25:20  അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 25:21  അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
Matt Mal1910 25:22  രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 25:23  അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
Matt Mal1910 25:24  ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തു നിന്നു ചേൎക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
Matt Mal1910 25:25  ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
Matt Mal1910 25:26  അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേൎക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
Matt Mal1910 25:27  നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
Matt Mal1910 25:28  ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
Matt Mal1910 25:29  അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
Matt Mal1910 25:30  എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
Matt Mal1910 25:31  മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
Matt Mal1910 25:32  സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
Matt Mal1910 25:33  ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
Matt Mal1910 25:34  രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
Matt Mal1910 25:35  എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടു;
Matt Mal1910 25:36  നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
Matt Mal1910 25:37  അതിന്നു നീതിമാന്മാർ അവനോടു: കൎത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
Matt Mal1910 25:38  ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേൎത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?
Matt Mal1910 25:39  നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
Matt Mal1910 25:40  രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
Matt Mal1910 25:41  പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
Matt Mal1910 25:42  എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
Matt Mal1910 25:43  അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
Matt Mal1910 25:44  അതിന്നു അവർ: കൎത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
Matt Mal1910 25:45  ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
Matt Mal1910 25:46  ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.
Chapter 26
Matt Mal1910 26:1  ഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീൎന്നശേഷം യേശു ശിഷ്യന്മാരോടു:
Matt Mal1910 26:2  രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു.
Matt Mal1910 26:3  അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
Matt Mal1910 26:4  യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;
Matt Mal1910 26:5  എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.
Matt Mal1910 26:6  യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ
Matt Mal1910 26:7  ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.
Matt Mal1910 26:8  ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?
Matt Mal1910 26:9  ഇതു വളരെ വിലെക്കു വിറ്റു ദരിദ്രൎക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
Matt Mal1910 26:10  യേശു അതു അറിഞ്ഞു അവരോടു: സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
Matt Mal1910 26:11  ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാൻ നിങ്ങൾക്കു എല്ലായ്പോഴും ഇല്ലതാനും.
Matt Mal1910 26:12  അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു.
Matt Mal1910 26:13  ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 26:14  അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കൎയ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:
Matt Mal1910 26:15  നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
Matt Mal1910 26:16  അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
Matt Mal1910 26:17  പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
Matt Mal1910 26:18  അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
Matt Mal1910 26:19  ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
Matt Mal1910 26:20  സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
Matt Mal1910 26:21  അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 26:22  അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കൎത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.
Matt Mal1910 26:23  അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.
Matt Mal1910 26:24  തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.
Matt Mal1910 26:25  എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
Matt Mal1910 26:26  അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാൎക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
Matt Mal1910 26:27  പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവൎക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
Matt Mal1910 26:28  ഇതു അനേകൎക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;
Matt Mal1910 26:29  എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 26:30  പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
Matt Mal1910 26:31  യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
Matt Mal1910 26:32  എന്നാൽ ഞാൻ ഉയിൎത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.
Matt Mal1910 26:33  അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
Matt Mal1910 26:34  യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 26:35  നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
Matt Mal1910 26:36  അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാൎത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,
Matt Mal1910 26:37  പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
Matt Mal1910 26:38  എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണൎന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
Matt Mal1910 26:39  പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
Matt Mal1910 26:40  പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണൎന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?
Matt Mal1910 26:41  പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു
Matt Mal1910 26:42  രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
Matt Mal1910 26:43  അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
Matt Mal1910 26:44  അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാൎത്ഥിച്ചു.
Matt Mal1910 26:45  പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
Matt Mal1910 26:46  എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 26:47  അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
Matt Mal1910 26:48  അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവൎക്കു ഒരു അടയാളം കൊടുത്തിരുന്നു.
Matt Mal1910 26:49  ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
Matt Mal1910 26:50  യേശു അവനോടു: സ്നേഹിതാ, നീ വന്ന കാൎയ്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.
Matt Mal1910 26:51  അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
Matt Mal1910 26:52  യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
Matt Mal1910 26:53  എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
Matt Mal1910 26:54  എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
Matt Mal1910 26:55  ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
Matt Mal1910 26:56  എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
Matt Mal1910 26:57  യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
Matt Mal1910 26:58  എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
Matt Mal1910 26:59  മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
Matt Mal1910 26:60  കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
Matt Mal1910 26:61  ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
Matt Mal1910 26:62  മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
Matt Mal1910 26:63  യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 26:64  യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സൎവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
Matt Mal1910 26:65  ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;
Matt Mal1910 26:66  നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
Matt Mal1910 26:67  അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:
Matt Mal1910 26:68  ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
Matt Mal1910 26:69  എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
Matt Mal1910 26:70  അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
Matt Mal1910 26:71  പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
Matt Mal1910 26:72  ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
Matt Mal1910 26:73  അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
Matt Mal1910 26:74  അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
Matt Mal1910 26:75  എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.
Chapter 27
Matt Mal1910 27:1  പുലൎച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു,
Matt Mal1910 27:2  അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
Matt Mal1910 27:3  അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:
Matt Mal1910 27:4  ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
Matt Mal1910 27:5  അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
Matt Mal1910 27:6  മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
Matt Mal1910 27:7  പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.
Matt Mal1910 27:8  ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
Matt Mal1910 27:9  “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,
Matt Mal1910 27:10  കൎത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.
Matt Mal1910 27:11  എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു
Matt Mal1910 27:12  മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
Matt Mal1910 27:13  പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
Matt Mal1910 27:14  അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു.
Matt Mal1910 27:15  എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
Matt Mal1910 27:16  അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.
Matt Mal1910 27:17  അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.
Matt Mal1910 27:18  അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.
Matt Mal1910 27:19  അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാൎയ്യ ആളയച്ചു: ആ നീതിമാന്റെ കാൎയ്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
Matt Mal1910 27:20  എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
Matt Mal1910 27:21  നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
Matt Mal1910 27:22  പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
Matt Mal1910 27:23  അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
Matt Mal1910 27:24  ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
Matt Mal1910 27:25  അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
Matt Mal1910 27:26  അങ്ങനെ അവൻ ബറബ്ബാസിനെ അവൎക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.
Matt Mal1910 27:27  അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,
Matt Mal1910 27:28  അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു,
Matt Mal1910 27:29  മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
Matt Mal1910 27:30  പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
Matt Mal1910 27:31  അവനെ പരിഹസിച്ചുതീൎന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.
Matt Mal1910 27:32  അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിൎബന്ധിച്ചു.
Matt Mal1910 27:33  തലയോടിടം എന്നൎത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;
Matt Mal1910 27:34  അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
Matt Mal1910 27:35  അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
Matt Mal1910 27:36  അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
Matt Mal1910 27:37  യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
Matt Mal1910 27:38  വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
Matt Mal1910 27:39  കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:
Matt Mal1910 27:40  മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
Matt Mal1910 27:41  അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:
Matt Mal1910 27:42  ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.
Matt Mal1910 27:43  അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
Matt Mal1910 27:44  അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
Matt Mal1910 27:45  ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
Matt Mal1910 27:46  ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നൎത്ഥം.
Matt Mal1910 27:47  അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 27:48  ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.
Matt Mal1910 27:49  ശേഷമുള്ളവർ: നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.
Matt Mal1910 27:50  യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
Matt Mal1910 27:51  അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി;
Matt Mal1910 27:52  ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിൎത്തെഴുന്നേറ്റു
Matt Mal1910 27:53  അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലൎക്കും പ്രത്യക്ഷമായി.
Matt Mal1910 27:54  ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
Matt Mal1910 27:55  ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
Matt Mal1910 27:56  അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
Matt Mal1910 27:57  സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,
Matt Mal1910 27:58  പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
Matt Mal1910 27:59  യോസേഫ് ശരീരം എടുത്തു നിൎമ്മലശീലയിൽ പൊതിഞ്ഞു,
Matt Mal1910 27:60  താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
Matt Mal1910 27:61  കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.
Matt Mal1910 27:62  ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി:
Matt Mal1910 27:63  യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിൎത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓൎമ്മ വന്നു.
Matt Mal1910 27:64  അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.
Matt Mal1910 27:65  പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
Matt Mal1910 27:66  അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
Chapter 28
Matt Mal1910 28:1  ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
Matt Mal1910 28:2  പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
Matt Mal1910 28:3  അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.
Matt Mal1910 28:4  കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
Matt Mal1910 28:5  ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
Matt Mal1910 28:6  അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിൎത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
Matt Mal1910 28:7  അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
Matt Mal1910 28:8  അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
Matt Mal1910 28:9  നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
Matt Mal1910 28:10  യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
Matt Mal1910 28:11  അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
Matt Mal1910 28:12  അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;
Matt Mal1910 28:13  അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.
Matt Mal1910 28:14  വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിൎഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.
Matt Mal1910 28:15  അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
Matt Mal1910 28:16  എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.
Matt Mal1910 28:17  അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
Matt Mal1910 28:18  യേശു അടുത്തുചെന്നു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
Matt Mal1910 28:19  ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
Matt Mal1910 28:20  ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.